കലയുടെ കനകസിംഹാസനമേറി വെള്ളിനേഴി – 1

അസ്തമയ സൂര്യൻ മറയാൻ മടിക്കുന്ന സായാഹ്നങ്ങൾ ഇപ്പോൾ വെള്ളിനേഴിക്കു സ്വന്തം. പൂർണ്ണചന്ദ്രനും കൂട്ടരും നേരത്തെയെത്തുന്ന രാവുകൾ, വിഷുവിന് പൂത്ത കണിക്കൊന്ന വിഷു കഴിഞ്ഞും മറയാൻ മടിച്ചു,ധനുമാസകുളിരുമായെത്തിയ ഇളംമഞ്ഞും വെള്ളിനേഴിയോട് വിട പറയാൻ മടികാണിച്ചു, കലാഗ്രാമമെന്ന വീരാളിപ്പട്ടും പുതച്ച് പ്രൗഡിയിൽ നിൽക്കുന്ന വെള്ളിനേഴിയോട് വിടചൊല്ലാൻ പ്രകൃതി പോലും മടി കാണിച്ചാൽ നമുക്കതിനെ കുറ്റം പറയാനാവില്ലല്ലോ! ഉടുത്തുകെട്ടിയ പച്ച വേഷംപോലെയെന്ന് വെള്ളിനേഴിയെ വിശേഷിപ്പിച്ചത് സർദാർ കെ.എം പണിക്കർ. മനയോല തേച്ച് ചുട്ടി കുത്തി ഉടുത്തുകെട്ടിയ വെള്ളിനേഴി ഇപ്പോൾ കലയുടെ കനകസിംഹാസനത്തിലാണ്.

ഉത്രത്തിൽ കാവ് ഭരണി വേല
ഉത്രത്തിൽ കാവ് ഭരണി വേല
താടിയരങ്ങ്
താടിയരങ്ങ്

എഴുപതിലധികം കലാരൂപങ്ങളുടെയും ഇവയുടെ ഇരട്ടിയിലധികം പ്രയോക്താക്കളുടെയും ഈറ്റില്ലമാണ് പാലക്കാട് ജില്ലയിലെ വെള്ളിനേഴി. സംസാഥാനത്തെ ഏകകലാഗ്രാമം. വെള്ളിനേഴിയിലെ നാട്ടിടവഴികളിലൂടെ ഇറങ്ങി നടന്നാൽ പച്ചയുടെ സാത്വികതയും,താടിയുടെ അലർച്ചയും,പുള്ളോർകുടത്തിൻറ് നാദവും,ചെണ്ടമേളവും,കോപ്പുനിർമ്മാണ വൈദഗ്ദ്യവും കണ്ടറിയാം. എല്ലാ നാട്ടിടവഴികളും ചെന്നെത്തുന്നത് ഏതെങ്കിലും കലാകാരൻമാരുടെ വീട്ടിലേക്കാകും. ഈ നാട്ടിടവഴികളിലൂടെ ഇറങ്ങി നടന്നാൽ കണ്ടു മുട്ടുന്നവരൊക്കെ ലോകം ആരാധിക്കുന്ന കലാകാരൻമാരാകാം.ഒരിതൾ പുഞ്ചിരി സമ്മാനിച്ചവർ കടന്നുപോകും. ഒറ്റമുണ്ടും ധരിച്ച് തോർത്തുമുണ്ട് പുതച്ച് ശീലക്കുടയും കയ്യിൽ പിടിച്ച് നടന്നുപോകുന്ന ഇവരിവിടെ സാധാരണക്കാരായി ജീവിക്കുന്നു. അഹങ്കാരം തലക്കുപിടിക്കാതെ, ഇതിൽ പത്മപുരസ്ക്കാരം വരെ നൽകി രാജ്യം ആദരിച്ച മഹാപ്രതിഭകളുണ്ടാകാം, രാഷ്ട്രം കാൽതൊട്ടു വന്ദിച്ച മഹാരഥൻമാരുണ്ടാകാം, കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽമാരും അദ്ധ്യാപകരും ഉണ്ടാകാം, കലയും കലോപാസനയും ഇവരുടെ ജീവവായുവും കൂടപ്പിറപ്പുകളുമാണ്. ഇവരാണ് വെള്ളിനേഴിയിലെ തങ്കതിളക്കങ്ങൾ. ഇവരാണ് വെള്ളിനേഴിക്ക് കലയുടെ കനക സിംഹാസനമൊരുക്കിയവർ. കഥകളി, കൂടിയാട്ടം, ഓട്ടൻതുള്ളൽ, ചെണ്ടമേളം, പാന, കളമെഴുത്ത്,കർണാടകസംഗീതം, അയ്യപ്പൻ വിളക്ക്, മദ്ദളം, പാങ്കളി, പുള്ളുവൻപാട്ട്, പരിചമുട്ടുകളി, പഞ്ചവാദ്യം, ഭഗവതിപ്പാട്ട്, തിറയും പൂതനും, നാടകം, സിനിമ, വാദ്യോപകരണ നിർമ്മാണം, കോപ്പു നിർമ്മാണം, കൊത്തുപണി, ചിത്രമെഴുത്ത്, തോൽപ്പാവകൂത്ത്, ഏഴാംമുത്തി, മുറം പിടിച്ചാട്ടം, പുരഷൻമാരുടെയും, സ്ത്രീകളുടെയും കൈകൊട്ടികളി, കഥാപ്രസംഗം, ജാലവിദ്യ, പുസ്തക രചന, പത്രപ്രവർത്തനം…വെള്ളിനേഴിയിലെ കലാരൂപനിരകൾ ഇനിയും നീളും.

നാടകോത്സവം
നാടകോത്സവം
തൃപ്പുലിക്കൽ ക്ഷേത്രം
തൃപ്പുലിക്കൽ ക്ഷേത്രം

ഭാരതപുഴക്കും,തൂതപുഴക്കും ഇടയിലുള്ള കല്ലടിക്കോട് മാറാഞ്ചേരി പുറങ്ങ് വരെയുള്ള നെടുങ്ങനാടി മാരുടെ ഭരണത്തിൻ കീഴിലുള്ള നെടുങ്ങനാടിൽ ഉൾപ്പെട്ടതായിരുന്നു എ.ഡി പത്താം നൂറ്റാണ്ട് വരെ ഇന്നത്തെ വെള്ളിനേഴി ഗ്രാമപഞ്ചായത്ത്.എ.ഡി പത്താം നൂറ്റാണ്ടിനു ശേഷം ചേരൻമരുമായി ബന്ധമുണ്ടെന്നുകരുതുന്ന തിരുമുൽപ്പാടൻമാർ നെടുങ്ങനാടിമാരിൽ നിന്നും ഭരണം ഏറ്റെടുത്തു.ഇത് കുറച്ചുകാലം വള്ളുവനാടൻ രാജാക്കൻമാരുടെതെന്നും പറയപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിനടുത്ത് സാമൂതിരി നെടുങ്ങനാട് പിടിച്ചെടുക്കുമ്പോൾ തിരുമുൽപ്പാടുമാരായിരുന്നു ഭരണമെന്ന് ലോഗൻറ് മലബാർ മാന്വൽ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ വി.കെ വാലത്തിൻറ് ഉൾപ്പെടെ പാലക്കാടിൻറ് ചരിത്രമുള്ള ഗ്രന്ഥങ്ങളിലൊന്നും ഇന്നത്തെ വെള്ളിനേഴി കലാഗ്രാമം ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് ഒരു പരാമർശവുമില്ല.

