പൊള്ളിപ്പഴുത്ത
ഇലയിഴകളെ
ചിക്കിപ്പെറുക്കി,
കുടഞ്ഞെറിഞ്ഞ്,
കാച്ചെണ്ണയിട്ട്,
മിനുക്കിയെടുത്ത്,
മെടഞ്ഞൊതുക്കി.
എന്നിട്ടുമെന്തേ
ഇലകളിങ്ങനെ
ഭ്രാന്തു പിടിച്ച്
ചങ്ങലപൊട്ടിച്ച്
കുതറിപ്പറക്കുന്നു?
കാറ്റിപ്പോൾ
വ്യാജഭിഷഗ്വരനോ!
പതം പറഞ്ഞ
ഇലപ്പച്ചകളെ,
സൂര്യാഘാതത്തിൽ
കരിച്ചുണക്കി,
നാടുകടത്തി.
തനിയാവർത്തനം
കാത്ത്
മൗനം കുടിച്ച
ഇളംമുറകളെ,
പതിരു ചൊല്ലിച്ച്
മനം മാറ്റി.
പൂരപ്പാട്ടിൽ
ഉറഞ്ഞാടി,
പഴമുറയ്ക്ക്
പുലയാട്ടിയ,
ഇളം നാമ്പുകളിൽ
കാറ്റൊളിച്ചത്,
കൺപാർക്കാതെ
കണ്ടറിഞ്ഞത്,
തിമിരമുറച്ച
കണ്ണുകൾ മാത്രം.