ലബനിസ് സംവിധായിക നദിൻ ലബകിയുടെ Where do we go now അസഹിഷ്ണുതയ്കും വർഗ്ഗീയതയ്കും എതിരെ ബുദ്ധിപൂർവ്വം പോരാടുന്ന ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ്. 2011 ലെ കാൻ ഫിലിം ഫെസ്റ്റിവെലിലും ടോറൻന്റോ ഫിലിം ഫെസ്റ്റിവെലിലും കാണികളുടെ പ്രിയ ചിത്രമായി തിരഞ്ഞെടുക്കപെട്ട ഈ ചിത്രം ആരംഭികുന്നത് പേരില്ലാത്ത ഒരു ഗ്രാമത്തിലാണ് . യുദ്ധവും മത സംഘർഷങ്ങളും നാശം വിതച്ചുകൊണ്ടിരിക്കുന്ന പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപെട്ട് കഴിയുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉൾപെടുന്ന കുറച്ചു മനുഷ്യരാണ് ഈ ഗ്രാമത്തിലെ അന്തേവാസികൾ. ആാഴ്ചയിലൊരികൽ കുഴിബോംബുകൾ കാവൽ നില്കുന്ന ദുർഘടമായ പാലതിലുടെ നഗരത്തിൽ പോയി ആവശ്യ സാധനങ്ങൾ വാങ്ങി വരുന്ന കൗമാരകാരായ രണ്ടു കുട്ടികളാണ് ഈ ഗ്രാമത്തിൽ വാർത്തകൾ എത്തികുന്നത്. അങ്ങനെ അവർ കൊണ്ടുവരുന്ന റേഡിയോയും പഴഞ്ചൻ ടെലിവിഷൻ സെറ്റും പങ്കുവെക്കുന്ന വാർത്തകൾ ഗ്രാമത്തിലെ മുസ്ലിം – ക്രിസ്ത്യൻ ഐക്യം തകർക്കും എന്ന അവസ്ഥ വരുമ്പോൾ, അത് തടയാനായി ഗ്രാമത്തിലെ സ്ത്രീകൾ നടത്തുന്ന പരിശ്രമങ്ങൾ ഒടുവിൽ പുരുഷ സമൂഹത്തിന്റെ കണ്ണ് തുറപികുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തന്റെ പതിവ് ഫെമിനിസ്റ്റ് ചിന്തവലയത്തിനു അപ്പുറത്തേക് വളരാനുള്ള ലബകിയുടെ ആത്മാർത്ഥ പരിശ്രമം ഈ ചിത്രത്തിൽ കണ്ടെത്താൻ കഴിയും. പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളും ഇടകലർന്നു പടരുന്ന ശൈലിയിലാണ് കഥാഗതി മുൻപോട്ടു പോകുന്നത്. യുദ്ധം തങ്ങളിൽനിന്നും തട്ടിപരിച്ചു കൊണ്ടുപോയ പ്രിയപെട്ടവരുടെ കുഴിമാടങ്ങളിലെക്ക് പ്രതിഷേധവും ദുഖവും സ്ഫുരിക്കുന്ന ചുവടുകൾ വെച്ചുനീങ്ങുന്ന കറുത്ത വസ്ത്രധാരികളായ സ്ത്രീകളിലാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. അവസരങ്ങല്ക്കൊത് ഉയരുകയും സംഘർഷങ്ങളിൽ പതറാതെ പോരാടുകയും ചെയ്യുന്ന കുറെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ ലബാകി പരിചയപെടുതുന്നു.
സങ്കർഷഭരിതമായ ലെബനോൻ പ്രവിശ്യതന്നെ സിനിമയ്ക്ക് കേന്ദ്രമായ ഗ്രാമമായി മാറുന്നതിനു ആസ്വാദകൻ സാക്ഷിയാവുന്നു. ഭാഷയും സംസ്കാരവും സംഗീതവും എല്ലാം പൊതുവായി പങ്കിടുന്ന സമൂഹം വിശ്വാസങ്ങളുടെ പേരിൽ അകലുന്നതിന്റെ അർത്ഥശൂന്യത ലബകി വരച്ചു കാട്ടുന്നു. നിഷ്കളങ്കരായ സ്ത്രീ കഥാപാത്രങ്ങൾ കഥയിൽ ഗ്രാമത്തിലെ സമാധാനം പുനസ്ഥാപികുനുണ്ടെങ്കിലും മതവെറിക്കും അക്രമരാഹിത്യത്തിനും ഫലപ്രദമായ ഒരു മറുപടി നിർദേശിക്കാൻ ലബകിക്ക് കഴിയുന്നില്ല
പ്രശസ്ത ലബനിസ് സംവിധായിക നദിൻ ലബകിയുടെ രണ്ടാമത്തെ ഫീച്ചർ ഫിലിം ആയ “WHERE DO WE GO NOW” നിർമ്മിച്ചിരിക്കുന്നത് ആൻ ഡോമിനിക് തുസ്സൈന്റ്റ് ആണ്. ക്രിസ്റൊഫെ ഒഫെൻസ്റ്റൈൻ ഛായഗ്രഹനം നിർവഹിച്ച ഈ ചിത്രത്തിൽ അഭിനേത്രികൂടിയായ ലബകി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലബകിയുടെ ഭർത്താവും സംഗീത സംവിധായകനുമായ ഖാലിദ് മൌസനാർ ആണ് ചിത്രത്തിലെ മനോഹര ഗാനങ്ങൾ എഴുതി സംഗീതം നല്കിയിരിക്കുനത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് സാം മൗനീർ, റോഡ്നി എൽ ഹദ്ദാദ്, തോമസ് ബിദ്ഗൈൻ തുടങ്ങിയ പ്രതിഭകളാണ്.
ആടിയുലയുന്ന മനുഷ്യബന്ധങ്ങളും മൂല്യസംഹിതകളും വാഴുന്ന സമൂഹത്തിൽ ഇനി എങ്ങോട്ടാണ് പോകേണ്ടതെന്ന ചോദ്യം ബാക്കി വെച്ചുകൊണ്ടാണ് ഈ മനോഹരചിത്രം അവസാനിക്കുന്നത്.