ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു…..
വീട്ടുമുറ്റത്ത് തലയുയര്‍ത്തിനില്‍ക്കുന്ന നന്ത്യാര്‍വട്ടചെടിയിലെ പൂക്കള്‍ മിക്കതും പൂത്ത് മണമുതിര്‍ത്തു തളര്‍ന്നു വീഴുന്ന പൂക്കളായിരുന്നു. എന്നാല്‍ ചില പൂക്കള്‍ അങ്ങനെയല്ല – നിറവും മണവും വറ്റുന്നതിനു മുമ്പ്തന്നെ ഞെട്ടറ്റു വീഴുന്ന പൂക്കള്‍! – അങ്ങനെ രണ്ടു പൂക്കളാണ് ഒക്ടോബറില്‍ വീണു പോയത് – ഒക്ടോബര്‍ 24 നു ചൊവ്വാഴ്ച രാവിലെ നമ്മെ വേര്‍പിരിഞ്ഞ പ്രശസ്ഥ സിനിമാകാരന്‍ ഐ.വി. ശശിയും(69) ഒടോബാര്‍ 27 നു വെള്ളിയാഴ്ച രാവിലെ യാത്ര പിരിഞ്ഞ പ്രശസ്ഥ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും(77).
13ആം വയസ്സില്‍ ‘മാതൃഭൂമി’യില്‍ ബാലപംക്തിയില്‍ എഴുതി തുടങ്ങിയതാണ് പുനത്തില്‍. ‘കുഞ്ഞിക്കാ’ എന്ന് മാലോകര്‍ മുഴുവന്‍ സ്നേഹത്തോടെ വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള ആപത്കരമായ നിഷ്കളങ്കതയുടെയും ദേശത്തിന്റെയും ഭൂപ്രകൃതിയുടെയും കഥകള്‍ വാ തോരാതെ പറഞ്ഞു നടന്ന നാടോടിത്തത്തിന്റെയും മൂര്‍ത്തീഭാവമായിരുന്നു. കേള്‍വിക്കാരന്റെ വികാരങ്ങള മാനിക്കാതെ അപ്രിയ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞ് ‘കുഞ്ഞിക്കാ’ ഒരുപാട് സുഹൃത്തുക്കളെയും ശത്രുക്കളെയുമുണ്ടാക്കി. ഒരായുസ്സ് മുഴുവന്‍ കഥകള്‍ പറഞ്ഞു നടന്ന ഒരു ‘നാടന്‍ സൂഫി’യായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. അറുപതിലധികം പുസ്തകങ്ങള്‍ തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കഥകള്‍ ‘കുഞ്ഞിക്കാ’യിലൂടെ വരുന്നത് വറ്റാത്ത, ശക്തിയാര്‍ന്ന നീരുറവ പോലെയായിരുന്നു. ജീവച്ച`ശ്ചവങ്ങള്‍, ക്ഷേത്രവിളക്കുകള്‍, മലമുകളിലെ അബ്ദുള്ള, കത്തി, ഭ്രാന്തന്‍ പൂക്കള്‍, കാലാള്‍പ്പടയുടെ വരവ്, കത്തി, നരബലി, ജൂതന്മാരുടെ ശ്മശാനം, മൗലാന ഇമാം ഖുറൈഷി, ഒരു ഭ്രാന്തന്‍ ഡോക്ടറുടെ ആത്മകഥ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥകള്‍ പുനത്തില്‍ എഴുതികൂട്ടി. നോവലുകള്‍ – കന്യാവനങ്ങള്‍, ഖലീഫ, സംഘം, മേഘക്കുടകള്‍, ദുഖിതര്‍ക്ക് ഒരു പൂമരം, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, മരുന്ന്, കാമറക്കണ്ണുകള്‍, അഗ്നിക്കിനാവുകള്‍, പരലോകം, സ്മാരകശിലകള്‍ കൂടാതെ സേതുവുമൊത്തെഴുതിയ നവഗ്രഹങ്ങളുടെ തടവറ – ഇത്രയും മുഴുവന്‍ നോവലുകള്‍ കൂടാതെ അനേകം നോവെല്ലകളും അദ്ദേഹം എഴുതുകയുണ്ടായി. കഥാ സമാഹരങ്ങളായി സതി, നരബലി, അകമ്പടിക്കാരില്ലാതെ, മുയലുകളുടെ നിലവിളി, നീല നിറമുള്ള തോട്ടം, എന്റെ കാമുകിമാരും മറ്റു കഥകളും, പുനത്തിലിന്റെ കഥകള്‍ തുടങ്ങി കാക്കതൊള്ളായിരം കഥകള്‍ – എത്ര കഥകളെഴുതിയാലും തൃപ്തിവരാത്ത മനസ്സായിരുന്നു പുനത്തിലിന്റേത്. ഒരു ചെറിയ ആത്മകഥ എന്ന് പറയാവുന്ന ‘നഷ്ടജാതക’വും ‘നടപ്പാതകള്‍’ എന്ന പേരില്‍ ഒരോര്‍മ്മക്കുറിപ്പും പിന്നെ, അനുഭവങ്ങള്‍ എന്ന വകുപ്പില്‍ ‘കുപ്പായമിടാത്ത കഥാപാത്രങ്ങള്‍’, ‘ഡോക്ടര്‍ അകത്തുണ്ട്’, ‘മരുന്നിനു പോലും തികയാത്ത ജീവിതം’ എന്നിവയും യാത്രാവിവരണം വകുപ്പില്‍ ‘വോള്‍ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍’, ‘എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍’ – ഇത്രയും രചനകള്‍ വായനയില്‍ പുതിയ അനുഭവം തരുന്നവയാണ്. പല വകയില്‍ ‘വളരെ പ്രാകൃതം’, ‘അമ്മയെ കാണാന്‍’ തുടങ്ങിയവയും പുനത്തിലിന്റെ ശ്രദ്ധേയമായ കൃതികളാണ്.
ആഘോഷിക്കപ്പെട്ട പുനത്തിലിന്റെ നോവലുകള്‍ ‘സ്മാരകശിലകളും’, ‘മരുന്നും’, ‘കന്യാവനങ്ങളും’ തന്നെ. 1976–77 കാലങ്ങളില്‍ മാതൃഭൂമി വാരികയില്‍ ഖണ്ട:ശ്ശ പ്രസിദ്ധീകരിച്ചു വന്ന സ്മാരകശിലകള്‍ ഓ.വി. വിജയന്റെ ‘ഖസാക്കി’നോടും ബഷീരിന്റെ ‘ശബ്ദങ്ങളോ’ടും എം.ടി. യുടെ നോവലുകളോടും ചേര്‍ത്തു വെക്കാവുന്ന കഥാശില്പം തന്നെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന, പൂക്കോയ തങ്ങളും മറ്റനേകം കഥാപാത്രങ്ങളും നിറഞ്ഞു കവിയുന്ന വടക്കന്‍ മലബാറിന്റെ പശ്ചാലത്തില്‍ വിരിഞ്ഞ വലിയൊരു ഇതിഹാസം തന്നെയാണ് ‘സ്മാരകശിലകള്‍’! ‘മരുന്ന്’ പുനത്തിലിന്റെ സ്വന്തം തട്ടകത്തിന്റെ നിറവും മണവും ഉള്‍ക്കൊള്ളുന്ന നോവലാണ്. താരാശങ്കര്‍ ബാനര്‍ജിയുടെ ‘ആരോഗ്യനികേതനം’, കാമുവിന്റെ ‘പ്ലേഗ്’, മാര്‍കുസിന്റെ ‘ലവ് ഇന്‍ ടൈം ഓഫ് കോളറ’ എന്നീനോവലുകള്‍ ഓര്‍മയില്‍ കൊണ്ടുവരുന്ന മനുഷ്യവേദനകളുടെ മഹാ പ്രപഞ്ചമാണ് ‘മരുന്നി’ല്‍ വിരിയുന്നത്.
‘മരുന്നിനു പോലും തികയാത്ത ജീവിതം’ എന്ന വൈദ്യാനുഭവങ്ങളിലെ ഓരോ അനുഭവങ്ങളും ഓരോ കഥയ്ക്കുമപ്പുറത്തെ അനുഭവങ്ങളാണ്. ചെറിയ, ചെറിയ അനുഭവങ്ങള്‍ പുനത്തിലൂടെ പുന:സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ ചരിത്രവും പശ്ചാത്തലവും ഒക്കെ ചേര്‍ന്ന് ഒരു വലിയ കാന്‍വാസിലെ ക്ലാസ്സിക് ചിത്രമായി മാറുന്ന ചെപ്പടി വിദ്യ അദ്ദേഹത്തിന്റെ മാത്രം കൈമുദ്രയാണ്. അറുപതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടും ഈ മനുഷ്യന്‍ അധികമൊന്നും എഴുതിയെന്ന് പറയാനാവില്ല. അത്രയുമധികം ഇനിയും എഴുതാനുണ്ടായിരുന്നു. സ്വന്തം പ്രത്യയശാസ്ത്രങ്ങളും ജീവിതം എന്ന വലിയ സമസ്യയുടെ നിസ്സാരവല്‍കരണവും ബാലിശമായ മനസ്സിന്റെ കൗതുകങ്ങളോക്കെയും ചേര്‍ന്ന് അയാള്‍ക്ക് ജീവിക്കുക എന്നതായിരുന്നു മുഖ്യ വിഷയം. പുനത്തിലിന്റെ ജീവിതം അയാള്‍ക്കൊരു ഉത്സവം തന്നെയായിരുന്നു. മുന്‍-പിന്‍ നോക്കാതെയുള്ള അഭിമുഖങ്ങളും വാര്‍ത്തകളുമായി പുനത്തില്‍ ജീവിച്ചു – കുറെയൊക്കെ ‘ബഷീറിയന്‍’ രീതിയില്‍ തന്നെ. അദ്ദേഹത്തെ ‘പുനത്തില്‍ കുഞ്ഞുബഷീര്‍’ ആയി കാണുന്നതില്‍ തെറ്റില്ല.
പറയാന്‍ ബാക്കി വെച്ച, പറഞ്ഞു തീരാത്ത, ഒടുങ്ങാത്ത കഥകളുടെ കഥാകാരനായി, പുനത്തില്‍ കുഞ്ഞബ്ദുള്ള ജീവിക്കുന്നു, നമ്മുടെയൊക്കെ മനസ്സുകളില്‍….
images from indianexpres.com | soorya.com