ഞാനിവിടെയുണ്ട്… നിലവിളിയോളം മുറിഞ്ഞുപോയ ശബ്ദങ്ങള്‍ ഒന്നാകെ അയാളുടെ ശിരസ്സിലേക്ക് ഓടിക്കയറി. വേനലിന്റെ തീനാളങ്ങള്‍ കരിയിച്ചു കളഞ്ഞ സ്വപ്നത്തിന്റെ ഒരു പങ്കുമായി നൗഷാദ് വേദനയോടെ കാത്തിരിപ്പ് തുടര്‍ന്നു.
സൈക്ക്യാട്രി വിഭാഗത്തിന്റെ നീളന്‍ വരാന്തയിലെ കാത്തിരിപ്പ് അയാളെ വീണ്ടും പരിഭ്രാന്തിയിലേക്ക് തള്ളിയിട്ടുകൊണ്ടിരുന്നു..
പല ഭാഷയിലുള്ള സംസാരങ്ങള്‍ അയാളെ കടന്നുപോയ്‌ക്കൊണ്ടിരുന്നു ..
തന്റെ പേരിനായുള്ള ഊഴംകാത്തയാള്‍ തലമുടിയിലൂടെ വിരല്‍ കടത്തി മുഖംകുനിച്ചിരുന്നു വിയര്‍ത്തു.
“നൗഷാദ്” നേഴ്സിന്റെ വിളിമുഴങ്ങിയതും അയാള്‍ ഒരു കാറ്റുപോലെ അങ്ങോട്ടേക്ക് വേച്ചു വേച്ചു നടന്നു..
ഡോക്ടറുടെ മുന്നില്‍ ഇരുന്ന് അയാള്‍ ആവേശത്തോടെ പറഞ്ഞു
“ഡോക്ടര്‍…. എന്നെ രക്ഷിക്കണം….”
ഡോക്ടര്‍ അയാളെ സൂക്ഷിച്ചുനോക്കി.
”കേട്ടോ…. ഈ ശബ്ദം?”
”എന്ത് ശബ്ദമാണ് നൗഷാദ് കേള്‍ക്കുന്നത്..?”
”അവന്‍…. അവന്‍ പറയുന്നു…. ഞാനിവിടെയുണ്ടെന്നു അവന്‍ പറയുന്നു.”ഭയന്നും, പരിഭ്രമിച്ചും, പിന്നെ നിലവിളിച്ചും, വേദനിച്ചും, അലമുറയിട്ടും… പിന്നെ , പിന്നെ…. ശക്തി ക്ഷയിച്ചും അവന്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു…
പെട്ടന്നയാള്‍ ഡോക്ടറുടെ കൈകള്‍ കവര്‍ന്നെടുത്തു നെഞ്ചില്‍ വെച്ചു.. ദയനീയമായി പറഞ്ഞു
“സാര്‍………….എന്നെ രക്ഷിക്കണം..
അവന്‍…അവനവിടെയുണ്ട്..”
“ആരാണ് നൗഷാദ്?”
”സലിം ! സാറിനറിയോ, അവന്‍ നാട്ടില്‍നിന്നും വന്നിട്ട് രണ്ടു മാസം പോലും ആയിട്ടില്ല.
ദുബായിലെ ഒരു കൺസ്ട്രക്ഷന്‍ കമ്പനിയിലേക്ക് നാട്ടില്‍ നിന്നും ഏജന്‍സി മുഖാന്തിരം എത്തിയതാണ്…
”എന്നിട്ട് സലിം ഇപ്പോളെവിടെ?”
തീരാക്കടം പേറുന്ന ദാരിദ്ര്യത്തില്‍ നിന്നും കരകേറാന്‍ കൊടും ചൂടിന്‍റെ വേവിലേക്ക് നെഞ്ചുറപ്പോടെ കേറിവന്നപ്പോള്‍ അവന്‍ കണ്ട സ്വപ്നം അടുപ്പില്‍ വേവുന്ന അരിയുടെ സമൃദ്ധിയും, ബാങ്കുകാർ സൂക്ഷിച്ച വീടിന്റെ ആധാരവും മാത്രമായിരുന്നു…
എന്നിട്ടും…. എന്നിട്ടും ഈ സ്വപ്നഭൂമി കുറച്ചു ദിവസത്തിനുള്ളില്‍ അവനെ വിഴുങ്ങിക്കളഞ്ഞു…
“നൗഷാദ് തെളിച്ചുപറയൂ… സലീമിനു എന്താണ്പറ്റിയത്?”
സാര്‍………. ദിവസങ്ങൾക്കു മുൻപ് വര്‍ക്ക് സൈറ്റില്‍ ഉണ്ടായ അപകടം… അവനാ തകര്‍ന്ന കെട്ടിടത്തിനടിയില്‍ എവിടെയോ ഉണ്ട്…
ഇന്നലെ വരെ ഞാനിവിടെയുണ്ടെന്നു നിലവിളിച്ചും, വേദനിച്ചും, അലമുറയിട്ടും, പിന്നെ , പിന്നെ…. ശക്തിക്ഷയിച്ചും അവന്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു…
ഒരലമുറയോടെ തലയില്‍ കൈതാങ്ങി നൗഷാദ് തറയിലിരുന്നു.. ശക്തിയായി തേങ്ങികൊണ്ടിരുന്നു… തേങ്ങലിനിടക്ക് നൗഷാദ് പുലമ്പികൊണ്ടിരുന്നു.
“അവനു മാറ്റാരുടെയും ഫോണ്‍ നമ്പര്‍ അറിഞ്ഞൂടാ സാര്‍.”
മൊബൈലിന്റെ ബാറ്ററി തീരുംവരെ ആയിരിക്കാം അവന്‍ നിലവിളിച്ചുകൊണ്ട് ഞാനവിടെയുണ്ട്, ഞാനിവിടെയുണ്ട് എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
”ഇന്നലെ, ഇന്നലെ…. ” നൗഷാദ് വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. വാക്കുകള്‍ പെറുക്കിക്കൂട്ടാന്‍ അയാള്‍ വല്ലാതെ ബുദ്ധിമുട്ടുന്ന പോലെ.. അയാള്‍ കൂട്ടിച്ചേര്‍ത്തു: “ഇന്നലെ വരെ അവന്‍ എന്നെ വിളിച്ചിരുന്നു.ഇന്നത്തെ പുതിയവാര്‍ത്ത കെട്ടിടതൊഴിലാളികള്‍ക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു എന്നാണ്…
എനിക്കറിയാം അവനതിനുള്ളില്‍ ജീവനോടെയുണ്ട്…”
നൗഷാദിന്റെ മുഖം വലിഞ്ഞുമുറുകി.. അയാള്‍ ശ്വാസത്തിനായി വല്ലാതെ ബുദ്ധിമുട്ടുന്നപോലെ ചുരുങ്ങിവന്നു..പിന്നെ ,തലയില്‍ കൈചുരുട്ടിയിടിച്ചുകൊണ്ട് പുലമ്പി…
“എനിക്കറിയാം രണ്ടുദിവസം കഴിഞ്ഞാല്‍ ബുള്‍ഡോസര്‍ കൊണ്ടുവന്നു അവിടം ഇടിച്ചുനിരപ്പാക്കും..
ജീവനോടെയും, അല്ലാതെയും, സ്വപ്നങ്ങൾ അവസാനിപ്പിച്ചവര്‍ അതിനടിയില്‍ മാഞ്ഞുപോകും… എനിക്ക് ആ വിളി മറക്കണം സാര്‍…”
ഞാനിവിടെയുണ്ടെന്നു വീണ്ടും വീണ്ടും ഒരായിരം നിലവിളികള്‍ കൂട്ടത്തോടെ കേറിവരുന്നു…
എനിക്ക് മറക്കണം.. ആ നിലവിളിയൊച്ച മറക്കണം. ഒടുവിലായി എന്നെ വിളിച്ചു കരഞ്ഞ ആ മുഖം മറക്കണം..”
നൗഷാദ് ഡോക്ടറുടെ മുറിയിലെ വെറും തറയില്‍ മുഖം പൂഴ്ത്തിവച്ചു കിടന്നു….