LISTEN AND READ
ഭൂമിയും ലോകവുമെല്ലാം
തീരെ ചെറുതായ നാളിൽ
മണ്ണും മനുഷ്യരുമെല്ലാം
ഒന്നായി വാഴുന്ന നാട്ടിൽ
ഉണ്ടായിരുന്നൊരു കുന്ന്
മണ്ണപ്പമെന്നപോലൊന്ന്
ചെന്നടുത്തെത്തിയളന്നാൽ
മുന്നാഴിയോളമേ കാണൂ
കുന്നിൻപുറത്തൊരു വീട്
വീട്ടിന്നകത്തുണ്ടൊരാള്
കൂട്ടിന്നു കൂരിരുളുണ്ട്
ചാറ്റൽ മഴ, കാറ്റുമുണ്ട്.
നന്നേ വെളുപ്പിനുണരും
കുന്നിറങ്ങി താഴെയെത്തും
സന്ധ്യയാവോളം തെരുവിൽ
മിണ്ടാതലഞ്ഞു വിയർക്കും.
ആളൊഴിഞ്ഞുള്ളൊരു കോണിൽ
ആരവമില്ലാത്ത മുക്കിൽ
ഏറെ നേരം പോയി നിൽക്കും
ആരോ വരാനെന്ന പോലെ!
പിന്നെ ത്തിരിച്ചു നടപ്പ്
കുന്നുകയറും കിതപ്പ്
ഉണ്ടോ, ഉറങ്ങിയോയെന്ന്
കണ്ടവർക്കില്ലോരുറപ്പ്.
അങ്ങനെ നാളേറെ പോയി
പഞ്ഞമാസം വന്നു പോയി
വന്നു പോയി ചിങ്ങ, മോണം
വന്നു പോയി മഴ, വേനൽ
അങ്ങനെ നാളേറെ പോയി
ചങ്ങാതി കുന്നിറങ്ങാതായ്
കുന്നിൻ മുകളിലെ വീട്ടിൽ
കൂരിരുളൊറ്റയ്ക്കിരുന്നു.
പാതിയും വീണൊരാ വീട്ടിൽ
ആൽമരമൊന്നുമുളച്ചു
ആയിരം നാവുള്ള കാറ്റ്
ആലിലത്തുമ്പിൽചിലച്ചു
പിന്നെയും നാളേറെപോയി
പിന്നെയും നാടെത്രമാറി
തുള്ളിക്കളിച്ചെത്ര വെള്ളം
തൂതപ്പുഴയിലൊഴുകി
പള്ളി, പള്ളിക്കൂടമെല്ലാം
പാലം കടന്നടുത്തായി
പാതയ്ക്കു വീതിപോരെന്നായ്
പാടം നികത്തണമെന്നായ്…..
കുന്നിടിക്കാൻ വന്ന വണ്ടി
കുന്നടി മാന്താൻ തുടങ്ങി
മാന്തി മാന്തിച്ചെന്നനേരം
വേരൊന്നതിൻമേലുടക്കി
താഴോട്ടിറങ്ങുന്ന വേര്
മേലോട്ടു കേറുന്ന നീര്
ആരെയോ തേടുന്ന വേര്
ആരുമില്ലാത്തോന്റെ നേര്..
മുന്നാഴിക്കുന്നിന്റെ താഴെ
കണ്ണീരു പോൽ പുഴയിന്നും
ഇല്ലാത്ത കുന്നിലിപ്പോഴും
കുന്നോളമുണ്ടേ കുളിര്.