1987 നവംബർ 5 വ്യാഴാഴ്ച, ക്രിക്കറ്റ് ഒരു മതമായി കണ്ട രാജ്യത്തെ ബഹുഭൂരിപക്ഷം കായിക പ്രേമികൾ ട്രാൻസ്മിറ്റർ കാതോട് ചേർത്ത്, ദൃക്സാക്ഷി വിവരണത്തെ സൂക്ഷ്മമായി ശ്രവിച്ചു മൈതാനത്തെ ചലനങ്ങൾ മനസ്സിൽ നേർക്കഴ്ച്ചകളായി പരിവർത്തനം ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അന്നേക്കു 4 വർഷം മുൻപ് ഇന്ത്യയിൽ പ്രചാരം നേടിയ പരിമിത ഓവർ ക്രിക്കറ്റ് ലോകകപ്പ് നടാടെ ഭാരതത്തിൽ അരങ്ങേറിയ ഉത്സവ ലഹരിയിൽ ആയിരുന്നു അന്നത്തെ യുവത്വം. കപ്പ് ഫേവറിറ്റുകൾ ആയ ഇന്ത്യ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടുകയാണ് ബോംബേയിൽ. അതുവരെയും ടൂർണമെന്റിൽ ഒരേ ഒരു മത്സരം അതും ഒരു റൺസിനു മാത്രം തോറ്റ ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിക്കുന്നത് കാണാൻ ആയിരങ്ങൾ മൈതാനത്തും ,കോടികൾ റേഡിയോയിൽ ചെവി ചേർത്തും കാത്തിരുന്നു .എന്നാൽ ഗ്രഹാം ഗൂചിന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ട് ഉയർത്തിയ 254 എന്ന താരതമ്യേന അപ്രാപ്യമല്ലാത്ത സ്കോർ മറികടക്കാൻ സമ്മർദ്ദത്തിൽ പെട്ട ഇന്ത്യക്കായില്ല.. 219നു ഇന്ത്യ ഓൾ ഔട്ട് ആയി.
അതൊരു തുടക്കമായിരുന്നു എത്ര സാധ്യത കൽപ്പിച്ചാലും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പുകളിൽ സെമിയിൽ പുറത്താകുന്ന ആതിഥേയരുടെ പ്രവണതയുടെ തുടക്കം.. 2016 മാർച്ച് 31 മറ്റൊരു വ്യാഴാഴ്ച അതെ മുംബയിൽ അതേ പോലൊരു ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യ പുറത്താകുന്നു. ടെലിവിഷനു മുന്നിലെ കോടിക്കണക്കിനു ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ കൂപ്പുകൈകളെയും പ്രാർത്ഥനകളെയും നിരാശയുടെ പടുകുഴിയിൽ തള്ളിക്കൊണ്ട് ! ഇതിനിടയിൽ ഒരിക്കൽ കൂടി ഇതേ ഇന്ത്യൻ ക്രിക്കറ്റ് ലോകകപ്പ് ദുരന്തം ആവർത്തിച്ചിരുന്നു. 1996 മാർച്ച് 13 ലെ കറുത്ത ബുധനാഴ്ച, കൊൽക്കത്തയിലെ പൊതുവെ മാന്യരായ കാണികൾ അക്രമാസക്തരായി കളി അലങ്കോലപ്പെടുത്തിയ ഒന്നാം സെമിയിൽ ഇന്ത്യ തോറ്റത് പ്രത്യേകിച്ച് റൺസിനോ വിക്കറ്റിനോ അല്ല, നിശ്ചയിക്കാൻ കഴിയാത്ത മാനദണ്ഡങ്ങൾക്കാണ്. അന്ന് കരഞ്ഞു കൊണ്ട് ഡ്രസ്സിംഗ് റൂമിലേക്ക് പോയ വിനോദ് കാംബ്ലിയെ ആർക്കാണ് മറക്കാൻ സാധിക്കുക. ഈ തോൽവികൾക്കെല്ലാം പരിഹാരമയതും, ഫൈനലിന് വിളിപ്പാടകലെ വിരമിക്കുന്നതുമായ പതിവ് രീതിക്ക് വിപരീതമായതുമായ ഒരു ലോക കപ്പ് വിജയം ഇന്ത്യ 2011-ൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ നേടിയത് വിസ്മരിക്കാനും കഴിയില്ല.
മുൻപ് മഹാകാവ്യം പോലെ അഞ്ചു ദിനത്തിൽ പതിനഞ്ചു സെഷനുകളിൽ ആടിയിരുന്ന ടെസ്റ്റ് ക്രിക്കറ്റ് പിന്നീട് ഖണ്ഡ കാവ്യം പോലെ ഏകദിനം ആകുകയും ഈയടുത്തായി ഉത്തരാധുനിക മിനി കവിത പോലെ T20 എന്ന കാച്ചി ക്കുറുക്കിയ ഫോർമാറ്റിലേക്ക് ലോപിക്കുക്കയും ചെയ്തു. പരിമിത ഓവർ ക്രിക്കറ്റ് എന്നും ഒരു ആവേശം ആണ്, ആദ്യം 60 ഓവർ ഏകദിനം ആയും പിന്നീട് 50 ഓവർ ഏകദിനം ആയും എത്തി ജനകീയമായ കായിക വിനോദം പിൽക്കാലത്ത് 20 ഓവർ മത്സരമായി ചുരുങ്ങിയപ്പോൾ ഇന്നത്തെ ജീവിത ശൈലിക്കും പ്രായോഗികതക്കും അനുയോജ്യമാവുകയും ജനപ്രിയതയുടെ പാരമ്യത്തിൽ എത്തുകയും ചെയ്തു. വെസ്റ്റ് ഇൻഡീസ് എന്ന ടീമിന്റെ പ്രയാണവും ഈ ഫോർമാറ്റ് പരിണാമവുമായി ഇടകലർന്നിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് സുവർണ കാലത്ത് സൊബെർസ് ഫ്രാങ്ക് വോറേൾ തുടങ്ങിയ അതികായന്മാരുടെ നേതൃത്വത്തിലും പിൽക്കാലത്ത് ഏകദിനം ജനകീയമായപ്പോൾ വിവ് റിച്ചാർഡ്സ്, ക്ലൈവ് ലോയ്ഡ്, ലാറ, മാൽകം മാർഷൽ, വാൽഷ് തുടങ്ങിയ താരങ്ങളുടെ പിൻബലത്തിലും ഇന്നിതാ T20 യുടെ കാലത്ത് ഗെയിൽ, ബ്രാവോ, സമി അങ്ങനെ ഒരു പറ്റം ഊർജ്ജ സ്രോതസ്സുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ മുടിചൂടാ മന്നന്മാരായി വാഴുന്നു. ഏതെങ്കിലും ഒരു ടീം രണ്ടു തവണ ലോകകപ്പ് വിവിധ ഫോർമാറ്റുകളിൽ ആദ്യമായി നേടുന്ന അപൂർവ റെക്കോർഡും അവർ സ്വന്തമാക്കിയിരിക്കുന്നു (1975,1979 ഏകദിന ലോകകപ്പ്, 2012, 2016 T20 ലോകകപ്പ്). ഇത്തവണത്തെ ഇന്ത്യയിലെ ലോകകപ്പ് കുഞ്ഞൻ ഫൊർമാറ്റിലെ വെസ്റ്റ് ഇന്ത്യൻ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതായി എന്ന് പറയാൻ സാധിക്കും.
ഇതുവരെ നടന്ന T20 ലോകകപ്പുകളിൽ’വെച്ച് ഏറ്റവും നിലവാരം പുലർത്തിയ ടൂർണമെന്റ് ആണ് ഇത്തവണ ഇന്ത്യയിൽ സംഘടിപ്പിച്ചത് എന്ന് വ്യക്തമായി നിരീക്ഷിക്കാൻ കഴിയും. മുൻ നിര ടീമുകൾ മാത്രം പങ്കെടുത്ത ഓരോ ഗ്രൂപ്പിലും മികച്ച രണ്ടു ടീമുകൾക്ക് മാത്രം സെമി ബർത്ത് അനുവദിക്കുന്ന സൂപ്പർ ടെൻ എന്ന റൌണ്ടു തന്നെയായിരുന്നു പ്രധാന സവിശേഷത. ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടിന്റെയും ക്രിക്കറ്റ് എന്ന കായിക വിനോദത്താൽ മാത്രം ഏകീകരിക്കപ്പെടുന്ന ആറു സ്വതന്ത്ര രാജ്യങ്ങളുടെ കൂട്ടയ്മായായ വെസ്റ്റ് ഇൻഡിസ് ടീമിന്റെയും ഫൈനൽ പ്രവേശനം അതതു രാജ്യങ്ങളിൽ ക്രിക്കറ്റിനു നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പ്രചാരം വീണ്ടെടുക്കാൻ സഹായിക്കും എന്നുള്ളത് കളിയെ സംബന്ധിച്ച് വളരെയധികം പ്രയോജനകരമാണ്. പിന്നെ ഒരു സെമി ഫൈനലിലെ തോൽവി കൊണ്ടൊന്നും ഭാരതത്തിലെ ക്രിക്കറ്റ് പ്രേമികൾ കളി കാണാതിരിക്കാനോ വെറുക്കാനോ പോകുന്നില്ല. കാരണം ഈ ലോകകപ്പിൽ കളിച്ചതും കളിക്കാത്തതുമായ ലോകോത്തര ക്രിക്കറ്റർമാർ പങ്കെടുക്കുന്ന T20 യുടെ ആഘോഷമായ ഐ പി എൽ ഒൻപതാം പതിപ്പിനു തിരി തെളിഞ്ഞിരിക്കുന്നത് ഏപ്രിൽ 9 മുതൽ ആണ്, കൃത്യമായി പറഞ്ഞാൽ ലോകകപ്പ് ഫൈനൽ നടന്ന് ഒരാഴ്ചക്കകം !
കൊള്ളാം!!!