ജനകീയ എഴുത്തുകാരി മഹാശ്വേതാദേവി(90) വിടവാങ്ങി. ആദരാഞ്ജലികൾ
കൊൽക്കത്ത:- പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു അവർ. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1926 ൽ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്. ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്കൂൾ വിദ്യാഭ്യാസം. വിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവർ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ ഇംഗ്ലിഷ് ബിരുദത്തിനു ചേർന്നു. പിന്നെ കൽക്കട്ട സർവകലാശാലയിൽനിന്ന് എം.എ. പൂർത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ൽ വിവാഹമോചനം നേടി. മകൻ നബാരുൺ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.
1964 ൽ ബിജോയ്ഗർ കോളജിൽ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവർത്തനവും ഒപ്പം കൊണ്ടുപോയി. ബംഗാളിലെ ആദിവാസികളും ദലിതരും സ്ത്രീകളും നേരിട്ടുകൊണ്ടിരുന്ന ക്രൂരമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും അവർ തന്റെ രചനകൾക്കു പ്രമേയമാക്കി.
എഴുത്തിനൊപ്പം സാമൂഹിക പ്രവർത്തനവും തുടർന്ന മഹാശ്വേതാ ദേവി ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മേഖലകളിലെ ആദിവാസികളുടെ ക്ഷേമത്തിനായി പോരാടി. ഇടതുപക്ഷ അനുഭാവിയായിരുന്ന അവർ, പക്ഷെ ബംഗാളിലെ ഇടതുസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. കാർഷിക സമരങ്ങൾക്കു നേതൃത്വം നൽകി. സിംഗൂരിലും നന്ദിഗ്രാമിലും കർഷകർക്കൊപ്പം അവർ സമരം ചെയ്തു.
ദ്രൗപദി
വനത്തിൽ ഉറക്കെ ശബ്ദിച്ചു സന്ദേശമറിയിക്കുന്ന അത്രയും സ്വരത്തിൽ അവൾ സേനാനായകനോട് ചോദിച്ചു:
“വസ്ത്രമെന്തിനാണ്? വസ്ത്രമോ? തുണി അഴിച്ചു നഗ്നയാക്കാനല്ലേ നിനക്ക് കഴിയൂ? തുണി ഉടുപ്പിക്കാനറിയോ? എങ്ങിനെ ഉടുപ്പിക്കും? ആണല്ലേ നീ?”
രക്തം കലർന്ന തുപ്പൽ നാലു വശത്തേക്കും തുപ്പി. സേനാനായകന്റെ ഷർട്ടിലും വേണ്ടത്ര തുപ്പിയ ശേഷം പറഞ്ഞു:
“ഇവിടെ പുരുഷന്മാർ ആരെങ്കിലുമുണ്ടോ? ഞാനെന്തിന് നാണിക്കണം? എന്നെ തുണി ഉടുക്കാൻ അനുവദിക്കാത്തവരാണെല്ലാം. എന്ത് ചെയ്യും? നീയും എന്ത് ചെയ്യും? ന്നാ, വന്നോ, കൗണ്ടർ ചെയ്തോ…ന്നാ…കൗണ്ടർ ചെയ്യ്…!”
ദ്രൗപദി തന്റെ രണ്ട് സ്തനങ്ങൾ കൊണ്ട് സേനാനായകനെ തള്ളികൊണ്ടിരുന്നു. ഒരസ്ത്രവുമില്ലാത്ത ടാർഗെറ്റിനു മുന്നിൽ അന്ന് ആദ്യമായി സേനാനായകൻ ഭയപ്പെട്ടു. ഭയങ്കരമായി പേടിച്ചു.
– “ദ്രൗപദി” ; മഹാശ്വേതാദേവി,
പരിഭാഷ: ലീലാ സർക്കാർ