കിണറെന്നാല്‍
നിശബ്ദതയാണ്.
ആഴം കൂടുന്തോറും
ഒച്ചയടഞ്ഞുപോയവരുടെ
ഒളിസങ്കേതം.
ഒരിറ്റു മഴത്തുള്ളിയോ
ഒരു മണല്‍ത്തരിയോ
ഒരു പൊന്‍മാനിന്‍റെ തൂവലോ
കിണറിന്‍റെ ഭിത്തികളില്‍ മുട്ടി
എത്ര ഭയാനകമായാണ്
നിശബ്ദതയിലെ സ്ഫോടനമാവുന്നത്.
നിശബ്ദതയെ വാരിപ്പുണരുന്ന
ഏകാഗ്രതയാണ്
കുത്തിത്താഴുന്നവന്‍റെ
മനസ്സിനെ ,
ധ്യാനപൂര്‍ണ്ണമാക്കുന്നതും.
അവനെ
മണ്ണുമായി പ്രണയത്തിലാക്കുന്നതും.
മണ്ണിളക്കങ്ങളുടെ സ്പന്ദനങ്ങള്‍
ഹൃദയമിടിപ്പുപോലെ നേര്‍ത്തതും
ഒറ്റാലുപോലെ,
മരണം പതിയിരിക്കുന്നതുമാണെന്ന്
അവനെഴുതി.
മണ്ണും മനസ്സും
ഒന്നായിഴചേര്‍ന്ന
രതിപൂര്‍ണ്ണിമയില്‍
മൂന്നാമതൊരു ബിംബപ്രവേശം
നടക്കുകയും,
ധ്യാനമുടഞ്ഞ് ..
നിരന്തരം സംവദിക്കുകയുംചെയ്ത്,
കെട്ടഴിയാത്ത നൂലിഴകളിലേക്ക്
പരിവര്‍ത്തനം ചെയ്യുന്നു.
മണ്ണുടലുകളില്‍ നിന്നും
വേര്‍പിരിഞ്ഞ
ശില്പിയുടെ മനസില്‍,
ശബ്ദത്തിന്‍റെ പ്രവേശനം
നടക്കുകയും
ശില്പത്തിന്‍റെ ഉടലളവുകള്‍ മറന്ന്
ഭ്രാന്തിന്‍റെ താഴ്‌വരയിലേക്ക്
പലായനം ചെയ്ത്
കൂര്‍ത്ത ഉളിയഗ്രങ്ങളില്‍
ചോരപൊടിഞ്ഞു.
ഏകാന്തതയില്‍ നിന്നും
വലിച്ചെറിയപ്പെടുമ്പോള്‍
മണ്ണിലെ ശില്പങ്ങള്‍
രൂപമറ്റ്,
ജലനീലിമയിലെ ആകാശം നഷ്ടപ്പെട്ട് തെളിച്ചമില്ലാതെ ,
ഉപ്പുചൂരേറ്റ കടല്‍പ്പാലത്തിന്‍റെ
വസൂരിക്കലകളിലേക്ക്
സാദൃശ്യപ്പെടുന്നു.
പ്രണയപ്പെട്ടുപോയ
മണ്ണുടലുകളില്‍ നിന്നും
വേര്‍പെട്ട
ശില്പിയുടെ മനസ്സ്,
ഉറവയില്ലാത്ത കടലില്‍
പങ്കായമെറിഞ്ഞ്
തിരമാലകള്‍ മറികടന്ന്
നിശ്ശബ്ദമായ,
കടലൊച്ചകളില്ലാത്ത,
ഉപരിതലത്തിലെത്തി.
കടലിന്‍റെ ചെറുമുട്ടകളാണ്
കിണറുകളെന്ന്
പറഞ്ഞവന്‍റെ കുടിലില്‍
നിന്നോളം ആഴമുള്ള കിണറില്‍.