മുപ്പതു വയസിനു താഴെയുള്ള വലിയൊരു വിഭാഗം യുവാക്കളെ രണ്ടു മണിക്കൂറോളം തിയറ്ററിലിരുത്തി ആവേശം കൊള്ളിക്കുക. അതും ഇടതുപക്ഷത്തിനു അനുകൂലമായ ഒരു പ്രമേയവുമായി ബന്ധപ്പെട്ട്. മെക്സിക്കൻ അപാരതയെന്ന സിനിമ വ്യത്യസ്തവും പ്രമേയപരമായി കാലികവുമാകുന്നത് ഇങ്ങനെയാണു. താരങ്ങളൊന്നുമില്ലാതെ നവയുഗ സിനിമകൾക്ക് വിജയിക്കാനാകുമെന്നതിന്റെ വിളംബരം കൂടിയാണിത്. വലതുപക്ഷ വിദ്യാർഥിപ്രസ്ഥാനത്തിന്റെ പ്രതിരോധങ്ങളെ അതിജീവിച്ച് കലാലയ മനസുകളിൽ ഇടം നേടുന്നതിന്റെ കഥയാണു ഈ സിനിമ പറയുന്നത്. കാമ്പസ് പ്രണയങ്ങൾ, പരാജയങ്ങൾ, ഹോസ്റ്റൽ ജീവിതം എന്നിവയുടെയൊക്കെ ഗൃഹാതുരമാർന്ന ചിത്രം ഇതിൽ കാണാം. മോബൈൽ ഫോൺ എത്താത്ത കാലത്ത് ഹോസ്റ്റലുകളിലെ ഉദ്വേഗ നിമിഷങ്ങളുടെ വിളംബരവുമായി വരുന്ന ലാൻഡ് ഫോണും ഇതിൽ ഒരു താരമാണു. എന്നാൽ ഘടനാപരമായി ഒട്ടേറെ അപാകതകളും അവ്യക്തതകളും ഈ സിനിമയുടെ കുറവുകളാണു. അത് പ്രേക്ഷകരെ അലോസരപ്പെടുത്തും. കഥയുടെ കാലമാണു അതിലൊന്ന്. കഥയും കാലവും മോരും മുതിരയുമെന്നപോലെ ചേർച്ചയില്ലാതെ സിനിമയിലുടനീളം തുടരുന്നു. മറ്റൊന്ന് സ്ത്രീ വിരുദ്ധ സന്ദേശങ്ങൾ സിനിമ പങ്കുവയ്ക്കുന്നു. കാമ്പസ് രാഷ്ട്രീയത്തിനെതിരായ നിലപാടെടുക്കുന്നവരെ പ്രോൽസാഹിപ്പിക്കാനേ ഈ സിനിമ സഹായകമാകൂ. ഇടതുപക്ഷത്തിനു അനുകൂലമാണെന്നു പറയാമെങ്കിലും അതിന്റെ സ്ഥായീ ഭാവം ഇടതുപക്ഷ വിരുദ്ധതയാണു. ഇതൊക്കെയാണെങ്കിലും താരാധിപത്യത്തിനെതിരായ വെല്ലുവിളിയെന്ന നിലയിൽ ഈ സിനിമയെ നമുക്ക് സ്വാഗതം ചെയ്യാം. പ്രമേയപരമായ പരിമിതികൾക്കെതിരായ എല്ലാ എതിർപ്പുകളും നില നിർത്തിക്കൊണ്ടുതന്നെ.
Tags film film critic film review
Check Also
മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം
മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …