നിഴലും അയാളും

ഇനിയെനിക്കാവില്ല
നിങ്ങളുടെ….
കരി വീണ മനസ്സിന്റെ
ചിതല്‍ തിന്ന ചിന്തയുടെ
തുളവീണ കൈകളുടെ
ഭയമുള്ള കണ്ണിന്റെ
കാവലാളാകുവാൻ.
ചിതറി തെറിക്കുന്ന
വാക്കുകൾക്കുള്ളിലും
മുന തീർന്ന
അണപ്പല്ലിന്റെയിടയിലും
ദുർഗന്ധമുള്ള
പൊയ്മുഖത്തിന്റെയരികിലും
പുക തിന്ന് വായ് മൂടി
കൂടെ നടക്കുവാൻ.
നിഴലേ…….. നീയോർക്കുക,
മിന്നാമിനുങ്ങിനെ
മടിത്തട്ടിലിട്ടിട്ടും
നിറയും നിലാവിനെ
കൈക്കുമ്പിലേറ്റിട്ടും
പുതുമഴത്തുള്ളിയെ
കോരി കുടിച്ചിട്ടും
ഇളം കാറ്റിൻ കൈകളിൽ
ഊഞ്ഞാലിലാടീട്ടും
കുയിലിന്റെ സദസ്സിലെ
പിൻ നിരയിലാണു ഞാൻ…
ഇരുട്ടിന്റെയിടയിലെ
തിരി നാളമായിട്ടും
വെയിൽ മൂത്ത പകലിലെ
ആൽ മരമായിട്ടും
ദുര മൂത്ത മർത്ത്യരിലെ
തേൻ തുള്ളിയായിട്ടും
മണമുള്ള പൂവുള്ള
മുള്ളുള്ള ചെടിയുടെ
അടിമുള്ളാണ് ഞാൻ…
അതു നിങ്ങളുടെ,
ഒഴുകുന്ന വെള്ളത്തെ
ചിറകെട്ടി നിർത്തിയ
മദമുള്ള ആനയെ
വെടിവെച്ചു വീഴ്ത്തിയ
ചിറകുള്ള തത്തയെ
പൊൻ കൂട്ടിലാക്കിയ
നിറമുള്ള നുണയുടെ
ന്യായങ്ങൾ മാത്രം.
ഇനിയെനിക്കാവില്ലാ…
ഗതിതെറ്റിയ ശ്വാസത്തിൻ
വഴിതെറ്റിയ യാത്രയുടെ
കരളറ്റ വയറിന്റെ
കൂടെയുറങ്ങുവാൻ.
ഞാനെപ്പോഴും…
കൂമ്പുള്ള കുലയുടെ
നനവുള്ള മനസ്സിന്റെ
കനമുള്ള ചുമടിന്റെ
നേരിന്റെ വഴിയിലെ
കൂട്ടുകാരൻ…….

Check Also

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …

Leave a Reply

Your email address will not be published. Required fields are marked *