അവസാനത്തെ
പരീക്ഷയും കഴിഞ്ഞ്
കുട്ടികൾ പുറത്തിറങ്ങി
സ്കൂളടയ്ക്കുകയാണ്
ആരവങ്ങളവസാനിക്കുകയാണ്
ഒഴിഞ്ഞ
ഉത്സവപ്പറമ്പു പോലെ
ക്ലാസുറൂമുകളിൽ
ഓർമ്മകൾ
ചിതറിക്കിടന്നു!
പോക്കറ്റിലും
അരയിലും
ഒളിയിടങ്ങളിലും
തിരുകിയിരുന്ന
പേപ്പർ ചുരുളുകൾ
ഗുജറാത്തും ഡൽഹിയും
കാശ്മീരും
അടയാളങ്ങളായ് മാറിയ
ഭൂപടങ്ങൾ
വേരുകൾ മുളയ്ക്കാത്ത
സസ്യ ശാസ്ത്രത്തിന്റെ
ഒരു ശാഖ
കടലാസ് കൂരമ്പുകളായി
മാറിയ
സദാ സത്യവാക്യങ്ങൾ!
ക്ലാർക്ക്സ് ടേബിളിന്റെ
കീറിയ ഒരു പേജ്
കാറ്റിലുയർന്ന്
ജനാലയിലൂടെ
പുറത്തേയ്ക്കു പോകാൻ
വിഫലമായ് ശ്രമിച്ച്
തളർന്നുവീണു.
ബ്ലാക്ക് ബോർഡിൽ
വിരഹത്തിന്റെ കറുപ്പിൽ
പ്രണയത്തിന്റെ
ആദി കാവ്യം:
നിത്യവും
ഏഴുവരിയും ഏഴക്ഷരവും
തള്ളിവായിച്ചിട്ടും
എനിക്കു നിന്നെ
മനസ്സിലായില്ലല്ലോ
എന്റെ പൈങ്കിളിപ്പെണ്ണേ!
പത്തു ബി ക്ലാസിന്റെ
മൂലയിൽ
ആരും കാണാതെ
ഒരണ്ണാൻ കുഞ്ഞ്
ചത്തു കിടന്നു
ഉത്തരത്തിൽ നിന്നു
വീണതാവാം
മുതുകിലെ മൂന്നു വര
തെളിഞ്ഞിരുന്നില്ല…!