കുപ്പയിലെ മാണിക്യങ്ങൾ

indian-lady2

ദേവഗന്ധി കാലത്തെ ജോലിയൊതുക്കി ഉമ്മറത്തിരിക്കുമ്പോഴാണവൾ കേറിവന്നത്. വന്നപാടെ അവൾ എന്നോട് ചോദിച്ചു ”അമ്മാ കൊളന്ത ഉണ്ടാവാന് എന്ത് ശെയ്യണം? ഞാനൊന്ന് ഞെട്ടി ചുറ്റിലും നോക്കി…………………. ഈശ്വരാ ഇവൾക്ക് കൂടുതൽ മലയാളവും, എനിക്ക് കൂടുതൽ തമിഴും അറിഞ്ഞുകൂടാ.. ചിരി വന്നെങ്കിലും അതടക്കി ഞാൻ ചോദിച്ചു…

”നീ എന്ത ഊരമ്മാ?”

 ”കുംഭ കോണം, അമ്മാ. പുരുസൻ സ്വർണ്ണം അരിക്കുന്ന വേലയ്ക്കു പോറാങ്കെ….. എപ്പ പാത്താലും ശണ്ട താൻ . കല്ല്യാണം മുടിഞ്ഞു മൂന്നു വരഷം ആച്ച്.. ഇനീം കൊഴന്ത ആവല .. നീങ്ക വെളിയൂരെല്ലാം പഠിച്ച ആൾ താനേ… കൊഞ്ചം സൊല്ലി താങ്കോ”

ഇത് പുലിവാലായല്ലോ ഈശ്വരാ…. കൊളന്ത ഉണ്ടാവുന്നതിന് എന്ത് ചൊല്ലി കൊടുക്കാനാ ഇവളീ പറയുന്നത് ? നിന്റെ പേരെന്താ ?

”ദേവ ഗന്ധി ”

നല്ലപേര് — എനിക്കവളോട്, അവളുടെ ബാലിശ്യത്തോടൊക്കെ ഇത്തിരി ഇഷ്ടം തോന്നി.. കറുത്തതെങ്കിലും, മുഖത്തു നിറഞ്ഞു കവിഞ്ഞ മഞ്ഞൾച്ഛവിയും, വലിയ സിന്ദൂര പൊട്ടും, ചുരുണ്ട മുടിയും കണ്ടപ്പോൾ എനിക്കവളെ വല്ലാതെ ഇഷ്ടപ്പെട്ടു.

“ആമാ ദേവഗന്ധി… നീയും, നിന്റെ പുരുഷനും ചേർന്ന് പട്ടണത്തിൽ പോയി നല്ലൊരു ഡോക്ടറെ കാണൂ… കുട്ടികൾ ഉണ്ടാവുന്ന ചികിത്സകൾ അവര് സൊല്ലിത്തരും.”

”അമ്മാ ,അതെനക്ക് തെരിയും. എന്ത ഡോക്ടറെ പാക്കണം ? അവുങ്കപേരെന്നാ ? എന്തയിടം ? ഇതൊക്കെ സൊല്ലി താങ്കോ………” ഹാവൂ അപ്പോൾ അതാണ് പ്രശ്നം….

ഞാനവൾക്ക് തൃച്ചൂരിൽ ഉള്ളൊരു ഹോസ്പിറ്റലും, ഒരു ഡോക്ടറുടെ പേരും എഴുതി കൊടുത്തു പറഞ്ഞുവിട്ടു.. ഞങ്ങളുടെ പരിസരത്ത് ഏറെ നടക്കുന്ന ഒരു ജോലിയാണ് ഈ സ്വർണ്ണം അരിക്കൽ.. തമിഴ് നാട്ടിൽ നിന്നും കുറെ കുടുംബങ്ങള് കൂട്ടത്തോടെ വന്ന് ഏതെങ്കിലും ഒരു വീടെടുത്ത് താമസിക്കും.. പകൽ ഇവർ കൊണ്ടുവന്നു ശേഖരിച്ച മണ്ണ് സ്ത്രീകളും, പുരുഷന്മാരും ചേർന്ന് അരിച്ച് അതിൽ നിന്നും സ്വർണ്ണം ചോർത്തിയെടുക്കുന്നു.. രാത്രിയിൽ ആകെ ബഹളം കൊണ്ട് രാത്രിയെ പകലാക്കുന്ന ഈ തൊഴിലാളി കുടുംബങ്ങൾ അയൽവാസികൾക്ക് ശല്യമാകാൻ തുടങ്ങി. പണിമാറ്റി വന്നവരിൽ ചിലരൊക്കെ കള്ളുകുടിച്ചു വഴക്കിട്ടു, പുരുഷന്മാർ തൊഴിലിൽ തർക്കങ്ങൾ പറഞ്ഞു കശപിശയുണ്ടാക്കി.. പെണ്ണുങ്ങൾ ചീവീട് കരയുംപോലെ ഗോദയിൽ ഇറങ്ങി.

”അടീയെ………. പൊല്ലതവളെ…… സോബെരി….. കെട്ടപയലെ…… ” എന്നീ ശകാരവാക്കുകളും, ശാപവചനങ്ങളും കൊണ്ട് പരസ്പരം പോരടിച്ചു.. ചിലർ കുടിച്ചു വന്ന കള്ളിനെ വലിയൊരു ഓക്കാനത്തോടെ തെങ്ങിൻ ചോട്ടിലേക്ക് കമഴ്ത്തി.  ഈ ഒാക്കാനത്തിനു ചുറ്റും, കോണകമുടുത്ത കറുകറുത്ത കുഞ്ഞുങ്ങൾ കാവൽ നിന്നു, ഓരോ ഒക്കാനത്തിനുമൊപ്പം അവർ ആർത്തു ചിരിച്ചു…. ഒടുവിൽ തളർന്ന ഒാക്കാനവീരനെ പൊണ്ടാട്ടി താങ്ങി പിടിച്ചു ആനയിച്ചു അകത്തെത്തിക്കുന്നതോടെ രാത്രി കലാപരിപാടികൾ ഒരുവിധം ഉപചാരം ചൊല്ലുകയായി ….. ഇനി നാടും നിശബ്ദം. പിറ്റേ ദിവസം രാവിലെ തുറന്ന പിക്കപ്പിൽ എല്ലാരും ചേർന്ന് ആഘോഷമായി പോകുന്നത് കാണാം.. കലപിലകളും, മുറുക്കി ചോപ്പിച്ച ചുണ്ടും, വലിയ സിന്ദൂര പൊട്ടും, തിളങ്ങുന്ന മൂക്കുത്തിയുമുള്ള തമിൾ പെണ്മണികൾ…. ഇതൊക്കെ ആണെങ്കിലും ദേവഗന്ധി ഇടയ്ക്കിടെ ഓരോ സംശയവുമായി എന്നെ കാണാൻ എന്റെ വലിയ ഗേറ്റ് കടന്നു വന്നു. ”അമ്മാ…. നേത്തെക്ക് മൊതലേ ഒടമ്പ് വലി താങ്ങ മുടിയല അമ്മാ….. എന്നാ മാത്ര വാങ്ങി സാപ്പിടണം ?”  അവളുടെ വിചാരം ഞാനൊരു ഡോക്ടർ ആണെന്നാണ് ..ചിലപ്പോൾ പെനഡോൾ, ബ്രൂഫൻ മുതലായ ഗുളികകൾ ഞാനവൾക്ക് സമ്മാനിച്ചു. ഒരു ദിവസം അവൾ വളരെ സ്വകാര്യമായി അരയിൽ നിന്നൊരു പൊതിയെടുത്ത് എനിക്ക് തന്നു എന്നിട്ടിപ്രകാരം പറഞ്ഞു..

“പാരമ്മാ………. ഇന്ത മാത്ര അന്തയാൾ ദിനോം സാപ്പിടത്.. എന്നമ്മാ ഇത് ? അത് താനാ എങ്കൾക്ക് കൊളന്തയുണ്ടാവാത്തത്? ”  ഇത്തവണയും ഞാൻ പെട്ടു. ഇളം മഞ്ഞ നിറത്തിലുള്ള പേര് പോലുമില്ലാത്ത കുറെ ഗുളികൾ എന്റെ കൈ വെള്ളയിൽ ഇരുന്നു ചിരിക്കുന്നു.. ഞാനവളെ വല്ലായ്മയോടെ നോക്കി. വലിയൊരു രഹസ്യത്തിന്റെ ചുരുളഴിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവൾ അവളുടെ വലിയ കണ്ണുതുറന്നു എന്നെ നോക്കി നില്പാണ്.. “ദേവാ……………”
ഞാനവളെ വിളിച്ചു.

“സൊല്ലുങ്കോ അമ്മാ ..അത് താനേ…. നാൻ സൊന്നത് നിജം താനേ… എനക്ക് തെരിയും അമ്മാ… എങ്ക ഊരില് കൊളന്ത ഇല്ലാമേ ഇരുന്താല് മച്ചി എന്ന് സൊല്ലി എങ്കളെ വിശേഷങ്ങൾക്ക് എങ്കെയും പോകമുടിയാത്.. അവൾ മൂക്ക് ചീറ്റി അവളുടെ പുടവയിൽ നിർബാധം തുടച്ചു കൊണ്ടിരുന്നു.. വലിയൊരു അവിഹിതം കണ്ടുപിടിച്ച പോലെ അവൾ ധാരയായി കണ്ണീരൊഴുക്കി..  അവളെ വഞ്ചിച്ച പുരുഷന്റെ ചെയ്തികളെ അവൾ ശപിച്ചുകൊണ്ട് പടിയിറങ്ങി പോകുമ്പോളും എനിക്കവളെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. കയ്യിൽ ഉള്ള പത്തിരുപത് മഞ്ഞ ഗുളികകൾ എന്റെ കൈവെള്ളയിൽ ഇരുന്നെന്നെ ചീത്ത വിളിച്ചു കൊണ്ട് പറഞ്ഞു..

“വല്ല കാര്യവും ഉണ്ടായിരുന്നോ പെണ്ണും പിള്ളേ നിങ്ങടെ ഈ സൗഹൃദത്തിന് ?”.  ഞാനതൊന്നും കളഞ്ഞില്ല. ഒരു ചെപ്പിലടച്ചു സൂക്ഷിച്ചു ദേവ വന്നാല് തിരിച്ചു കൊടുക്കാൻ കാത്തു വെച്ചു… പെട്ടെന്ന് എനിക്കൊരു കർണ്ണാടക യാത്രയുണ്ടായിരുന്നു.. കുറച്ചുനാൾ കഴിഞ്ഞു ഞാൻ തിരിച്ചു വന്നു… ഞാൻ കഴുത്തു നീട്ടി ദേവയുടെ വാസ സ്ഥലത്തേക്ക് നോക്കി .. ഒച്ചയും, ബഹളവും ഒക്കെയുണ്ട്. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം എന്റെ ഗേറ്റ് തള്ളിത്തുറന്നു കൊണ്ട് ദേവ ഓടി വന്നു. വന്നപാടെ കാലിൽ വീണു. അമ്പരന്നുപോയി ഞാൻ….അവളെ പിടിച്ചെഴുന്നേല്പിക്കുമ്പോൾ അവൾ മുഖം കുനിച്ചു നിന്നു വിതുമ്പി പറഞ്ഞു.

“അമ്മാ…നീങ്ക എനക്ക് ദൈവം മാതിരി….നീങ്ക അന്ത ഗുളിക അന്നിവിടെ വാങ്ങി വെച്ചില്ലായിരുന്നെങ്കിൽ ഞാനൊരിക്കലും അമ്മയാവില്ലായിരുന്നു. ഞാൻ…………. ഞാനിപ്പോൾ…….” അവൾ നാണത്തോടെ അടിവയറിൽ കൈ ചേർത്തുവെച്ചു ചിരിച്ചു, ഈശ്വരാ…………….

അവളെ അനുഗ്രഹിക്കാനായി കൈ ഉയത്തുമ്പോൾ അറിയാതെ തന്നെ രണ്ടിറ്റു കണ്ണുനീർ എന്റെ കണ്ണിലും നനഞ്ഞുണർന്നു. ആ ഗുളിക വെറും വൈറ്റമിൻ ഗുളിക ആയിരുന്നു എന്നറിഞ്ഞ ഞാനിപ്പോളും ദേവയുടെ മകളെ കാണാനുള്ള തിടുക്കത്തിലാണ്….

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

One comment

  1. വളരെ രസകരമായിരിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *