LISTEN AND READ
രാഗങ്ങളിൽ ജീവതാളം പകർത്തിയ
ഭാവാർദ്ര സുന്ദര ഗാനം
പാടാൻ മറക്കാത്ത പാട്ടിലെയീണമായ്
നാവിൽ നിറയുന്ന ഗീതം
കാല പ്രവാഹമൊഴുകിയ കന്നാലും
ജീവനിശ്വാസമായ് വീണ്ടും
പാടിപ്പതിയുന്ന പാട്ടിലലിയുന്നു
നാടിൻ രവീന്ദ്രസംഗീതം
“ശുദ്ധ സംഗീതം അത് കേൾക്കുന്ന വ്യക്തിയേയും അയാളുടെ മനസ്സിനെയും ഒരു പ്രത്യേക തലത്തിൽ എത്തിച്ചു ശുദ്ധീകരിക്കുന്നു. കുട്ടികളെ ശുദ്ധ സംഗീതം കേൾക്കുവാൻ പ്രേരിപ്പിക്കുക വഴി അവർ കൂടുതൽ പ്രബുദ്ധരാകുന്നു. സംഗീതം തന്നെ വെറും അപശ്രുതിയിലേക്കു മാറുന്ന ഈ കാലത്ത് വേറിട്ട് നിൽക്കുന്ന ശുദ്ധ സംഗീതം ശ്രദ്ധിക്കപ്പെടുന്നു”
ഒര് വ്യാഴവട്ടത്തിനുമപ്പുറം മാർച്ച് 3 ആം തിയ്യതി നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ വാക്കുകളാണിവ. എന്നാൽ വേറിട്ട് നിൽക്കുന്ന ശുദ്ധ സംഗീതം എന്നൊന്ന് ഇന്ന് എവിടെ കേൾക്കുവാൻ കഴിയും..? ഇന്ന് നാം ദിവസേന കേൾക്കുന്നത് പലതും ചേതനയില്ലാത്ത, ആത്മാവ് നഷ്ടപ്പെട്ട കോലാഹലസംഗീതം ആണ്; പ്രത്യേകിച്ച് മലയാളത്തിൽ. ഇടയ്ക്കിടയ്ക്ക് വരുന്ന ഒന്നോ രണ്ടോ പാട്ടുകൾ ഒഴിച്ചാൽ എത്ര പാട്ടുകൾ നമ്മുടെ ഒക്കെ മനസ്സിൽ തങ്ങി നില്ക്കും? ടി വി ചാനലുകളിലൂടെയുള്ള ദൃശ്യവിരുന്നിന്റെ അകമ്പടിയില്ലാതെ ഈ ഗാനങ്ങൾ കേൾക്കുവാൻ ആർക്കും തന്നെ കഴിയില്ല. ശ്രോതാവിന്റെ ശ്രദ്ധ തൊണ്ണൂറ്റി ഒൻപതു ശതമാനവും ദൃശ്യങ്ങളിലായിരിക്കും എന്ന് സാരം. ഇവിടെയാണ് രവീന്ദ്ര സംഗീതത്തിന്റെ പ്രസക്തി.
ബാബുരാജിന്റെയും ദക്ഷിണാമൂർത്തിസ്വാമിയുടെയും മറ്റും കാലഘട്ടത്തിനു ശേഷം മലയാള ഗാനശാഖ രവീന്ദ്രസംഗീതം എന്ന തനതു ശൈലിയ്ക്ക് വഴി മാറിക്കൊടുക്കുകയായിരുന്നു. ശ്രുതി മധുരമായ ഒരുപാട് ഗാനങ്ങൾ രവീന്ദ്രൻ മാസ്റ്റർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
എന്താണീ രവീന്ദ്രസംഗീതത്തിന്റെ പ്രത്യേകത..?
കർണ്ണാടക സംഗീതത്തിന്റെയും മെലഡിയുടെയും പക്വമായ, ഉന്നതമായ സമന്വയം – അതാണ് രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയുടെ പരസ്യമായ രഹസ്യം. ഇത്, അദ്ദേഹത്തിന്റെ ആദ്യ ഗാനമായ “താരകേ….”(ചൂള 1979) തുടങ്ങി അവസാന ഗാനമായ “കളഭം തരാം…..” (വടക്കുംനാഥൻ 2005)ൽ വരെ നമുക്ക് കാണാൻ കഴിയും. റിഥത്തെ പിന്തുടർന്ന് സംഗീതത്തെ ഉരുവാക്കുന്ന ഇന്നത്തെ സംഗീത സംവിധായകരിൽ ഇത്തരത്തിലുള്ള പക്വമായ സമന്വയം കാണാൻ പ്രയാസം ആണ്. ഹിന്ദി, തമിൾ ഗാനങ്ങളുടെ ചുവടു പിടിച്ചു പല സംഗീത സംവിധായകരും തങ്ങളുടെ ശൈലി മാറ്റിയപ്പോൾ, തന്റേതായ ശൈലിയിൽ നിന്നും തെല്ലും വ്യതിചലിക്കാതെ സംഗീതത്തെ നേർക്കാഴ്ച്ചയോടെ സമീപിച്ച മഹാനുഭാവനായ വ്യക്തിത്വമാണ് രവീന്ദ്രൻ മാസ്റ്റർ.
പാട്ട് പാടുന്ന ആണ്‍ ശബ്ദത്തെക്കുറിച്ച് വ്യക്തമായ ചില ധാരണകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രുതിക്കിണങ്ങുന്ന ഘനഗാംഭീര്യം, ആയാസരഹിതമായി ആരോഹണ അവരോഹണങ്ങളിലൂടെയുള്ള സഞ്ചാരം, ഈ സങ്കൽപ്പങ്ങളിലെല്ലാത്തിനും തന്റെ ഗാനങ്ങളിൽ പൂർണ്ണത കൈവരുന്നത് യേശുദാസിന്റെ ശബ്ദത്തിലൂടെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ വശ്യമായ മിക്ക ഗാനങ്ങളും ഉണ്ടായിട്ടുള്ളതും ഈ കൂട്ടുകെട്ടിലാണ്. ഒരു പശുവിന്റെ അകിടിൽ നിന്നും, അല്പം പോലും പാൽ ബാക്കിവയ്ക്കാതെ മുഴുവൻ കറന്നെടുക്കുന്ന ഒരു വിദഗ്ധനായ കറവക്കാരന്റെ കരവിരുതോടെ അദ്ദേഹം യേശുദാസ് എന്ന മഹാപ്രതിഭയുടെ മുഴുവൻ കഴിവുകളും തന്റെ പാട്ടിലൂടെ പുറത്തെടുത്തു.
അരയന്നങ്ങളുടെ വീടിലെ നായികയുടെ ഉത്തരേന്ത്യൻ ബന്ധം പൂർണ്ണമാക്കുവാൻ വേണ്ടി അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതം പഠിച്ച ഗായത്രിയെ തന്നെ “ദീനദയാലു രാമാ…” പാടുവാൻ തിരഞ്ഞെടുത്തു
ഒരു പക്ഷെ, രവീന്ദ്രന്റെ അഭാവത്തിൽ ഇന്നത്തെ യേശുദാസ് കാണുമായിരുന്നോ എന്ന് പോലും ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. “ഏഴു സ്വരങ്ങളും….”(ചിരിയോ ചിരി), “പ്രമദവനം….”(ഹിസ് ഹൈനസ്സ് അബ്ദുള്ള), “ഹരിമുരളീരവം…”(ആറാം തമ്പുരാൻ) എന്നീ ഗാനങ്ങൾ മാത്രം മതിയാകും ഇത് മനസ്സിലാക്കുവാൻ.
“ദാസേട്ടൻ എന്റെ പാട്ടുകളുടെ മൂഡ് പെട്ടെന്ന് മനസ്സിലാക്കുന്നു; ഓരോ വരികളിലൂടെ ഇടയിലൂടെയും ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കുവാൻ ഞാൻ തന്നെ ട്രാക്ക് പാടണം എന്ന് അദേഹത്തിനു നിർബന്ധമാണ്”, രവീന്ദ്രൻ മാസ്റ്റർ പറയുന്നു. യേശുദാസ് ഇല്ലാത്ത സംഗീത ലോകത്തെ കുറിച്ച് ചിന്തിക്കാനേ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. “ദാസേട്ടൻ പാട്ട് നിർത്തിയാൽ ഞാൻ വല്ല ആക്രിക്കച്ചവടത്തിനും പോകുമെടോ…” – ഒരു സുഹൃത്തിനോടുള്ള അദേഹത്തിന്റെ വാക്കുകൾ. നേരാണ്; ഹരിമുരളീരവമോ, പ്രമദവനമോ യേശുദാസല്ലാതെ മാറ്റാരങ്കിലുമാണ് പാടിയതെങ്കിൽ നമ്മളത് ഇത്രത്തോളം സ്വീകരിക്കുമായിരുന്നോ…?
രേവതി രാഗത്തിലുള്ള “കുടജാദ്രിയിൽ….”(നീലകടമ്പ് 1985) എന്ന ഗാനം ഏതെങ്കിലും മലയാളിക്ക് മറക്കാൻ കഴിയുമോ? കഥയ്ക്ക് ആവശ്യമെങ്കിൽ രാഗങ്ങളുടെ ‘മൂഡു’ മാറ്റി ഗാനങ്ങൾ ചിട്ടപെടുത്താനുള്ള ഇദേഹത്തിന്റെ കഴിവ് അപാരമാണ്. സിന്ധു ഭൈരവി രാഗത്തിൽ ചെയ്ത “ഹരിമുരളീരവം…”(ആറാം തമ്പുരാൻ – ബോംബയിൽ ജീവിച്ച നായകൻ), മദ്ധ്യമാവതി രാഗത്തിൽ ചെയ്ത “ദീനദയാലു രാമാ…” (അരയന്നങ്ങളുടെ വീട് – കൽക്കട്ടകാരിയായ നായിക പാടുന്ന പാട്ട്), ഈ രണ്ടു ഗാനങ്ങളുടെയും ഹിന്ദുസ്ഥാനി ‘ടച്ച്’ കർണ്ണാടക സംഗീതത്തിന്റെ പൊലിമ നഷ്ടപ്പെടാതെ തന്നെ ആസ്വാദന സുഖം തരുന്നു. അരയന്നങ്ങളുടെ വീടിലെ നായികയുടെ ഉത്തരേന്ത്യൻ ബന്ധം പൂർണ്ണമാക്കുവാൻ വേണ്ടി അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതം പഠിച്ച ഗായത്രിയെ തന്നെ “ദീനദയാലു രാമാ…” പാടുവാൻ തിരഞ്ഞെടുത്തതെന്നു കൂടെ ചേർത്ത് വായിക്കുമ്പോൾ അദ്ദേഹം വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലാത്ത സംഗീതജ്ഞനായതിന്റെ സൗന്ദര്യം മനസ്സിലാകും.
സിനിമാഗാനങ്ങൾക്ക് സംഗീതം ചെയ്യുന്നതിന് മുൻപ്, കഥ മുഴുവൻ കേട്ട്, സന്ദർഭം അനുസരിച്ച് മാത്രം രാഗങ്ങൾ തിരഞ്ഞെടുക്കുന്ന അപൂർവ്വം ചില സംഗീതസംവിധായകരിൽ ഒരാളായിരുന്നു രവീന്ദ്രൻ മാസ്റ്റർ. അത് പോലെ തന്നെ സംഗീതം ചിട്ടപെടുത്തുന്നതിനായി ആധുനീക സംഗീത ഉപകരണങ്ങൾ ഒന്നും തന്നെ അദ്ദേഹം ഉപയോഗിക്കുകയില്ലായിരുന്നു. ശ്രുതി പകരുവാൻ ഒരു ഹാർമോണിയവും , താളത്തിനു ഒരു തബലയും ഉണ്ടെങ്കിൽ അവിടെ ഒരു രവീന്ദ്രസംഗീതം പിറക്കുകയായി. അവിടെ മലയാളത്തിന്റെ ഗാനഗന്ധർവശബ്ദം കൂടെ ഉണ്ടെങ്കിലോ…?
ഏതാണ്ട് 450 സിനിമകളിലായി 1500 ഓളം ഗാനങ്ങൾ ചെയ്ത അദേഹത്തിന്, ‘ഭരതം’ സിനിമയിലെ ഗാനങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി
1943-ൽകൊല്ലം ജില്ലയിൽ ജനിച്ച കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്റെ ബാല്യകാലം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ആയിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും യേശുദാസിനൊപ്പം സംഗീതം പഠിച്ചിറങ്ങിയ ഇദ്ദേഹം ആദ്യകാലങ്ങളിൽ കേരളത്തിലെ ഗാനമേള വേദികളിൽ ഒരു ഗായകനായി നിറഞ്ഞു നിന്നിരുന്നു. പിന്നീട് ഒരു സിനിമ പിന്നണിഗായകനാവുക എന്ന ലക്ഷ്യത്തോടെ മദ്രാസ്സിലേക്ക് വണ്ടി കയറിയ അദ്ദേഹം എത്തിപ്പെടുന്നത് എക്കാലത്തെയും സംഗീത മാന്ത്രികനായിരുന്ന ബാബുരാജിന്റെ മുന്നിലായിരുന്നു. അങ്ങിനെ ‘വെള്ളിയാഴ്ച’ എന്ന സിനിമയിൽ അദ്ദേഹം പിന്നണി ഗായകനായി. അതിനു ശേഷം വലിയ അവസരങ്ങൾ ഒന്നും തന്നെ അദേഹത്തെ തേടിയെത്തിയില്ലെങ്കിലും യേശുദാസിന്റെ പിന്നണി ഗാനരംഗത്തേയ്ക്കുള്ള വരവോടെ അദേഹത്തിനു പൂർണ്ണമായും ആ രംഗം വിടേണ്ടി വന്നു.
പിന്നിട്, അദ്ദേഹം ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയി. എഴുപതുകളിലെ ഹീറോ ആയിരുന്ന രവികുമാറിന്റെ ശബ്ദം ഡബ്ബ് ചെയ്തു അദ്ദേഹം വളരെ പ്രശസ്തി നേടി. അങ്ങിനെ ഇരിക്കെ, ആരുടെ വരവോടെ ഗാനരംഗം വിടേണ്ടി വന്നോ അതേ യേശുദാസ് തന്നെയാണ് അദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞു അദേഹത്തെ സംഗീത സംവിധാന രംഗത്തേക്ക് കൊണ്ട് വന്നത് എന്നതും ചരിത്രം. 1979-ൽ പുറത്തിറങ്ങിയ ഐ വി ശശിയുടെ ‘ചൂള’ എന്ന സിനിമയിലെ “താരകേ…മിഴിയിതളിൽ….” എന്ന ഹിറ്റ് ഗാനത്തോടെ അദ്ദേഹം മലയാള സിനിമയ്ക്ക് ഒഴിവാക്കാനാവാത്ത ഘടകമായി. അന്ന് മുതൽ, ഒരർത്ഥത്തത്തിൽ അദ്ദേഹം മലയാള സിനിമാഗാന രംഗത്ത് സംഗീതസംവിധായക രാജാവായി വാഴുക തന്നെയായിരുന്നു. ഏതാണ്ട് 450 സിനിമകളിലായി 1500 ഓളം ഗാനങ്ങൾ ചെയ്ത അദേഹത്തിന്, ‘ഭരതം’ സിനിമയിലെ ഗാനങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി.
സിനിമാഗാനങ്ങൾക്ക് പുറമേ ധാരാളം ആൽബങ്ങൾ ചെയ്തിട്ടുള്ള അദേഹത്തിന്റെ എടുത്തു പറയേണ്ടുന്ന ലളിതഗാനങ്ങളാണ് തരംഗണി പുറത്തിറക്കിയ ‘വസന്തഗീതങ്ങളിലെ’ “മാമാങ്കം..പലകുറി…”, “വലംപിരി ശംഖിൽ…” എന്നീ ഗാനങ്ങളും, ‘പൊന്നോണ തരംഗണി’ എന്ന ആൽബത്തിലെ “പാതിരാ മയക്കത്തിൻ…” എന്ന ഗാനവും. 1992ൽ പുറത്തിറങ്ങിയ “പച്ചപ്പനങ്കിളി തത്തേ” എന്ന ഗാനം സംസ്ഥാന സ്കൂൾ കോളേജ് മത്സരവേദികളിൽ അരങ്ങു വാഴുകയായിരുന്നു. മിക്കവാറും എല്ലാപ്പാട്ടുകളിലും തന്നെ മൃദംഗം, വീണ, വയലിൻ എന്നീ ഉപകരണങ്ങൾ ഒട്ടും തന്നെ ഏച്ചുകെട്ടില്ലാതെ അദ്ദേഹം ഉപയോഗിക്കുമായിരുന്നു. 2000ൽ പുറത്തിറങ്ങിയ ‘മധുരനൊമ്പരകാറ്റ്’ എന്ന ചിത്രത്തിൽ, വിദ്യാസാഗറിന്റെ സംഗീതത്തിൽ ‘ശ്രുതിയമ്മ, ലയമച്ഛന്‍…; മകളുടെ പേരോ സംഗീതം….’ എന്ന ഗാനം ആലപിച്ച അദ്ദേഹം തന്റെ സ്വരശുദ്ധി കേൾവിക്കാരുടെ മനസ്സിൽ ഒരു വിതുമ്പലോടെ വീണ്ടും ആ നഷ്ടം ഓർമ്മയ്കായി നല്കി.
അതെ, മാസ്മരിക പ്രഭാവമുള്ള അനേകം ഗാനങ്ങള്‍ ഒരുപാട് ഒരുപാട് ഗാനങ്ങള്‍ പാടുവാനും ആസ്വദിക്കാനും നമുക്ക് തന്ന ആ ‘പാട്ടിന്റെ കസര്‍ത്തുകാരന്‍’ നമ്മെ വിട്ടു പിരിഞ്ഞിട്ട്, ആ രവീന്ദ്ര സംഗീതം നിലച്ച് ദേവസഭാതലത്തിലേയ്ക്ക് ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ശ്രുതിയിട്ട സ്വരലയങ്ങളുടെ അച്ഛന്‍ യാത്രയായിട്ട് ഇന്നു മാര്‍ച്ച് മൂന്നാം തീയതി പന്ത്രണ്ട് വര്‍ഷം തികയുമ്പോള്‍ ആ ഓര്‍മ്മകള്‍ക്ക് മുന്‍പിൽ അശ്രുപൂജകളോടെ പ്രണാമം അര്‍പ്പിക്കുന്നു. ആ അനശ്വര പ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുൻപിൽ ഒരു പിടി കണ്ണീര്‍ പൂക്കള്‍ അര്‍പ്പിച്ചു കൊണ്ട്..
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു..
ഇതും രവീന്ദ്രഗീതം.
images from: http://timesofindia.indiatimes.com