ഗർഭാലസ്യം കൊണ്ട് ക്ഷീണിച്ച മനസ്സുമായി ഉറക്കം തൂങ്ങികൊണ്ട് ഇറയത്തിരിക്കുന്ന അംബുജത്തിനെനോക്കിക്കൊണ്ട് മാളുവമ്മ മുറ്റത്തിറങ്ങി നെല്ല് ചിക്കാൻ തുടങ്ങി.
മുറ്റത്ത് പനംപായിലുണങ്ങുന്ന നെല്ല് ചിക്കുന്നതിനിടയിലൊക്കയും അവർ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും…. ഇടക്കവർ നിവർന്നു നിന്നു അംബുജത്തെ നോക്കികൊണ്ട് ഇങ്ങിനെ പറഞ്ഞു…
“ആയ്… ആയ്…. ദെന്താ അംബുജം ഏത് നേരോം ഇങ്ങിനെ ഒടിഞ്ഞു തൂങ്ങിയിരിക്കാതെ ഈ മുറ്റത്തും, വരാന്തേലുമൊക്കെ ഒന്ന് നടന്നൂടെ കുട്ട്യേ നിനക്ക്? മോത്ത് എന്തൊരു ക്ഷീണാ… നീയാ ദാന്ത്വന്തരം ഗുളിക അരിഷ്ടത്തിൽ ചേർത്ത് കുടിക്കിണില്യേ?”
അവൾ പതുക്കെ ഒതുക്കുപടികൾ ഇറങ്ങി മുറ്റത്തെ മണ്ണിലൂടെ പതുക്കെ നടന്നു.. മുറ്റത്തിനോരത്തെ മുല്ലക്കാട്ടിലെവിടയോ മുല്ല പൂത്തിരിക്കുന്നു… എന്ന് തോന്നുന്നു നല്ല മുല്ല പൂ ഗന്ധം….
മാളുവമ്മ സംസാരം തുടർന്നു കൊണ്ടിരിക്കുമ്പോഴും അംബുജം മുറ്റത്ത് കൂടി നടപ്പ് തുടർന്നു.. കാൽവണ്ണയിൽ നേർത്ത നീരുണ്ട്.. അടിവയറിനരികിൽ നോവോടെ ഒരു ചലനം… അംബുജം ഇടതുകൈ വയറിനടിയിൽ താങ്ങികൊണ്ട് പാരിജാത തണലിലേക്ക് പതുക്കെ നടന്നു.
“ദേ… അങ്ങോട്ട് ദൂരെ പോണ്ടാ ട്ടാ.. ആ കുട്ടനോട് എത്രാച്ചിട്ടാ പറയ്യാ… അവടാകെ കാടും പൊന്തയും നിറഞ്ഞു.. വെട്ടി തെളിച്ചില്യാച്ചാ.. വല്ല എഴജന്തുക്കളും കേറീ കൂട്യാ അറില്യ…. ട്ടോ..”
“അല്ല അംബുജം.. സദാശിവൻ ഇനി എന്നാ വര്യാ?
കുറ്റിപ്പുറത്ത് നിന്നും അടുത്ത് ആരേങ്കിലും ഇങ്ങട് വരുന്നുണ്ടാവോ?..”
“അറീല്യാ ചെറ്യേമ്മേ.. കഴിഞ്ഞ ആഴ്ചയല്ലേ ഏട്ടൻ വന്നു പോയത്?എന്തേ?”
“ഒന്നൂല്യാ.. ഇയ്ക്കൊന്ന് കോട്ടപ്പടിവരെ പോകണം ന്നുണ്ട്.. മീനൂനെ ഒന്ന് പോയി കാണണം. അവള് ശ്വാസം മുട്ടായി കിടപ്പായിരുന്നത്രെ..”
“ഇവടെ നിന്റെ അമ്മേനെകൊണ്ട് കൂട്ട്യാ കൂടില്ല. അതിനും ഇപ്പറഞ്ഞ പോലെ എപ്പള വലിവ് വരുന്നൂന്ന് അറിയില്ല.. നെല്ലിന്റെ മണം കേട്ടാ മതി അവൾക്ക് തുമ്മാനും ചൂറ്റാനും…”
മാളുവമ്മ വലിയ മടിയിട്ടുടുത്ത ഒറ്റമുണ്ടിന്റെ മടിത്തല എടുത്ത് മുഖം തുടച്ചു അകത്തേക്ക് നടക്കുന്നത് നോക്കി അംബുജം തിണ്ണയിലേക്ക് മടങ്ങി…
അംബുജത്തിന് ഓർമ്മ വെക്കുന്ന കാലം തൊട്ടെ മാളുവമ്മ ചീയാരത്തു തറവാട്ടിലുണ്ട്.. വീട്ടിലുള്ളവർ എല്ലാരും അവരെ ചെറിയമ്മ എന്ന് വിളിച്ചു. കോട്ടപ്പടിയിൽ അവർക്ക് അകന്നൊരു ബന്ധുവുള്ളതൊഴിച്ചാൽ അവർ തീർത്തും അനാഥയാണ്…..
അവർ സകലസ്വാതന്ത്ര്യത്തോടെയും ആ വീട്ടുക്കാരെ സ്നേഹിച്ചും, ശാസിച്ചും ജോലി ചെയ്തും ജീവിച്ചു.. അവരാ വീട്ടിലെ ആരുമല്ല എന്ന് മാളുവമ്മക്കൊപ്പം പലരും മറന്നു പോയിരുന്നു..
മാളുവമ്മ തിരക്കിലേക്കാഴ്ന്ന് പോയപ്പോൾ പിന്നാമ്പുറത്തു നിന്നും വീട്ടുമൃഗങ്ങളോടുള്ള അവരുടെ ശാസനകളും, കല്പനകളും ഒഴുകി വരാൻ തുടങ്ങി. അത് കേട്ട് അംബുജം ഇറയത്തേക്ക് കേറി പരവശത്തോടെ തിണ്ണയിലിരുന്നു…
അമ്മ പൂമുഖത്തേക്ക് കടന്നു വരുമ്പോൾ കൈയ്യിലൊരു ഓട്ടു കിണ്ണമുണ്ടായിരുന്നു. അംബുജത്തിന്റെ മുന്നിലേക്ക് ഓട്ടു കിണ്ണത്തിനടിയിൽ വാഴയില വെച്ചതിൻ മീതെ ശർക്കരയിട്ട് പുഴുങ്ങിയ ഏത്തപ്പഴം ചൂടോടെ വെച്ച് അമ്മ അകത്തേക്ക് നോക്കി പറഞ്ഞു.. “മാളൂ… അടുപ്പില് പാല് വെച്ചിട്ടുണ്ട് ട്ടോ… തൂവാതെ നോക്കണം..”
കിണ്ണം മുന്നിലേക്ക് നീക്കി അമ്മ അവളോട് പറഞ്ഞു.
“കഴിക്ക്.. നിനക്ക് പാലെടുക്കട്ടെ…?”
“വേണ്ട… ജീരകവെള്ളം മതി..”
അമ്മയുടെ അരകവിഞ്ഞ മുടി പുറം കവിഞ്ഞു കിടപ്പുണ്ടായിരുന്നു…. വിധവയായതിന് ശേഷം അവർ ശുഭ്രവസ്ത്രധാരിണിയായാണ് എപ്പോഴും…
സന്ധ്യയിൽനെറ്റിയിലെ ഭസ്മക്കുറിയടയാളവും. പ്രഭാതത്തിൽ മഞ്ഞൾപ്രസാദവും തിളങ്ങി നിൽക്കുന്ന വെളുത്ത മുഖത്ത് വാത്സല്യത്തേക്കാളേറെ ഗാംഭീര്യമായിരുന്നു… വല്ലാത്ത തേജസ്സുണ്ടെങ്കിലും ആ മുഖത്ത് നോക്കിയാൽ.. ചെറിയൊരു ബഹുമാനം കലർന്ന ഭയം ആരിലും ജനിക്കുമായിരുന്നു.
അമ്മ വെറുതെയെപ്പോഴും ചിരിക്കുന്ന പ്രകൃതമല്ലായിരുന്നു.. നടന്നു പോകുമ്പോൾ പോലും അവരുടെ ചലനങ്ങളിൽ ഒരാജ്ഞാശക്തി പിൻതുടർന്നിരുന്നു..
“നീ…. കഴിച്ചു കഴിഞ്ഞില്ലേ?..”
അംബുജം കണ്ണത്തിൽ നിന്നും പഴമെടുത്ത് കഴിക്കാൻ തുടങ്ങുമ്പോഴാണ് മുറ്റത്ത് ഒരു പെൺനിഴൽ….
മാളൂ…. മാളൂ…… അമ്മയുടെ വിളിക്കൊപ്പം അമ്മ ആ സ്ത്രീയോടിപ്രകാരം പറഞ്ഞു…
“പിന്നിലേക്ക് പൊയ്ക്കോളൂ… മാളൂ അവിടെയുണ്ട്…….”
അവർ പിന്നാമ്പുറത്തേക്ക് പോയപ്പോൾ അമ്മ സംസാരംതുടർന്നു.. –
“പുറം പണിക്കാ… വളപ്പാകെ കവുങ്ങിൻപട്ടയും മടലും വീണു കുന്നുകൂടി… ഒന്ന് വെട്ടിയൊതുക്കി വെടിപ്പാക്കാൻ വരാൻ പറഞ്ഞതാ..”
“ഈ സന്ധ്യക്കോ…..?”
“അല്ല… നാളെ തൊട്ട് മതി… ഇന്ന് ആ ചായ്പ്പിലെ കുറേ വിറകവിടെക്കിടന്ന് ചെതല് പിടിച്ചു. എടുത്ത് കൊണ്ടു പൊയ്ക്കോട്ടെ എന്ന് അറിയിച്ചിരുന്നു. അവിടം വൃത്തിയാവൂലോ….”
“ആരാ.. അമ്മേ അത്?”
“ആ…. അത് പറയാൻ വിട്ടു… കുന്നുംപ്പുറത്തെ പ്രേമൻല്ല്യേ….. അവന്റെ പെണ്ണാ?”
“ങ്ങേ…. അവന്റെ കല്യാണം കഴിഞ്ഞോ?”
“പിന്നേ…. ഒരു കൊല്ലായി.. ഇപ്പോ ഏഴോ എട്ടോ മാസം ഗർഭിണിയാന്നാ… മാളൂ പറഞ്ഞത്…”
അമ്മ ഏറേയൊന്നും പറയാതെഒഴിഞ്ഞ കിണ്ണവുമായി അകത്തേക്ക് പോയപ്പോൾ അംബുജത്തിന് ആ പെൺകുട്ടിയെ ഒന്ന് കാണണമെന്ന് തോന്നി.
അവൾ പതിയെ പിന്നാമ്പുറത്തേക്ക് നടന്നു…. വടക്കുപ്പുറത്തെ ചായ്പ്പിൽ അവരുടെ സംസാരം കേട്ടപ്പോൾ ഒതുക്കുകല്ലിറങ്ങി അംബുജം അങ്ങോട്ട് നടന്നു…
അവളെ കണ്ടതും മാളൂവമ്മ ഒച്ച വെക്കാൻ തുടങ്ങി….
“ഇതെന്ത് തോന്ന്യാസാ കുട്ടി ഈ കാട്ടിയത്…
ആ ഒതുക്കു കല്ലിറങ്ങുമ്പോൾ കാല് തെന്നിയിരുന്നെങ്കിലോ?
സന്ധ്യകരിപ്പ് നേരത്ത്…. മുറ്റത്തേക്കിറങ്ങാൻ പാങ്ങില്യാന്ന് കുട്ടിക്ക് നിശ്യം ല്ലേ?…..
സത്യേടത്തീ……. ഇങ്ങളിത് കണ്ടില്ല്യേ?”
അംബുജം വല്ലായ്മയോടെ അവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…
“ഒച്ചയുണ്ടാക്കല്ലേ ചെറ്യേമ്മേ…… ഞാനീ കുട്ടിയെ കണ്ടിട്ട് പൊക്കോളാം….”
“ഹേയ്…… അതിനിങ്ങോട്ട് വരണാ….. ഇതങ്ങട്ട് വിളിച്ചാ വരില്ലേ?”
ഓരോരോ ആപത്തോള് ഉണ്ടാക്കി വെക്കാൻ നോക്കല്ലേ ട്ടോ….. കുട്ട്യേ….. ഉം ഉം. ഇയാളെ ഇപ്പോ.. കണ്ടില്ലേ? കുന്നുംപ്പുറത്തെ….. മാളുവമ്മ മുഴുവനാക്കും മുൻപ് ആ മെലിഞ്ഞ പെൺകുട്ടി തലയുയർത്തി പറഞ്ഞു “ന്റെ പേര് സുജാത”
അംബുജം അവളെ സൂക്ഷിച്ചു നോക്കി… വിളർത്തു വെളുത്ത ഒരു ഇരുപത്ക്കാരി. മുഷിഞ്ഞുലഞ്ഞ സാരിക്കുള്ളിൽ അവൾ തീർത്തും മറഞ്ഞു പോയിരിക്കുന്നു… കുനിഞ്ഞു നിന്നവൾ വിറകു കൊള്ളികളിലെ ചിതലിനെ തട്ടി കളഞ്ഞു കളഞ്ഞു കയറിലേക്ക് ബന്ധിക്കുന്നു…..
ആ കുനിഞ്ഞുതാണ മാറിടത്തിന് താഴേ തീരെ വലുപ്പം കുറഞ്ഞൊരു ഉദരത്തിന്റെ ഉയരത്തിൽ സ്വകാര്യത്തിന്റെ തലേക്കെട്ടുപോലവളുടെ ഗർഭത്തെ സൃഷ്ടിയാലടയാളപ്പെടുത്തിയിരിക്കുന്നു….
അവളുടെ മാറിടത്തിൽ ഒരു കിതപ്പ് കുരുങ്ങി കിടപ്പുണ്ടായിരുന്നതു പോലെ അംബുജത്തിന് തോന്നി. അവൾ സാരി തുമ്പെടുത്ത് മുഖം തുടച്ചു കൊണ്ട് പറഞ്ഞു “ഇതൊന്ന് തലയിലേക്ക് പിടിച്ച് തരൂ അബ്രാളെ…… വളപ്പിലെ പണിക്ക് ഞാൻ നാളെ കാലത്ത് വന്നേക്കാം”
അവളുടെ മെലിഞ്ഞ കയ്യുകളിൽ ഇളകുന്ന കുപ്പിവളകളെ നോക്കി അംബുജം വിഷണ്ണയായി നിന്നു…… ആ ഭാരവും തലയിൽ ചുമന്നവൾ ആ ഇരുട്ടിലൂടെ മുന്നോട്ട് നടക്കുമ്പോൾ ഉയർന്നു കാണുന്ന അവളുടെ ഉദരത്തെ നോക്കി അംബുജം സ്വന്തം ഉദരത്തിൽ കൈ ചേർത്തു പിടിച്ചു…..
ഇല്ലായ്മയിൽ…. പാടുപെടുന്നവർക്കിടയിൽ പരാതിയൊന്നുമില്ലെന്ന് തോന്നുന്നു എന്നവൾക്ക് തോന്നി…….
പരിചരണം എന്നത് ചില വ്യവസ്ഥിതികളുടെ ആവശ്യമാണ്…
നിവൃത്തികളുടെ, ഏറ്റക്കുറച്ചിലിന്റെ, സമ്പത്തിന്റെ ഒക്കെ അടയാളപ്പെടുത്തൽ..
“ദേ….. കുട്ടി ഇനിയും കേറി പോയില്ലേ…. ഈ കുട്ടിക്ക് പറഞ്ഞാ മനസ്സിലാവില്ലാ എന്നുണ്ടോ…… ഈ സന്ധ്യക്കരിപ്പ് നേരത്തിങ്ങനെ മുറ്റത്തിറങ്ങി നിന്നൂടാകുട്ട്യേ…. ഉം ഉം… ഉംഉം…. അകത്തേക്ക് കേറി പൊയ്ക്കോളൂ…”
“ചെറ്യേമ്മേ…. അപ്പോ ആ…. പോയ പെൺകുട്ടിയോ?…. അവളും എട്ടു മാസം ഗർഭിണിയാണ്…. നാളെ രാപ്പകൽ മുഴുവൻ നമ്മുടെ വളപ്പിൽ അദ്ധ്വാനിക്കാൻ അവൾ വീണ്ടും എത്തും…..
ഇതെന്തിനാ… നിങ്ങൾ ഗർഭത്തെ ഒരു രോഗമാക്കുന്നത്? നാളെ ഞാനും അവൾക്കൊപ്പം വളപ്പിൽ സഹായിച്ചാലോ?
“ശിവ… ശിവ…… സത്യേടത്തി കേട്ടോ… ഈ കുട്ടി എന്താ ഈ പറയുന്നത് എന്ന് കേട്ടോ…..”
“അല്ല അംബുജം നിന്റെ കെട്ട്യോൻ കമ്മൂണിസ്റ്റാന്ന് കേട്ടിരിക്കുണൂ…. ഇപ്പോ അന്നേം കമ്മൂണിസ്റ്റാക്കില്ലേ?……”
മാളുവമ്മ തന്റെ കണ്ണ് പൂർവ്വാധികം വലുതാക്കി താടിക്ക് കൈ കൊടുത്ത് മുറ്റത്ത് അന്തിച്ചു നിൽക്കേ അംബുജത്തെ താങ്ങി പിടിക്കാൻ അകത്ത് നിന്നും അമ്മയും ഓടിയെത്തി.
തോളിനിരുപുറത്തു നിന്നവർ താങ്ങി പിടിക്കുമ്പോൾ അവർക്ക് മുന്നിലൂടെ ക്ഷീണച്ചൊരു രൂപം തന്റെ ഉയർന്ന ഉദരം ഒരു കൈ കൊണ്ട് താങ്ങി പിടിച്ച് മറുകൈ ശിരസ്സിലേറ്റിയ ഭാരത്തിൽ ചേർത്തുവെച്ച് ആ ഇരുട്ടിലൂടെ നേർത്ത വെളിച്ചം വാർന്നു വീഴുന്ന പൂമുഖ മുറ്റത്തേക്ക് വേച്ചു, വേച്ചു നടന്നു പൊയ്ക്കൊണ്ടിരുന്നു……..
സമ്പത്തിന്റെ ഗർഭം അലങ്കാരത്തോടെ ചുമക്കുന്ന വിഭാഗങ്ങൾക്കിടയിൽ ഇല്ലായ്മയുടെ പകിട്ടില്ലായ്മയിൽ സൃഷ്ടിയുടെ ഭാരം നിസ്സാരതയോടെ ചുമക്കുന്ന മാതൃത്വമഹത്വം തിരിച്ചറിഞ്ഞ അംബുജം.., തന്റെ ഗർഭാലസ്യം ഒരു നുണയാണോ എന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നു…..