ഖിലാഫത്തുമായിബന്ധപ്പെട്ടാണെങ്കിലും തൊട്ടടുത്ത പ്രദേശങ്ങളായ ചെർപ്പുളശേരി,കാറൽമണ്ണ,പെരിന്തൽമണ്ണ,അമ്മിണിക്കാട്,എലമ്പുലാശ്ശേരി,എന്നീ സ്ഥലങ്ങളെ കുറിച്ചു പോലും വ്യക്തമായ ചരിത്രരേഖകൾ ഉണ്ട്.പക്ഷെ വെള്ളിനേഴി മാത്രം അന്നും ശാന്തം, സൗമ്യം രക്തരൂക്ഷിതങ്ങളായ ബാഹ്യസംഘട്ടനങ്ങളോ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്ന് ഉറപ്പ്. പക്ഷെ അന്നും വെള്ളിനേഴി കലയുടെ മാസ്മരിക പ്രഭയിൽ ജ്വലിച്ചു നിന്നതിനാൽ ഒന്നും ഇവിടേക്ക് കടന്നുവന്നില്ലെന്ന് വേണം കരുതാൻ. അന്നും വെള്ളിനേഴിക്ക് വലുത് കലയും കലാകാരൻമാരുമായിരുന്നെന്ന് ചുരുക്കം.

ഒളപ്പമണ്ണ മന
ഒളപ്പമണ്ണ മന

കലയുടെ കനവും കരുത്തും ഉൾക്കൊണ്ട വെള്ളിനേഴിയിൽ കാലചക്രം തിരിഞ്ഞപ്പോൾ പത്മശ്രീയും പത്മഭൂഷനും ഉൾപ്പെടെ വെള്ളിനേഴിയെ തേടിയെത്തിയത് നാല് പത്മപുരസ്ക്കാരങ്ങൾ. മറ്റ് പുരസ്ക്കാരങ്ങൾ വേറെയും. 2004ൽ കീഴ്പ്പെടം കുമാരൻനായർക്ക് പത്മശ്രീ, 2007ൽ കലാമണ്ഡലം രാമൻകുട്ടിനായർക്ക് പത്മഭൂഷൻ, മട്ടന്നൂർ ശങ്കരൻകുട്ടിക്ക് 2009ൽ പത്മശ്രീ, വെള്ളിനേഴിയുടെ മാനസപുത്രൻ വാഴേങ്കട കുഞ്ചുനായർക്ക് പത്മശ്രീ ലഭിച്ചത്1970ൽ. സംസ്ഥാന കഥകളി പുരസ്ക്കാരങ്ങൾ കീഴ്പ്പെടം,കലാ.രാമൻകുട്ടിനായർ,കലാ.പത്മനാഭൻ നായർ എന്നിവർക്കും ലഭിച്ചു. കഥകളിയിലെ പ്രസിദ്ധമായയ കല്ലുവഴിച്ചിട്ട പിറന്ന ഒളപ്പമണ്ണമന, പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, ചെമ്പൈവൈദ്യനാഥഭാഗവതർ തുടങ്ങിയവർ അരങ്ങേറ്റം കുറിച്ച ചെങ്ങിണിക്കോട്ടുകാവ്,ആദിശങ്കരൻ ദേവീചൈതന്യം തേടിയെത്തിയ ചെങ്ങിണിക്കോട്ടുകാവ്. കലാരൂപങ്ങളുടെ സംഗമഭൂമിയാകുന്ന ഉത്രത്തിൽകാവ്ഭഗവതി ക്ഷേത്രം. കലാഗ്രമത്തിലെ നിറകാഴ്ച്ചകൾ നിരവധിയാണ്. പത്മശ്രീ കീഴ്പ്പെടം കുമാരൻ നായർ,പത്മഭൂഷൻ കലാ.രാമൻകുട്ടിനായർ എന്നിവരുടെ ഭവനം,1890 96 കാലത്ത് പകുയിൽതൊടി ഇട്ടിരാരിശമേനോൻറ് കീഴിൽ  പട്ടിക്കാംതൊടി രാവുണ്ണിമേനോൻ ഉൾപ്പെടെയുള്ളവർ അഭ്യാസനം നടത്തിയ ചങ്ങലവട്ടകളരി ചരിത്ര സ്മാരകങ്ങൾ നിരവധിയാണ്…….(തുടരും)

തിറയും പൂതനും
തിറയും പൂതനും
കഥകളി കോപ്പു നിർമ്മാണം
കഥകളി കോപ്പു നിർമ്മാണം

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *