ഊഴം

മഴയിലേക്കാണവള്‍ ഇറങ്ങി നടന്നത്..

കയ്യില്‍ ചേര്‍ത്തുപിടിച്ച ആ ഒരു പൊതി കെട്ടില്‍ മുഷിഞ്ഞു പിന്നിയ അഞ്ചാറു സാരി മാത്രം.

‘ശൈത്യം കൊഴിച്ചിട്ട നീര്‍ത്തുള്ളികള്‍ വകഞ്ഞു മാറ്റികൊണ്ടൊരുകാറ്റ് പടികടന്നു വയലിലേക്കു ഇഴഞ്ഞു പോയി, ചെളിതോടില്‍ കലക്കവെള്ളം നിറങ്ങള്‍ കലര്‍ത്തി നുരയിട്ടകലുമ്പോള്‍ പെയ്തു തോര്‍ന്നൊരു മഴയുടെ ഒടുവിലെ വിലാപം പോലെ മാനം മിഴിതുടക്കുന്നുണ്ടായിരുന്നു..

“സൂര്യകുട്ടീ …………..സൂര്യകുട്ടീ …..”

അവളുടെ തിളങ്ങുന്ന കണ്ണുകള്‍ അലമാരക്ക് പിന്നില്‍ ഒളിച്ചിരുന്നു.

വാപൊത്തി ചിരിയടക്കി സൂര്യകുട്ടി ശ്വാസമടക്കിപ്പിടിച്ച് നിന്നു.

പുറകിലൂടെ പതുങ്ങി ചെന്ന് ഒറ്റപിടുത്തം, അതോടെ മായേച്ചിയും, സൂര്യകുട്ടിയും തറയിലേക്കു ചിരിയോടെ ചായ്ഞ്ഞു.

“അങ്ങിനപ്പോ നീയ് ജയിക്കണ്ടാ ട്ടോ….”

“വാ വെയിലാറും മുന്‍പ് മായേച്ചി കുളിപ്പിച്ച് തരാം.”

ഇളം മേനിയില്‍ വെന്ത വെളിച്ചണ്ണ പുരട്ടി മുടി കോതി ഉച്ചിയില്‍ കെട്ടിവെച്ചു മായ സൂര്യയെ കോലായില്‍ നിർത്തി..

എവിടെയോ ഒറ്റയ്ക്കു കൂവുന്ന കുയിലിനു ഒപ്പം പ്രതിശബ്ദമുണ്ടാക്കി സൂര്യ കോലായില്‍ കിടന്നോടുന്നുണ്ടായിരുന്നു.

“സൂര്യക്കുട്ടീ ഒച്ച അടയ്ക്കും ട്ടോ…. നെറുകില്‍ എണ്ണ ഇട്ടിട്ടു ഈ അഭ്യാസം വേണ്ടാ…… മായേച്ചി ഈ വെള്ളമൊന്നു ചൂടാക്കിക്കോട്ടേ?”

സൂര്യ തെക്കോട്ടും,വടക്കോട്ടും കിടന്നോടി….

ഞാന്‍ വല്യമ്മയെ വിളിക്കട്ടെ ഉണ്ണീ?

വേണ്ട….ദാണ്ടേ നിറുത്തി….സൂര്യ നല്ല കുട്ടിയായി ഒതുങ്ങി നിന്നു.

മേല് പീയേഴ്സ് സോപ്പ് പതപ്പിക്കുബോള്‍ സൂര്യ ചോദിച്ചു, “മായേച്ചി.. അമ്മൂമ്മക്കാരേം പേടില്യേ….?”

“ഉണ്ണീ …………..വേണ്ട.. വേണ്ട ..”

“ന്നാലും പറയൂ മായേച്ചി… ആരെയും അമ്മൂമ്മക്ക്‌ പേടില്യേ?”

“എന്നേം, മയേച്ചിനേം, പൊതുവാളിനേം, ശ്രീയേട്ടനേം ഒക്കെ വഴക്ക് പറയാന്‍ അമ്മൂമാക്കാരാ അധികാരം കൊടുത്തത്?”

“ശ്ശ് …………. പതുക്കെ ഉണ്ണീ….”  മായ സൂര്യയുടെ വാപൊത്തി.. ചുറ്റും നോക്കി.

“മായേച്ചി ന്‍റെ അച്ചനെപ്പോളാ വര്യാ?”

“ന്നെ എപ്പോളാ അങ്ങോട്ട്‌ കൊണ്ട്വാ?”

തല തോര്‍ത്തി കൊണ്ടിരിക്കുന്ന മായയുടെ കൈയ്യുകള്‍ പതുക്കെ താളം തെറ്റി. പതുക്കെ, പതുക്കെ മായ സൂര്യയെ ശരീരത്തോട് ചേര്‍ത്തു നിര്‍ത്തി.

“മായേച്ചി………. പറയൂ മായേച്ചി… ന്‍റെ അച്ചനെപ്പോളാ എന്നെ കൊണ്ടാവാന്‍ വരുന്നേ?”

“ഉണ്ണീ മിണ്ടാതിരിക്കുന്നുണ്ടോ….?”

“വേഗം അങ്ങോട്ട്‌ നടക്കൂ തലേല് വെള്ളം തോരാതെ ….”

മായയുടെ നെഞ്ചിലെ പിടപ്പ് സൂര്യ അറിയാതിരിക്കാനായി അവളുടെ അരയില്‍ തോര്‍ത്തു വട്ടം കേറ്റിയുടുപ്പിച്ചു മായ മുഖം കുനിച്ചു അവളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചുകൊണ്ട്‌പറഞ്ഞു.

“ഉണ്ണിക്കറിയോ ഇന്ന് തെക്കേടത്ത് കാവില്‍ ദീപാരാധനയുണ്ട്..”

“നമ്മള്‍ക്ക് പോണ്ടേ?”

“ആ……………. ആ.. മഞ്ഞ പാവാട മതിട്ടോ മായേച്ചി… നിക്ക് അതാ ഇഷ്ടം.”

“സൂര്യക്ക് തിടുക്കമായി.. കാവിലെ ആനക്ക് പഴം കൊണ്ടോണം ട്ടോ മായേച്ചി…”

“അത് തുമ്പികയ്യ് ചുരുട്ടി വായിലേക്ക് ദാ ഇങ്ങിനെ ഒറ്റ കേറ്റം… ഒരു പടല അതിനൊന്നും ഇല്യാ….ല്ലേ ?”

“അതിനു പുട്ട് കൊടുക്കില്ലേ മായേച്ചി?”

“ഉം….ആരുണ്ടാക്കി കൊടുക്കാനാ ഉണ്ണീ അതിനു പുട്ട്?”

“അയ്യോ അപ്പൊ ആ പാവം ചപ്പാത്തീം, ഇഡലിയും ഒന്നും ഇത് വരെ തിന്നിട്ടുണ്ടാവില്ല അല്ലെ…. അയ്യോടാ പാവം …”

“നമുക്കൊരീസം ഇത്തിരി ഇഡലി കൊണ്ട് കൊടുത്താലോ മായേച്ചി?”

“ഉം..”

ഇതിനിടയില്‍ സൂര്യ മഞ്ഞ പാവടയിട്ടു, കുട്ടിക്കൂറ പൗഡര്‍ ഇട്ടു….

കണ്മഷിക്കൂട്ടില്‍ വിരല്‍ തൊട്ടു കണ്ണെഴുതി.

ചോന്ന ചാന്ത് തൊട്ടു.. എന്നിട്ട് തിരിഞ്ഞു നിന്നു ചോദിച്ചു .

“മായേച്ചി ഒരുങ്ങുന്നില്ലേ?…”

പൂമുഖത്ത് ഫോണിന്‍റെ മണിയൊച്ചയ്ക്കൊപ്പം ധനലക്ഷമിയമ്മ പതിവുപോലെ പൊട്ടി തെറിക്കാന്‍ തുടങ്ങി…

മായ ചെവിയോര്‍ത്തു….”അതേയ് ഇതിനി തുടരാന്‍ പറ്റില്യാ മേനോനെ…. കൊല്ലം നാലായി ഞാന്‍ ഇതിങ്ങനെ കൊണ്ടെത്തിക്കുന്നു ..”

“ഇയ്ക്കും പ്രായായി വര്യാ..”

“ഇതിനൊരു പരിഹാരം കാണുകതന്നെ വേണം..”

“എത്ര നാളാണെന്നു വെച്ചാ …?”

“പ്രവീണിന് കുടുബം വേറെയായി കൊല്ലം മൂന്നു കഴിഞ്ഞു.”

“അതുമൊരു പെണ്‍കുട്ടി… ന്‍റെ കണ്ണടഞ്ഞാലോ? ആരുണ്ടിതിന്?”

മായ പാരവശ്യത്തോടെ തല ചുവരില്‍ ചാരി തറയിലിരുന്നു.

കണ്ണാടിയില്‍ നോക്കി തൃപ്തി വരാഞ്ഞോ എന്തോ സൂര്യ ചാന്തു പൊട്ടു ഒന്നൂടെ തൊട്ടു പിന്‍ തിരിഞ്ഞു ചോദിച്ചു,

“മായേച്ചി ഇപ്പൊ കൊള്ളാമോ?”

മായ ഒന്നും മിണ്ടില്യാ, കൈനീട്ടി അവളെ വട്ടം പുണര്‍ന്നു മടിയിലിരുത്തി അമര്‍ത്തിയൊതുക്കി പിടിച്ചു ..

അവള്‍ കൈവിട്ടു പോകുമെന്ന് ഭയന്ന് ഹൃദയത്തിലേക്ക് പൂണ്ടടക്കം വലിച്ചു ചേര്‍ത്തുപിടിച്ചു….

ഒരു തുലാമാസ സന്ധ്യയിലാണ് ഇവിടത്തെ വല്യമ്മയുടെ ഒരു ഫോണ്‍ മായയുടെ അച്ഛനെ തേടിവന്നത് ..

ആജ്ഞാ ശക്തിയുള്ള അവരുടെ സ്വരത്തിന് എതിര്‍വാക്ക് പറയാന്‍ അച്ഛന്‍ അശക്തനായിരുന്നു…

ഫോണ്‍ വെച്ച് അച്ഛന്‍ വല്ലായ്മയോടെ ഇങ്ങിനെ പറഞ്ഞു ..

“ശ്രീലകത്ത് നിന്നാ ………………………..ഗായത്രി കുട്ടീടെ ഉണ്ണീയെ ബോംബെന്ന് തറവാട്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നൂന്ന്… സഹായത്തിനു ആരൂല്യാ. മായയ്ക്ക് പറ്റൂച്ചാ കുറച്ചു ദിവസം അവിടെ നില്‍ക്കാമോന്ന്…”

അവിടെ ചെല്ലുമ്പോൾ ചോരമണം മാറാത്ത ഇളം പൈതല്‍ ഒരു വെളുത്ത ടവ്വലിനുള്ളില്‍ ഇറുകെ കണ്ണടച്ചുറങ്ങുന്നു..ചോന്ന കവിളുകളും, ചുണ്ടും… നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിച്ചുരുളുകളുമായി……

തറവാട്ടുമൂലകളില്‍ മൗനം കനത്തു നിന്നു.

അതിനെ കീറി മുറിക്കാനായി ഇടയ്ക്കിടെ സൂര്യരശ്മി അലറികരഞ്ഞു.

അമ്മ ഉപേക്ഷിച്ചുപോയ ഒരു കുഞ്ഞിന്‍റെ പ്രതിഷേധത്തിന്‍റെ ദാര്‍ഷ്ഠ്യം ആ വീട്ടിലാകെ പ്രതിധ്വനിച്ചു.

മരണം കൊണ്ട് തന്നെ അനാഥയാക്കിയ അമ്മയുടെ അമ്മിഞ്ഞപ്പാല്‍ കൊതിച്ചവള്‍ ആര്‍ത്തു കരഞ്ഞു..

മായയുടെ നെഞ്ചിലെ ചൂടില്‍… കുപ്പിപാല് നിറച്ച നിപ്പിൾ ചുണ്ടില്‍ ചേര്‍ത്തു വെച്ചു മെല്ലെയാട്ടി..

ഉറങ്ങാത്ത ഒരുപാട് രാവുകള്‍….

അപശകുനം എന്നപോലെ സൂര്യ കുഞ്ഞിന്റെ കരച്ചിലില്‍ നിന്നും പലരും മുഖം തിരിച്ചു.

കിടക്കയുടെ ഓരത്തു തലചായ്ച്ചുറങ്ങിയ ഒത്തിരി ഒത്തിരി രാത്രികള്‍,

അവളുടെ നനയുന്ന മൂത്ര തുണി മാറ്റി… വിരിപ്പുമാറ്റി…

നെഞ്ചിലെ ചൂട് നല്‍കി…

തറവാട്ടില്‍ അവളുടെ ചിരികള്‍ നിറഞ്ഞു…. എല്ലാരുടെയും മനസ്സില്‍ സൂര്യരശ്മി പ്രകാശം പരത്തി..

ആഹ്ലാദാരവങ്ങളും പൊട്ടിച്ചിരികളും കൊണ്ടവള്‍ വീടിനെ ഇളക്കിയുണര്‍ത്തി.

ഇടയ്ക്കു വന്നുപോകുന്ന പ്രവീണിന്‍റെ പാതിമരിച്ച ജീവനിലേക്കു ഉയിര്‍ പകുത്തു നല്‍കി.

അയാളുടെ വളര്‍ന്ന താടി പിടിച്ചു വലിച്ചു കുടുകുടാ ചിരിച്ചു.

അകലെ മാറിനിന്നു അതൊക്കെ നോക്കിനില്‍ക്കുമ്പോൾ, അല്ലെങ്കില്‍ പ്രവീണിന്‍റെ കൈകളിലേക്ക് അവളെ വെച്ചു കൊടുക്കുബോള്‍ മാത്രം മായ അകാരണമായി ഭയപെട്ടു.

ഉയര്‍ന്ന നെഞ്ചിടിപ്പിന്റെ പേടിപ്പിക്കുന്ന പിടപ്പ്  മായയെ വല്ലാതെ അസ്വസ്ഥയാക്കി.

അയാളവളെ കൊണ്ട് പോയാലോ എന്നൊരു ആന്തല്‍ മായയുടെ ഉള്ളത്തില്‍ കിടന്നു ചക്രം തിരിച്ചു.

അയാള്‍ തിരിച്ചു പോകും വരെ മായക്കൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല.

സൂര്യകുഞ്ഞിനു എട്ടുമാസമുള്ളപ്പോളാണ് ഒരു നാള്‍ മായയുടെ അച്ഛന്‍ ശ്രീലകത്തിന്‍റെ പടികടന്നെത്തിയത്.

ഉണ്ണിയെ മടിയിലിരുത്തി കുറുക്കു കൊടുക്കുബോള്‍ ആണ് അച്ഛന്‍ വന്നത്ത്‌.

“അച്ഛാ ……………ഉണ്ണിയെ കണ്ടോ …മിടുക്കിയല്ലേ?”

ഇപ്പോള്‍ നന്നായി മുട്ടിലിഴയാന്‍ തുടങ്ങി.. ആയിരം നാവോടെ മകള്‍ ഒരമ്മയുടെ ആവേശത്തോടെ ആര്‍ത്തിയോടെ പറയുന്ന വാക്കില്‍ വാസുദേവന്‍ പിള്ള മകളിലെ മറ്റൊരമ്മയെ കണ്ടു.

കുഞ്ഞിനെ അച്ഛന്റെ കയ്യില്‍ വെച്ചു കൊടുത്തു മാറിനിന്നു മായ പറഞ്ഞു .

“ഉണ്ണീ അപ്പൂപ്പനെ കണ്ടോ…….?”

സൂര്യ പല്ലില്ലാത്ത വാ മുഴുവന്‍ തുറന്ന് മായയെ നോക്കി ആര്‍ത്തു ചിരിച്ചു.

വാസുദേവന്‍ ധനലക്ഷ്മിയമ്മയോടു കുശലങ്ങള്‍ക്കായി പൂമുഖത്തേക്ക്‌ നീങ്ങി.

സംഭാഷണങ്ങള്‍ക്ക് ഒടുവിലയാള്‍ പറഞ്ഞു..

“മായയെ ഒന്ന് കൊണ്ട് പോകേണ്ട ആവശ്യമുണ്ട്, സുശാന്തിനു ഒരു ഇന്റര്‍വ്യൂ. അവനൊപ്പം പാലക്കാട് വരെ പോണം.”

“വീട്ടില്‍ സുഭദ്ര മാത്രേ ഉണ്ടാവൂ …………”

മായ ഒന്നമ്പരന്നു …

“അതിപ്പോ… പിള്ളേ …”

“അച്ഛാ….. അമ്മയെ ഇവിടെ കൊണ്ടുവന്നാക്കി അച്ഛന്‍ പൊയ്ക്കോളൂ, ഉണ്ണി എന്നെ കാണാതെ നില്‍ക്കില്ല.”

“അതാ നല്ലത് പിള്ളേ…. സുഭദ്ര രണ്ടീസം മായക്കൊപ്പം ഇവിടെ നില്‍ക്കട്ടെ…”

അയാളപ്പോളും അതിശയത്തോടെ മകളെ നോക്കി നിന്നു .

ജാതക ദോഷത്തിന്‍റെ പേരില്‍ ബന്ധങ്ങളൊക്കെ നടക്കാതെ പോയപ്പോള്‍, അവളെക്കാള്‍ ഇളയവര്‍ വിവാഹിതരായി പടിയിറങ്ങി, ഇവളെ ഓര്‍ത്തായിരുന്നു അയാളുടെ നെഞ്ചു പിടഞ്ഞത്……

അവളിപ്പോള്‍ മറ്റൊരു ലോകത്താണ്.

വിധി കൈനീട്ടി കൊടുത്ത ഒരരുമ കുഞ്ഞിന്റെ അമ്മയായി സ്വയം മാറി.

അവള്‍ മറ്റൊരു ലോകത്തേക്ക് പതിയെ നടന്നു പോകുന്നൊരു കാഴ്ച അയാളെ ആശങ്കപെടുത്തി.

മായ ചോര്‍ന്നു പോയ തന്‍റെ യൗവ്വനത്തെ ഇത്തിരി പൊന്നും, തേനും ചാലിച്ചു ശൈശവം പോല്‍ മിനുക്കിയെടുത്തു.

കണ്ണുകളില്‍ വാത്സല്യം നിറച്ചും, നെഞ്ചില്‍ ചേര്‍ത്തു പിടിച്ചും ഒത്തിരി താരാട്ട് മൂളി…

ഒരു കിങ്ങിണി കിലുക്കത്തിന് പിന്നാലെ കിണ്ണത്തില്‍ പകര്‍ന്ന നെയ്യ്  ചേർത്തു ഉരുട്ടിയ കുഞ്ഞുരുളകളുമായി അച്ചാലും, മുച്ചാലും പാഞ്ഞു..

പാല്‍പല്ലുകള്‍ കൈത്തണ്ടില്‍ അമരുമ്പോള്‍ ഉള്‍പുളകത്തോടെ ശാസിച്ചു..

സൂര്യ വളര്‍ന്നു..

അവള്‍ക്കൊരു വയസ്സയപ്പോഴാണ് പ്രവീണിന്‍റെ പുനര്‍ വിവാഹം.

സൂര്യയെ മടിയില്‍ വെച്ചു അന്ന് വല്യമ്മ കണ്ണീരൊഴുക്കി പലതും പറഞ്ഞു കരഞ്ഞു

“ന്‍റെ കുഞ്ഞിനു പകരം …….. അവിടെ വേറൊരാള്‍…. ഇതിനെ ആര് നോക്കുമിനി തേവരെ?”

മായയുടെ മനസ്സിലേക്കൊരു വെളിച്ചം പൊട്ടി വിരിയുകയാണ് ഉണ്ടായത്.

എന്തോ വലിയോരാപത്ത് ഒഴിഞ്ഞ പോലെ.

മായ ഉണ്ണിയെ വാരിയെടുത്ത് ആരും കാണാതോരിടത്തെക്ക് ഓടിപോയി അവളെ തെരുതെരെ ഉമ്മവെച്ചു.

നാരായണി ചേച്ചിയാണ് വല്യമ്മയോടു ഇങ്ങിനെ ചോദിച്ചത്

“ഇപ്പോള്‍ അയാള്‍ക്ക്‌ കുടുബം ഒക്കെ ആയില്ലേ ധനം …?

“ഉണ്ണിയെ നോക്കാന്‍ ആളുമായി………… കൊണ്ടുവോ ബോംബെക്ക്?”

മായക്കവരോട് കലിതോന്നി, സ്വയം ഉള്ളില്‍ പറഞ്ഞു..”ഇവിര്‍ക്കെന്തിന്റെ സൂക്കേടാ…. ഉണ്ണിയെ അവരൊന്നും അല്ലാലോ നോക്കണത്? ഹും, ഓരോന്ന് വലിഞ്ഞു കേറി വന്നോളും, മനുഷ്യന്റെ സ്വസ്ഥത കളയാന്‍…”

വര്‍ഷങ്ങള്‍ ഓടി മറഞ്ഞു… സൂര്യക്കിപ്പോള്‍ നാല് വയസ്സായി.

ഇപ്പോഴത്തെ വിഷയം അതാണ്‌.

വല്യമ്മയ്ക്ക് മരണഭയം കുഞ്ഞു അനാഥയാകും എന്നവര്‍ ഭയപെടുന്നു.

“പ്രവീണ്‍ വന്നു കൊണ്ട്‌ പോകട്ടെ, അല്ലെങ്കില്‍ അയാളുടെ വീട്ടുക്കാര്‍ സംരക്ഷിക്കാന്‍ മുന്നോട്ടു വരട്ടെ”

ഒന്നുമറിയാതെ സൂര്യ മയേച്ചിയോടൊപ്പം കളിച്ചു നടക്കുന്നു.

സൂര്യക്ക് വേണ്ടി ജീവിച്ച മായക്കിപ്പോള്‍ സേവനക്കാലം തീര്‍ത്തു പിൻവാങ്ങാം…

ഒന്ന് കരയാന്‍ പോലും ഉണ്ണി അവളെ ഒരിക്കലും സമ്മതിക്കില്ലായിരുന്നു.

അച്ഛന്‍ വരുമെന്നും, അവളെ കൊണ്ടോവും എന്നും അവളെപ്പോഴും പറയുമെങ്കിലും,..

മായേച്ചിയെ വിട്ടു പോയില്ലാട്ടോ ഉണ്ണി എന്നവള്‍ ഇടയ്ക്കിടെ പറയും..

ഒടുവിലത് സംഭവിച്ചു..

ഉണ്ണിയെ കൂട്ടാന്‍ ഒരു വണ്ടി ആളെത്തി…

പ്രവീണിന്‍റെ ബന്ധുക്കള്‍ വന്നു ഉണ്ണിയെ കൂട്ടി കൊണ്ട് പോയി..

ഇരുട്ട് മുറിയില്‍ നിന്നും തപ്പിയെടുത്ത പഴയ തന്‍റെ പിന്നിയ നാലഞ്ചു സാരികള്‍ തുണി സഞ്ചിയിലാക്കി മായ ആ പെരുമഴയില്‍ ഇറങ്ങി നടന്നു…

ദിക്കുകളുടെ ഇരുട്ടില്‍ നനഞ്ഞൊലിച്ചു കുതിര്‍ന്നു …

ഉതിര്‍ന്നു വീണ കണ്ണീര്‍കണങ്ങള്‍ മഴനീരിലെ കലക്ക വെള്ളത്തോടൊപ്പം കലര്‍ന്നൊഴുകി.

മുന്നിലിപ്പോള്‍ മഴ മറച്ച പെരുവഴികളും,

നിഴല്‍ കനത്ത ഇരുട്ടും മാത്രം …………………………
മഴചിലപ്പോള്‍ ഒരു നഷ്ടമാകുന്നു……

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *