ഒന്നു ചിരിച്ചാൽ ഉറയ്ക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾ ബന്ധനങ്ങൾ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങൾ ഇല്ലാതായാൽ ജീവിതം പിന്നെ ഒരു നൂലുപൊട്ടിയ പട്ടംപോലെയായിത്തീരാൻ നിമിഷങ്ങൾ മതിയാകും. ഇന്ന് ബന്ധങ്ങളുടെ കണ്ണികളെ കേവലം അവരവരുടെ അഹങ്കാരത്തിന്റെ ജയത്തിന് വേണ്ടി അഴിച്ചുമാറ്റുന്ന കാഴ്ച തീർത്തും വേദനാജനകമാണ്. ഡിവോഴ്സ് നേടുന്നതിലും ഇന്ന്  മുന്നിട്ട് നിൽകുകയാണ് നമ്മൾ മലയാളികൾ. പറഞ്ഞു തീർക്കാവുന്നതും, മറന്നു കളയാവുന്നതുമായ പല കാര്യങ്ങളേയും ഇന്നത്തെ ദമ്പതികൾ കോടതി മുറികളിലേക്ക് വലിച്ചെഴച്ചു കൊണ്ടുപോവുകയാണ്. ജയിക്കാൻ വേണ്ടി എന്തും ചെയ്യും എന്ന ഒരു മനോഭാവം. അവന്റെ അല്ലെങ്കിൽ അവളുടെ മുൻപിൽ തോറ്റുകൊടുക്കരുത്; അവനെ ഒരു പാഠം പഠിപ്പിക്കണം എന്ന് അവളും, അവളെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്നവനും!!!! കൂട്ടുകുടുംബത്തിൽനിന്നും അണുകുടുംബത്തിലേക്ക് ചേക്കേറിയതിനാൽ ഒരു ഉപദേഷ്ടാവിന്റെ കുറവും. ഇതൊക്കെ ഒരു ബന്ധത്തെ വിവാഹമോചനത്തിലേക്ക് എത്തിക്കുമ്പോൾ അവരുടെ ആ ബന്ധത്തെ മാത്രം ആശ്രയിച്ച്, മുളച്ച് വളരുന്ന കുട്ടികൾ നേരിടുന്ന ദുരന്തം. ഈയൊരു യുദ്ധത്തിന് വിലകൊടുക്കേണ്ടി വരുന്നത് ശരിക്കും കുഞ്ഞുങ്ങളാണ്. വിവാഹമോചനത്തിനൊടുവിൽ സ്വത്തും സമ്പാദ്യവുമൊക്കെ എണ്ണി തിട്ടപ്പെടുത്തി പങ്കുവെക്കുമ്പോൾ കുഞ്ഞുങ്ങളുടെ നഷ്ടബാല്യത്തിന്റേയും, നഷ്ടസ്വപ്നത്തിന്റേയും കണക്ക് പിന്നെയും ബാക്കിനിൽക്കുന്നുണ്ടാവും. അതുപോലെ അവരെ വിവാഹത്തിലേക്കാനയിച്ച മാതാപിതാക്കൾക്കുണ്ടാകുന്ന
വിഷമം. ഇതൊക്കെ ഗർവത്തിന്റെ കിരീടം അണിയുമ്പോൾ മനസ്സിലായില്ലെങ്കിലും നാളുകൾ കഴിഞ്ഞ് അഹംഭാവത്തിന്റെ കോട്ടകൾ തകരുമ്പോൾ, മനസ്സിനെ മരവിപ്പിച്ചിരുന്ന വാശിയുടേയും , ഗർവത്തിന്റേയും ഐസുകട്ടകൾ ഒറ്റപ്പെടലിന്റെ ചൂടേറ്റ് അലിഞ്ഞില്ലാതാകുമ്പോൾ ഉണ്ടാകുന്ന കുറ്റബോധം. വൈകിയാണെങ്കിലും തന്റെ തെറ്റുകൾ തികട്ടി വരും. വിവാഹമോചനമെന്നത് അത്ര സുഖകരമായ ഒരു ഏർപ്പാടൊന്നുമല്ല.. ഒരു ജോലി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയേക്കാൾ ഇരട്ടി നൊമ്പരം, അല്ലെങ്കിൽ തനിക്ക് കാൻസർ പോലുള്ള ആപത്കരമായ അസുഖങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുന്ന വേളയിൽ ഉണ്ടാകുന്ന ആ ഒരു മാനസികാവസ്ഥ – അതുതന്നെയായിരിക്കും വിവാഹമോചനത്തിലൂടെ നടന്നു നീങ്ങുന്നവരും അനുഭവിക്കുന്നത്. ഈ ഭൂമിയിലെ ഏതൊരറ്റത്തു ജീവിക്കുന്നവരായാലും ഒരു ബന്ധം തകരുമ്പോൾ അതിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരുടെ മനസുകളിൽ മുറിവേൽക്കുകയും, ആ മുറിവുകൾ ജീവിതാവസാനംവരെ ഓർമ്മിക്കാനുള്ള പാടുകളെ അവശേഷിപ്പിക്കുകയും ചെയ്യും.. സ്നേഹമില്ലായ്മ, വിശ്വാസവഞ്ചന, പൊരുത്തക്കേട്, ലഹരിവസ്തുക്കളുടെ അമിത ഉപയോഗം ഇതൊക്കെയാണ് ഇന്ന് ഒരു വിവാഹത്തെ മോചനത്തിന്റെ പടിയിലെത്തിക്കുന്നത്. ദാമ്പത്യം എന്നത് ഈ സിനിമയിലൊക്കെ കാണുന്നതുപോലെ വെറും കളിയും ചിരിയും റൊമാൻസും മാത്രമല്ല .കുറെ പൊട്ടലും, നീറ്റലും, സംശയങ്ങളും ഒക്കെ ഉണ്ടാകും. എല്ലാ നല്ല ഭാര്യാഭർത്താക്കന്മാർ തമ്മിലും വഴക്കുകൾ ഉണ്ടാകും, വിവാഹം സ്വർഗത്തിൽ വച്ചാണ് എന്നല്ലേ.. അപ്പോ ഇടിയും മിന്നലുകളും ഉണ്ടാകുമല്ലോ….!! ഇരു വ്യക്തികൾ;അവർ എവിടയോ ജനിച്ച്, വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന്, ഇടയ്ക്ക് കണ്ടുമുട്ടി ഒരുമിച്ചൊരു ജീവിതയാത്രയിലാകുമ്പോൾ തീർച്ചയായും അവിടെ രണ്ടഭിപ്രായങ്ങൾ രൂപപ്പെടും; തർക്കങ്ങളും ഉണ്ടാകും, പക്ഷെ ഈ തർക്കങ്ങളേയും, താളപ്പിഴകളേയും, വീട്ടിൽ ഉയരുന്ന അപസ്വരങ്ങളേയും ഒരിക്കലും സൗഹൃദസംഭാഷണങ്ങൾക്കിടയിലെ സംസാരവിഷയമാക്കരുത്.. അതുപോലെ മറ്റൊരാളുടെ പ്രണയകഥകൾ കേട്ട് തന്റെ കുടുംബ ജീവിതം അരസികം എന്ന തോന്നലും അരുത്.. കാരണം ചിലപ്പോൾ അവരുടെ ജീവിതത്തെക്കാളും ഭേദമായിരിക്കും നിങ്ങളുടെ ജീവിതം. അവർ അവരുടെ പ്രശ്നങ്ങളെ മറയ്ക്കുന്നുണ്ടാവാം. അല്ലെങ്കിൽ തങ്ങൾ കൊതിക്കുന്ന ജീവിതമായിരിക്കും അവർ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

നല്ലൊരു വിവാഹബന്ധത്തിനാവശ്യമായ ചില ചേരുവകൾ…വിശ്വാസവും, ആത്മാർത്ഥതയുമാണ് പ്രധാന ഘടകവും, ബന്ധത്തിന്റെ അടിത്തറയും.. ആത്മാർത്ഥതയുടെ നൂലിഴകളാൽ ബന്ധിച്ച ഇരു ഹൃദയങ്ങൾ വേർപിരിയില്ല… ഒരു വിവാഹബന്ധം വിജയിക്കണമെങ്കിൽ രണ്ടുപേരിൽ നിന്നും അതിനുള്ള ആത്മാർത്ഥ ശ്രമം വേണം. വിവാഹ ജീവിതത്തിൽ കാമത്തെക്കാളും സ്നേഹത്തിനാണ് മുൻഗണന.. പ്രായമായ ദമ്പതിമാരെ ഒരുമിച്ചു കൊണ്ടുപോകുന്നത് അവരിൽ തീക്ഷ്ണമായി ജ്വലിക്കുന്ന സ്നേഹത്തിന്റെ അഗ്നിയാണ്. സന്തുഷ്ട ദമ്പതികൾ നല്ല സുഹൃത്തുക്കളാണ്… സ്പഷ്ടമായ ആശയവിനിമയം അത്യാവശ്യമാണ്. ഇണയുടെ ആഗ്രഹങ്ങളും, ആവശ്യങ്ങളും, ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും അറിയണം… മനസ്സുതുറന്ന് സംസാരിക്കണം.. നിങ്ങളുടെ വിശേഷങ്ങൾ അവരറിയുന്നത് മറ്റുള്ളവരിൽ നിന്നാകരുതെന്ന് സാരം.

