“എന്നെ മണ്ണിട്ടുമൂടരുത്;
മണ്ണുരുകിപ്പോയേക്കാം!
ദഹിപ്പിക്കുന്നതിനുമുമ്പേ,
നെഞ്ചു പറിച്ചെടുത്ത്
മരിച്ചവനേക്കാളാഴത്തിൽ
കുഴിച്ചിടണം!
എരിഞ്ഞമരുന്നനേരം,
അവളുടെ നിലവിളികേട്ട്,
കുതിച്ചുചാടിവന്നാലോ?
പടിഞ്ഞാട്ടു ചാരിനിന്ന മാവിന്റെ,
വെട്ടേറ്റകായ്‌കൾ കൊഴിഞ്ഞുവീണത്,
പാതിവറ്റിയ കുളത്തിലേക്കായിരിക്കും!
തുമ്പിയും ഞാറ്റയും
ഇതൊന്നുമറിയാതെ,
മുട്ടറ്റംവെള്ളത്തിൽ,
അച്ഛനെ തേടരുത്!
എന്നെയും,
എന്റെയോർമ്മകളേയും,
അവരിൽനിന്ന്
ഒറ്റാലൂന്നിയൊളിപ്പിക്കണം!
പിന്നൊരുനാൾ;
ബലിയെന്ന പേരിൽ
രണ്ടുരുളകളുരുട്ടണം!
എള്ളും പൂവും ചേർത്ത്
നാക്കിലയിൽ വച്ച്,
അതുവരെ കേൾക്കാത്ത
മന്ത്രധ്വനികളാൽ,
‘അച്ഛനു മോക്ഷ’മെന്ന്
ഇരുവട്ടം ചൊല്ലിക്കണം!
രണ്ടു കാക്കകൾ,
ചാലിന്റെയിരുകരകളിലും
എന്നെ കാത്തിരിപ്പുണ്ടായിരിക്കും!
ഒരുമിച്ചൊരു വിളി,
ഒരുമിച്ചൊരു വിലാപം!
“നീ വിശപ്പുമാറ്റിവാ, മോനേ”ന്ന്!
ഇനിയുമെരിഞ്ഞുതീരാത്ത
അടയാളങ്ങൾ
നിങ്ങളെടുക്കുക!
പട്ടുമൂടിയ കുടത്തിനുള്ളിൽ,
എന്നെ ബന്ധിക്കരുത്;
തുറന്നുവിടണം!
ഞാനമ്മയെ കണ്ടോട്ടേ!
അച്ഛനെയാഞ്ഞൊന്നു പുല്കട്ടേ!