പാലക്കാട് : അക്കാദമിക് നിലവാരം കുറഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കാനില്ലെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ജില്ലാ ലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ച് പാലക്കാട് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ടോപ് ടെൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത ശേഷം ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുള്ളിക്കാടിന്റേത് ഉൾപ്പെടെയുള്ള കവിതകൾ പഠിപ്പിക്കുക തന്നെ വേണം. തന്റെ കവിതകളും ചില പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് ബാലിശമായ ചോദ്യങ്ങൾ ചില അധ്യാപകർ എഴുതി ചോദിക്കാറുണ്ട്. കുമാരനാശാനെയും വള്ളത്തോളിനെയും പഠിച്ചു വന്നവർ ഇങ്ങനെ സംശയങ്ങൾ ചോദിക്കുന്നത് എന്നെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉപജീവനത്തിനു ഭാഷ ഉപകരിച്ചാലേ ഭാഷ പഠിക്കാൻ ആളുകൾ മുന്നോട്ടുവരികയുള്ളുവെന്നും റഫീക് അഹമ്മദ് പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ ആർട്ടിസ്റ്റ് ബൈജുദേവിനെ ചടങ്ങിൽ അദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. കാസിം, ടോപ് ഇൻ ടൗൺ പ്രൊപ്രൈറ്റർ പി. നടരാജൻ, പ്രസ് ക്ലബ് സെക്രട്ടറി എൻ. എ. എം. ജാഫർ, ജോയിന്റ് സെക്രട്ടറി ഇ.എൻ. അജയകുമാർ, പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കൺവീനർ ആർ. ശശിശേഖർ എന്നിവർ പ്രസംഗിച്ചു. ‘ദ യങ് കാൾമാർക്സ്’ സിനിമ പ്രദർശിപ്പിച്ചു. 29 വരെ ചലച്ചിത്രോത്സവം നീണ്ടുനിൽക്കും.