റയിൽ ഞരമ്പുകളെ
ഓർമ്മപ്പെടുത്തുന്ന
ഇരട്ട വരകൾ
ഇടയിൽ
വൃത്തിയുള്ള കൈപ്പടയിൽ
എഴുതുന്നുണ്ട് ഒരുവൾ
ജീവിതം പോലെന്തോ
വരിയൊപ്പിച്ച്
ഒട്ടുംപുറത്തേക്കു കടക്കാതെ
തുളുമ്പലിൽ
നിറഞ്ഞു തൂവാതെ
അരികുകൾ കനപ്പിച്ച്
അങ്ങനെയങ്ങനെ..
വിരൽത്തുമ്പുകളിൽ
ഇലച്ച
നന്തിയാർ വട്ടത്തിലൂടെ
ഒരു പുലരിയെ
കടത്തി വിടുന്നതും
കൺതടങ്ങളിലെ കറുപ്പിൽ
ഇരുട്ടിനെ നനച്ച്
തോരാനിടുന്നതും
വരിയൊപ്പിച്ചു തന്നെ
പിളർത്തിയിട്ട
ചുണ്ട് ദൂരങ്ങളിൽ
ഒരു ചിരിയാവാതെ
കുഴഞ്ഞു വീണ്
പോയതിനെയൊക്കെയും
വിരുതോടെ
മുറിച്ചു
അടുക്കി വച്ചിരിക്കുന്നു
വളർന്ന്
ഇരട്ട വരി മടുത്തപ്പോൾ
വരികളില്ലാത്ത
വെളുത്ത താളുകളുളള
നോട്ട് ബുക്ക് വാങ്ങി
അതേ അച്ചടക്കത്തോടെ
അക്ഷരങ്ങൾ
ആകൃതിയൊപ്പിച്ചു നിരക്കുന്നു!
ഒരു ചൂരലിന്റെ മൂളക്കം
ചെവിപ്പിറകിൽ
ഗർവ്വോടെ
പറയുന്നുണ്ട്
“കണ്ടോ ഇരട്ടവരിയിൽ
എഴുതി പഠിച്ചതിന്റെ
ഗുണം”