തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.
കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ജനിച്ചു. അച്ഛൻ ശ്രീ ഗോദവർമ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന ശ്രീ സർദാർ കെ. എം. പണിക്കർ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ കെ. അയ്യപ്പപ്പണിക്കർ അടുത്ത ബന്ധുവും.
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍ നാടകകൃത്ത്, കവി, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു.