കലായിസിലെ
റെഫ്യൂജി ക്യാംപിൽ വെച്ച്,
മൂന്നാം ദിവസമാണവളെ
നഷ്ട്ടപ്പെട്ടത്.
ഭകഷണപ്പൊതികൾക്കായുള്ള
തിക്കിലും തിരക്കിലും പെട്ട്
കാണാതാവുകയായിരുന്നു.
തിരഞ്ഞു നടക്കുന്നതിനിടയിലാണ്
പത്തും പന്ത്രണ്ടും വയസ്സുള്ള
വേറെയും പെൺകുട്ടികളെ
നഷ്‌ടപ്പെട്ടവർ ഉണ്ടെന്നറിഞ്ഞത്.
അതിർത്തി കടന്നോടുന്ന
കറുത്ത ട്രക്കിന്റെ പുറകിൽ
ഇരുട്ടിലേക്ക് കൺതുറന്നിരുന്നവരെ
ഓർത്തപ്പോളാണ്
പൊള്ളി പിടഞ്ഞു, കയ്പേറി
അലറി വിളിക്കാൻ
പാകത്തിലൊരു മുട്ടൻ തെറി
അവളുടെ തൊണ്ടയിൽ നിന്നും
പുറത്തേക്ക് ചാടിയത്.
ശിവകാമിക്ക് വയസ്സ് പതിനാറാണ്.
പുലർച്ചേ, റെയിൽവെ ട്രാക്കിനടുത്തുള്ള
മൺകൂനക്ക് പുറകിൽ,
വെളിക്കിരിക്കുമ്പോളാണ്
തലേ രാത്രിയിൽ
തന്റെ ശരീരത്തിലേക്ക്
പാളം തെറ്റി വീണ
ഒൻപതു ബോഗികളെപ്പറ്റി
അവൾക്കോർമ്മ വന്നത്.
ഒടുങ്ങാത്ത നീറ്റലിൽ
അടുത്ത രാത്രിലേക്കുള്ള
മണിക്കൂറുകളുടെ ദൂരത്തെക്കുറിച്ചു
വീണ്ടും ഓർമ്മിക്കപ്പെടുമ്പോൾ
പാഞ്ഞു പോയൊരു
പാസഞ്ചർ ട്രെയിനിന്റെ
നീണ്ട കൂവലിനിടയിൽ
അവളിൽ നിന്നും
ഒരു പച്ചത്തെറി പുറത്ത് ചാടുന്നുണ്ട്.
രാജ്യങ്ങളുടെയും
നഗരങ്ങളുടെയും
ഗ്രാമങ്ങളുടെയും
മാറുന്ന പേരുകൾക്കൊപ്പം
പുതിയ മുഖങ്ങൾ/ സ്ത്രീലിംഗങ്ങൾ
കൂട്ടി ചേർക്കണമെന്നേയുള്ളു.
ആരും കേൾക്കാത്ത
പച്ചത്തെറികളുടെ
പുതിയ നിഘണ്ടുവിന്റെ
പകർപ്പവകാശം
ഇപ്പോളിവരുടെ കൈകളിലാണ്!