ഏകാന്തതയുടെ ഒരു തുരുത്തുണ്ട്.
പ്രതീക്ഷയുടെ ഒരു ജ്വാലയിൽ
സ്വപ്നങ്ങൾ പാചകം ചെയ്യുന്നിടം.
വെന്തു പാകമായ കിനാക്കൾ
കാലത്തിന്റെ ഇലയിലാണ്
വിളമ്പുക
ഇടയ്ക്കിടെ കരിഞ്ഞതും
ചീഞ്ഞതുമായ സ്വപ്നങ്ങൾ
പുറത്തേക്കെറിഞ്ഞു കളയും.
മിന്നാമിന്നിയോളം
പോന്ന ചില സ്വപ്നങ്ങൾ
അമ്മയരയ്ക്കുന്ന
മാങ്ങാച്ചമ്മന്തിയോളം രുചികരം
കുറച്ചെണ്ണം നെടുനീളം.
പ്രകാശം പരത്തുന്നവയാണ്.
പുഴുക്കിട്ടു വെച്ച
കപ്പ പോലെ സ്വാദിഷ്ടം
ഈ തുരുത്തിനെ പ്രാപിച്ച ചിലർ
ഇന്ധനമില്ലാതെ
ആത്മഹത്യ ചെയ്തുവത്രെ.
അവിടെ,
ജീവിക്കേണ്ടതെങ്ങനെയെന്നറിയാത്തോർ
വെള്ളമില്ലാത്ത ടാങ്കിലെ
മീനുകളെപ്പോലെ
പിടച്ചുപിടച്ചങ്ങനെ…..