സുഹൃത്തുക്കളോടെന്നപോലെ പങ്കാളിയോടും നർമ്മ സംഭാഷണം അത്യാവശ്യമാണ്. പരസ്പരം ചിന്തകളേയും, അഭിപ്രായങ്ങളേയും മാനിക്കുക.. സ്വന്തം ഇഷ്ടത്തോടൊപ്പം ഇണയുടെ താൽപര്യങ്ങളേയും പരിഗണിക്കണം.. സ്നേഹം എന്നത് എ ടി എം പിൻ പോലെ മനസ്സിൽ സൂക്ഷിച്ചുവക്കേണ്ട ഒന്നല്ല.. സ്നേഹം പ്രകടിപ്പിക്കുക… കുറ്റങ്ങൾ സമ്മതിക്കുക.. അതുപോലെ പരസ്പരം തെറ്റുകൾ പൊറുക്കുക.. സ്നേഹത്തിന്റെ ഏറ്റവും സുന്ദരമായ രൂപമാണ് ക്ഷമ. മൂർച്ചയേറിയ വാക്കുകൾകൊണ്ട് കഴിവതും പരസ്പരം മുറിവേൽപ്പിക്കാതിരിക്കുക.. വഴക്കിടുംതോറും ഇരു ഹൃദയങ്ങളും അകലും. എത്ര ദൂരത്താണെങ്കിലും സ്നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടാതിരിക്കാനാണ് ഫോൺകോളുകൾ ഉപയോഗിക്കേണ്ടത്, അല്ലാതെ വെറും കണക്കുപറച്ചിലിനുമാത്രമാവരുത്.

പ്രണയത്തിന്റെ പിന്നിൽ നമ്മൾ കൂടുതൽ പേരും അറിയാത്തതും, എന്നാൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ ഒരു ശാസ്ത്രീയ വശം കൂടിയുണ്ട്. പ്രണയത്തിന്റെ ആദ്യ നാളുകളിലും, വിവാഹത്തിന്റെ ആദ്യ 7-8 മാസങ്ങളിലും വാസോപ്രെസിൻ, ഓക്സിട്ടോസിൻ, ഡോപ്പമിൻ എന്നീ ഹോർമോണുകൾ ശരീരത്തിൽ ഉയർന്ന നിലയിലായിരിക്കും.. അപ്പോൾ നല്ല ഉന്മേഷവും, കൂടുതൽ ഓർമശക്തിയും, അടുത്തിരിക്കാനും, സംസാരിക്കാനും, ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അമിതമായ തോന്നലും ഉണ്ടാകും. ഡോപ്പമിൻ എന്ന ഹോർമോണിന്റെ തീവ്രത കാരണം ആദ്യ നാളുകളിൽ ഇണയെ കണ്ണടച്ചു വിശ്വസിക്കാനും, അവരുടെ കുറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാനും കഴിയും. പക്ഷെ കുഴപ്പങ്ങൾ തുടങ്ങുന്നത് ചുമതലാബോധം വരുമ്പോഴാണ്!! ചുമതലബോധം വരുമ്പോൾ ഈ ഹോർമോണുകളുടെ ഉത്പാദനം കുറഞ്ഞുപോകും. അതോടെ ആദ്യനാളുകളിൽ ഈ ഹോർമോണുകൾ ഉണർത്തിയ പ്രണയത്തിന്റെ തീവ്രാനുഭൂതികൾ കുറയും… ആദ്യം കുഴപ്പമില്ലെന്നു തോന്നിയ പല കാര്യങ്ങളും പിന്നീട് ശല്യമായി തോന്നും… ജന്മദിനവും അങ്ങനെ പല കാര്യങ്ങളും മറന്നുപോകും… എല്ലാ മനുഷ്യരിലും ഇത് സംഭവിക്കും. ഹോർമോണിന്റെ ഈ ഏറ്റക്കുറച്ചിൽ ബന്ധങ്ങളെ തളർത്താതെ സൂക്ഷിക്കേണ്ടതുണ്ട്.. ഭാര്യാഭർത്തൃ ബന്ധമെന്നത് ദൈവം കൂട്ടിച്ചേർത്ത ഒരു നിയോഗമാണ്. രക്തബന്ധമോ ഒന്നുമില്ലാതെ തന്നെ ജീവിതാന്ത്യം വരെ പരസ്പരം തുണയായി തണലായി ജീവിക്കാൻ നിയോഗിക്കപ്പെട്ടവർ.

About Dr. Amritha Bhavesh

Dr. Amritha Baveesh, works at welfare hospital Bhatkal Karnataka. Home town Vadakara, Kozhikode dist.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *