സൂസന്നയുടെ ഗ്രന്ഥപ്പുര എന്നിലേക്ക് ചേർന്നപ്പോൾ

ലളിതമായ ഭാഷാശൈലികൊണ്ട് ഹൃദ്യമായ രീതിയിൽ ഗൃഹാദുര ഓർമ്മകളെ തൊട്ടുണർത്തിയ പുസ്‌തകം.വായനാശീലം കുറവായതുകൊണ്ട് തന്നെ “സൂസന്നയുടെ ഗ്രന്ഥപ്പുര”യിലൂടെ മറ്റു പല പുസ്തകങ്ങളെയും എഴുത്തുകാരെയും പറ്റി അറിയാൻ കഴിഞ്ഞു. ഒപ്പം അവർ പണിതുയർത്തിയ ലോകത്തേക്ക് എത്തണം എന്ന ജിജ്ഞാസയും എന്നിൽ നാമ്പെടുത്തു.പെട്ടെന്ന്  ഓർമ്മവരുന്നത് റോബെർട്ടബർട്ടൺ എഴുതിയ “അനാട്ടമി ഓഫ് മേലാങ്കോളി” ആണ്.വിഷാദത്തെ മനോഹരമായി കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നു.

“വിഷാദം മനുഷ്യരിൽ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ ജീവരാശികളിലുമുണ്ട് എന്നു പറയാം.മൃഗങ്ങൾക്കും പക്ഷികൾക്കും സസ്സ്യങ്ങൾക്കും വിഷാദമുണ്ട് ,ഏറിയും കുറഞ്ഞും.സ്ഥിരമായി പരിപാലിക്കുന്ന ചെടിയെ കുറച്ചു ദിവസത്തേക്കു അവഗണിച്ചു നോക്കൂ.അത് തളരുന്നതു കാണാം.ഒരു വൃക്ഷത്തെ കെട്ടിപ്പുണർന്നു നോക്കൂ.അതുണരുന്നത് അറിയാനാകും.സ്പർശനത്തോടു നിസ്സംഗമാകാൻ ഒരു ജീവരാശിക്കും  കഴിയില്ല.മനുഷ്യൻ്റെ എല്ലാ ആഹ്‌ളാദവും സ്പർശനത്താൽ പിറക്കുന്നു.”

എന്ത് അർത്ഥവത്തായ വരികൾ!  ഇത് കൂടാതെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന പല സന്ദർഭങ്ങളും വളരെ ഹൃദയാത്മകമായി ഒത്തു ചേർക്കാൻ മാങ്ങാട്ടിനു കഴിഞ്ഞിട്ടുണ്ട്.എൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള പല സംഭവങ്ങളും കഥാകാരൻ്റെ ഭാവനയിലൂടെ വായിച്ചപ്പോൾ ,ജാതിയുടെയും, മതത്തിൻ്റെയും, ഭാഷയുടെയും ഒക്കെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യന്മാർ തമ്മിലുള്ള അന്തർധാര വളരെ സജ്ജീവമാണ് എന്ന്  തോന്നി.അത് ‘മനുഷ്യത്വം’ എന്ന സങ്കല്പത്തിലുള്ള   വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.ഉദ്ദാഹരണമായി ആന്ധ്രപ്രദേശിലെ ബിരുദ പഠനകാലത്ത് ക്ലാസ്സിലെ ഏക മലയാളി വിദ്യാർത്ഥി ആയതിനാലും ,മറ്റു സഹപാഠികൾ ഒരേ ഭാഷ സംസാരിക്കുന്നവരായിരുന്നതിനാലും  പലപ്പോഴും ഒറ്റപെട്ടതായി തോന്നിയിട്ടുണ്ട്.എന്നാൽ അക്കാലതാണ് എന്നിൽ മറ്റൊരു ‘ഞാൻ’ ഉണ്ട്  എന്ന വലിയ തിരിച്ചറിവ് എനിക്ക് ഉണ്ടാകുന്നത്.അന്ന് വരെയും  തിരിച്ചറിയാതെ പോയ ഒരാന്തരിക ജീവിതം ദിനങ്ങൾ നേടി തന്നു.ഇതിനു സമാനമായ ഒരു അനുഭവം പുസ്തകത്തിൽ വായിച്ചപ്പോൾ “സൂസന്ന ” ഒന്നുകൂടി  പ്രീയപെട്ടതായി മാറി.

“ഞാൻ ഒരേ സമയം അവരുടെ കൂട്ടത്തിലെ ഒരാളും അവരുടെ ഭാഷ അറിയാത്തതു കൊണ്ട് അവരുടെ കൂട്ടത്തിൽ അല്ലാത്ത ആളുമാണ്.അപ്പോഴാണ് എനിക്ക് തോന്നിയത് ഞാൻ ഇവരിൽ നിന്നെല്ലാം വ്യത്യസ്ത.എനിക്ക് എന്റേതായ  ഓർമകളും ലോകവുമുണ്ട്.എനിക്ക് എന്റേതായ ഒരു ബാഹ്യലോകവും ആന്തരികലോകവുമുണ്ട്.അതിനാൽ ഞാൻ മറ്റൊരു ലോകത്ത്‌ തന്നെ ജീവീതം തുടരും.”

അങ്ങനെ ആന്ധ്രയിലെ ജീവിതം ഒരു പുതിയ ലോകമാണ് എനിക്ക് മുന്നിൽ തുറന്നത്. ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലുകളും,ഞാൻ വിശ്വസിച്ചിരുന്ന എൻ്റെ ആദർശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മറ്റുള്ളവയോടു ചെറുത്തുനില്ക്കലും സാധാരണമായിരുന്നു.പലർക്കും പ്രഥമദൃഷ്ട്ടിയാൽ അനിഷ്ടം തോന്നിയെങ്കിൽകൂടി ബിരുദകാലഘട്ടത്തിന്റെ അവസാന പകുതിയിൽ എന്നിലെ വ്യത്യസ്ഥത അവരെ എന്നോട് അടുപ്പിച്ചു.സൂസന്നയെ പോലെ “വലിയ പ്രഹരങ്ങൾക്കു ശേഷവും വീണു പോകാതെ ഉയർന്നു നില്ക്കാനുള്ള വിദ്യയും “,അമുദയെ പോലെ “ആത്മാവിനുള്ളിൽ വലിയ ലോകത്തെ എങ്ങനെ കൊണ്ട് നടക്കണം” എന്നും പഠിച്ചു.അലിയെ പോലെ “ഒരാളോടും മിണ്ടാതെ കഴിച്ചുകൂട്ടിയ  ദിവസങ്ങളും ഉണ്ടായിട്ടുണ്ട്”.വിഷാദം തളം കെട്ടിയ ആന്ധ്രയിലെ ബസ്സ് യാത്രകൾ മനസിലേക്കു അലയടിക്കുന്നു.ഒറ്റക്കിരുന്ന് കൂരാകൂരിരുട്ടിൽ നോക്കി സങ്കടത്തെ കടിച്ചമർത്തിയ എത്രയോ രാത്രികൾ.”ഞാൻ മനുഷ്യരിൽ അഭയം തേടുന്നില്ല” എന്ന ജോസെഫിന്റെ വാക്കുകൾ വലിയ തിരിച്ചറിവാകുന്നു .കാരണം നമ്മുടെ ജീവിതത്തിൽ മറ്റു മനുഷ്യർ എല്ലാവരും ഋതുക്കളെ പോലെയാണ്. അവർ വരും,കുറേ നിറച്ചാർത്തുകൾ തന്ന്‌ എങ്ങോട്ടോ മണ്മറഞ്ഞുപോകും.കഥയിൽ പറയും പോലെ ,

“നമ്മുടെ സ്നേഹങ്ങൾ എത്രയാഴത്തിൽ മണ്ണടിഞ്ഞാലും എത്ര ഋതുക്കൾ  അതിനു മീതേ കടന്നു പോയാലും നാം പുരാവസ്തുഗവേഷകരെപ്പോലെ അതിലേക്കു കുഴിച്ചു ചെന്നുകൊണ്ടിരിക്കും. ”

കാലം എന്നും  ഉള്ളിൽ ജീവിക്കും.ഇന്ന് നാം ആരാണോ അതെല്ലാം പല വഴികളിൽ  കണ്ട വ്യത്യസ്‌തരായ വ്യക്തികൾ കാരണമാണ്.

“എൻ്റെ ഇപ്പോഴത്തെ വ്യക്തിത്വം എന്റെ നഷ്ടമായ ഒട്ടേറെ വ്യക്തികളുടെ ഫലമാണ്.”

ജീവിതത്തിൽ വന്നു പോയ പലരുടെയും ബാക്കിപത്രമാണ് നാം എന്ന വലിയ സത്യത്തിലേക്കാണ് കഥാകാരൻ വിരൽ ചൂണ്ടുന്നത്.പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരനായ വാൾട്ട് വിറ്റ്മാനിൽ നിന്നും ഞാൻ കടം എടുത്ത ഫേസ്ബുക് ബയോ ഓർത്തുപോകുന്നു “I am large,I contain multitudes.”

ബന്ധങ്ങളെ പറ്റി ഇപ്രകാരം പറയുന്നു,

“രണ്ടു പേർക്കിടയിൽ പരസ്പരം പ്രവേശിപ്പിക്കാത്ത ചില അറകളുണ്ട്.ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഇല്ല എന്നല്ല,ഞങ്ങളുടെ രഹസ്യങ്ങളെക്കാൾ വലുതാണ് ഞങ്ങളുടെ പങ്കിടലുകൾ എന്നു ഞാൻ വിശ്വസിക്കുന്നു.”

അദ്ദേഹം പറയും പോലെ നല്ല പങ്കിടലുകളിലൂടെ തന്നെയാണ് നല്ല ബന്ധങ്ങൾ ഉടലെടുക്കുന്നത് എന്നതിൽ തർക്കമില്ല. മുഴുവനായി ഒരാൾക്കും മാറ്റൊരാളെ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി നല്ല സംഭാഷണങ്ങൾ ആളുകൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതായി തോന്നിയിട്ടുണ്ട് .

ഓർമ്മകൾ  എല്ലാ മനുഷ്യരുടെയും സമ്പത്താണ്.എന്നാൽ ,

“ചിലപ്പോൾ നാം നമ്മുടെ ഏറ്റവും നല്ല ഓർമ്മകൾ ആരോടും പറഞ്ഞിട്ടുണ്ടാവില്ല.അങ്ങനെ ഓർമകളുണ്ടായിരുന്നുവെന്നതിനു ഒരു തെളിവും അവശേഷിപ്പിക്കാതെ നാം കടന്നു പോകും.”

ഇതു വായിച്ചപ്പോൾ സങ്കടം തോന്നി,കാരണം എത്ര നല്ല  ഓർമ്മകളായിരിക്കും അങ്ങനെ കാലഹരണപ്പെട്ടു പോയിട്ടുണ്ടാവുക.

ഇളം മഞ്ഞു ശരീരത്തിലേക്ക് ആഴ്ന്നിറങ്ങും പോലെ വിഷാദത്തിന്റെ കാറ്റു പലപ്പോഴായി എന്നെ തഴുകിപ്പോയി.അമുദയുടെ വാക്കുകളോട് യോജിക്കുന്നു.

“കാരണം എനിയ്ക്കേറ്റവും പ്രീയപെട്ടവർ എന്നെ ഉപേക്ഷിക്കും.എന്നെ ഒറ്റയ്ക്കാക്കി എന്നോട് ക്രൂരത കാട്ടും .”

പലപ്പോഴും പാതിവഴിയിൽ ഒറ്റയ്ക്കാക്കി പോയ മുഖങ്ങൾ വേദനയോടെ ഓർത്തുപോകുന്നു.ഒരു പക്ഷെ കാര്യകാരണങ്ങൾ ഇല്ലാതെ ജീവിതത്തിലേക്ക് കടന്നു വരുകയും, അതുപോലെ തന്നെ ഒരു യാത്രാമൊഴി പോലും ചൊല്ലാതെ പോവുകയും ചെയ്തവരാണ് ഏറെയും.അവരിൽ പലരും എന്നെയും ഇപ്രകാരം ഓർക്കുന്നുണ്ടാകും.പലപ്പോഴും ഇത്തരം ഒറ്റപ്പെടലുകൾ ജീവിതത്തിലെ സുഖമുള്ള വേദനയായി മനസിന്റെ ഏതോ കോണിൽ അവശേഷിക്കുന്നു.

പിന്നീട് എൻ്റെ ശ്രദ്ധയാകർഷിച്ചത് ഭാഷയുടെ അപര്യാപ്തതയെ പറ്റി മങ്ങാട്ട് പറയുന്ന വരികളാണ്.

“നാം പരസ്പരം മനസിലാക്കാൻ ആവശ്യമായ പദപ്രയോഗങ്ങളുടെ പകുതിപോലും എല്ലാ നിഘണ്ടുവിലും തിരഞ്ഞാലും ലഭിക്കില്ല.ഉദ്ദാഹരണത്തിന് ഈ നിമിഷം എനിക്കുള്ളിൽ അനുഭവപ്പെടുന്ന വികാരവിചാരങ്ങളുടെ കലങ്ങി മറിഞ്ഞ അവസ്ഥയെ വിശേഷിപ്പിക്കാൻ എനിക്കൊന്നും കിട്ടുന്നില്ല .

പലപ്പോഴായി നമ്മളിൽ പലരും കടന്നു പോയിട്ടുള്ള സന്ദർഭത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.ഉള്ളിലുള്ള കാര്യങ്ങൾ പറയാൻ ഭാഷ തികയാതെ പോയ നിമിഷങ്ങൾ അനവധി. എഴുത്തിനോടുള്ള കമ്പം കൊണ്ട് മാത്രം സാഹിത്യ പഠനത്തിലേക്ക് തിരിഞ്ഞ എനിക്ക് പല  തവണയും വാക്കുകൾ പോരാതെ വന്നിട്ടുണ്ട്.എന്തൊക്കെയോ എഴുതാൻ ഉണ്ട് എന്നാൽ പേന  ചലിക്കാത്ത അവസ്ഥ എന്നേ പലപ്പോഴും അസ്വസ്ഥ ആക്കിയിട്ടുണ്ട്.അലിയും ഇതിലൂടെ കടന്നുപോയിരുന്നു.

“സ്നേഹിതരില്ലാത്ത പകൽ സ്നേഹിതരില്ലാത്ത രാത്രി.ഒന്നും വളരാതെ തരിശായി കിടക്കുന്ന ബോധം.എന്തുകൊണ്ടാണ് ഞാൻ എഴുതുമ്പോൾ പേന മുന്നോട്ട് ഓടാത്തത് ?എഴുതി കുന്നുകൂടുന്ന കടലാസുകൾക്കു നടുവിൽ ഞാൻ ഇരിക്കുന്ന ദിവസം വരാത്തത് എന്തുകൊണ്ടാണ്?”

അലിയെ പോലെ നമ്മളിൽ പലരും ചോദിച്ച ചോദ്യമാകാം ഇത്.

മുമ്പ് പരാമർശിച്ച പോലെ പ്രീയപെട്ടവർ എങ്ങോട്ടേക്കെയോ പോയിരിക്കുന്നു.അവരോടൊപ്പം പങ്കിട്ട നല്ല കുറെ ഓർമ്മ കൾ മനസ്സിൽ ബാക്കിയാകുന്നു.കാലത്തിനു അവയെ മായ്ക്കാൻ ആകില്ല എന്ന് തോന്നുന്നു .

“നാം എഴുതുന്ന പൊട്ടും പൊടിയും മാത്രമല്ല നമ്മുടെ മനസ്സും വിചാരവും സ്വപ്നവും വായിക്കുവാൻ കഴിയുന്നവർ ഒരിക്കൽ നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണമായി ഇറങ്ങി പോയാലും അവർ നൽകിയ കാലം നമ്മുടെയുള്ളിൽ നിറഞ്ഞു നിൽക്കും.ആ കാലത്തിന്റെ നിറവിലാണ് നാം നമ്മുടെ മറ്റെല്ലാ ഇല്ലായ്മകളോടും പൊരുത്തമാകുന്നത്. ”

ഒന്നാലോചിച്ചാൽ  എല്ലാവരും തന്നെ പലരുടേയും ഓർമ്മകളിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

ഓർമ്മ എന്ന് പറയുന്നതു തന്നെ ഒരു തിരഞ്ഞെടുപ്പാണ്.ഒരു പക്ഷെ എവിടെയോ നമ്മെ ആഴത്തിൽ സ്പർശിച്ച വികാരങ്ങൾ,വിചാരങ്ങൾ ഒക്കെ ‘ഓർമ്മ’ എന്ന സഞ്ചിയിൽ നാം കൊണ്ടു നടക്കുന്നു.മറ്റുള്ളവയെ മറവിയുടെ കയത്തിലേക്ക് വലിച്ചെറിയുന്നു.

“എന്തുകൊണ്ടാണ് ഓർമകളിൽ ഇങ്ങനെ ചില തിരഞ്ഞെടുപ്പുകളുണ്ടാകുന്നത്?എന്തു കൊണ്ടാണ് ചില ദുഃഖങ്ങൾ ചില ഭയങ്ങൾ മാത്രം നമ്മെ പിന്തുടരുന്നത്‌ ?”

നല്ല സുഹൃത്തുക്കൾ ഉണ്ടാകുക ഒരു ഭാഗ്യമായി കരുതാം.

“സൗഹൃദത്തിൽ ആത്മജ്ഞാനത്തിന്റെ അംശം പ്രവർത്തിക്കുന്നുണ്ട്എന്ന് സൂസന്നായിൽ പറഞ്ഞിട്ടുണ്ട്.പലപ്പോഴും നല്ല സുഹൃത്ത് ബന്ധത്തിലൂടെ നമ്മൾനമ്മെ ആഴത്തിൽ മനസിലാകുന്നു.എന്നാൽ നല്ല സുഹൃത്തുക്കൾക്കിടയിൽ പോലും അകാരണമായ അകൽച്ചകൾ ഉണ്ടാകാറുണ്ട്.

“എല്ലാ സൗഹൃദങ്ങൾക്കും ഇങ്ങനെ തുറക്കാനാകാത്ത ചില മുറികളുണ്ട്.കഴിയുമെങ്കിൽ അങ്ങോട്ടു പോകരുത് .സൗഹൃദം എന്നു പറഞ്ഞാൽ മറ്റേയാളുടെ സ്വകാര്യതയെ മാനിക്കുന്നതു കൂടിയാവണം.”

എന്നാൽ പലപ്പോഴും സുഹൃത്തുക്കളുടെ സ്വകാര്യതയിലേക്കു കൈകടത്താതെ ഇരുന്നതിനാൽ തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത രിതിയിൽ എൻ്റെ പ്രീയപ്പെട്ടവരിൽ നിന്നും കാതങ്ങളോളം ഞാൻ അകന്നു പോയിട്ടുണ്ട് .മുറികൾ തുറക്കാൻ ശ്രമിക്കാത്ത കാരണം വീട് തന്നെ മാറിപ്പോയ എത്രയോപേർ.  

ഹൃദയഹാരിയായ ചില മനുഷ്യരെ ജീവിതയാത്രയിൽ കണ്ടുമുട്ടിയിട്ടുണ്ട്.ചെറിയ കഥകൾ പറഞ്ഞും,സാന്നിധ്യം കൊണ്ടും ഒരുപാട് സന്തോഷിപ്പിക്കുന്നവർ.പൂമ്പാറ്റകളെ പോലെ കടന്നു വന്ന് ജീവിതം സന്തോഷകരമാക്കി തീർക്കുന്ന പലരെയും ഇത് വായിച്ചപ്പോൾ ഓർത്തു പോയി.അവരുടെ ചെറിയ കഥകൾ കേൾക്കുകയും അവരോടൊപ്പം ചില നിമിഷങ്ങൾ പങ്കിടുകയും ചെയ്യുമ്പോൾ മനസ്സിൽ കുളിർമഴ പെയ്യാറുണ്ട് .

“ചില മനുഷ്യരുണ്ട് കരുതാതെ അവർ  നമ്മെ ചിരിപ്പിക്കും.അവരുടെ സാന്നിദ്ധ്യം നമ്മെ ആഹ്ളാദിപ്പിക്കുന്നതു കൊണ്ടാണിത്.അവരെ ഒന്ന് കണ്ടാൽ മതി,ഒപ്പം ഒന്നിരുന്നാൽ മതി,അവർ പറയുന്നത് കേൾക്കുക മാത്രം ചെയ്‌താൽ മതി,ആ സംസാരത്തിലാകട്ടെ അസാധാരണമായിറ്റൊന്നുമുണ്ടാകില്ല.ചിലപ്പോൾ വളരെ നിസ്സാരമായ എന്തെങ്കിലുമാകും.”

സങ്കടത്തെ പറ്റി വളരെ വ്യത്യസ്തമായാണ് പറഞ്ഞിരിക്കുന്നത് . ആഴമേറിയ ഒരു ചിന്തയുടെ നാന്തി അത് എന്നിൽ ഉണർത്തി.   

“എന്റെ സങ്കടത്തിന്റെ പ്രത്യേകത അതാണ് ഒരാളും അതറിയുകയില്ല ആർക്കും അത് കണ്ടുപിടിക്കാൻ ആകില്ല.ആ സങ്കടത്തിന്റെ അകത്തേക്ക് മറ്റാർക്കും കടന്നുവരാനുമാവില്ല.എന്റെ ദുഃഖം എന്റെ യഥാർത്ഥ സമ്പാദ്യമാണ്.അത് മറ്റൊരാളും എടുത്തുകൊണ്ട് പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു .”

ദുഃഖം  പങ്കിടുന്നതിലൂടെ കുറയും എന്നതിൽ നിന്നൊക്കെ വ്യത്യസ്തമായ രീതിയിൽ,ഒരു ഉയർന്ന മണ്ഡലത്തിൽ നിന്നാണ് ഇവിടെ ദുഖത്തെ വീക്ഷിച്ചിരിക്കുന്നു.’കതാർസിസ് ‘ എന്ന ആശയം  പോലെ ദുഃഖം എന്ന വികാരത്തെ  അതിന്റെ പരമോന്നതിയിൽ ഒരു വലിയ സമ്പാദ്യം തന്നെയായി നോക്കി കാണാൻ കഴിയുക എന്നത് ആത്മജ്ഞാനത്തിന്റെ അടയാളമാണ്.

ദ്യമായ ഭാഷാശൈലിയിലൂടെ ഹൃദയംഗമമായ ജീവിതങ്ങളെ എന്റെ ഹൃദയത്തിലേക്ക് ചേർത്തുവച്ചു തന്ന അജയ് .പി .മങ്ങാട്ടിനോട് ഒരുപാട് സ്നേഹം അറിയിക്കുന്നു.സൂസന്നയുടെ ഗ്രന്ഥപുരയിലെ പുസ്തകങ്ങൾ അഗ്നിയിൽ കത്തുമ്പോൾ അതിന്റെ കനലുകൾ വായനക്ക് ശേഷവും അണയാതെ മനസ്സിന്റെ പല കോണുകളിൽ ബാക്കിയാകുന്നു.റോളണ്ട് ബാർതേസ് പറഞ്ഞതു പോലെ “ഒരു പുസ്തകത്തിന്റെ രചന അവസാനിക്കുമ്പോൾ രചയിതാവ് മരിക്കുന്നു,വായനക്കാരൻ ജനിക്കുന്നു.”അതുകൊണ്ട് തന്നെ അധികാരത്തോടെ ഞാൻ പറയട്ടെ “സൂസന്നയുടെ ഗ്രന്ഥപ്പുര” ഇന്ന് എന്നിലേക്ക്‌   ചേർന്നിരിക്കുന്നു.

 

 

 

 

About Krishnapriya M

Krishna is a doctoral scholar at the Department of English Studies, Central University of Tamil Nadu. Her areas of interest include creative writing, new historicism, gender and cultural studies. As a literary enthusiast and a budding blogger, she believes that the words contain a magical power to shape the world. Email: krishshines14@gmail.com

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

4 comments

  1. സൂസന്നയുടെ ഗ്രന്ഥപ്പുര അരിച്ചുപെറുക്കുന്നതിന്റെ ഇടയിൽ ആണ് ഈ എഴുത്തു കഷ്ണം കയ്യിൽ കിട്ടിയത് .. ഇടകലർത്തിയെഴുതണ ശൈലി നന്നായി ണ്ട്… ജീവിതത്തിന്റെ ഋതുഭേദങ്ങൾക്കിടയിലൂടെ….സൂസന്ന യോടൊപ്പമുള്ള ഈ എഴുത്തു യാത്രയ്ക്ക് നല്ല ഭംഗിണ്ട്..

    • ഒരുപാട് സന്തോഷം സുഹൃത്തേ നല്ല വാക്കുകൾക്ക് !

  2. മുറികൾ തുറക്കാൻ ശ്രമിക്കാത്ത കാരണം വീട് തന്നെ മാറിപ്പോയ എത്രയോപേർ

Leave a Reply to Krishnapriya M Cancel reply

Your email address will not be published. Required fields are marked *