മെഴുകുശില

അവൾ ശിവാനി…

അന്നവളെ കാണുമ്പോൾ അവളുടെ നെറ്റിയിലെ മുറിവിൽ കെട്ടിയ വെളുത്ത ശീലയിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു.

“എന്താ ശിവാ…… എന്താ നെറ്റിയിൽ?”

അവളുടെ കണ്ണിൽ ഒരു പുകച്ചിൽ ചുവപ്പോടെ തങ്ങിനിന്നിരുന്നു. കാലത്തെ കരിങ്കൽക്വാറിയിലേക്കു കരിങ്കല്ലു ചുമക്കാൻ അവൾക്കിണങ്ങാത്ത വലിയൊരു ഷർട്ടുമിട്ട് ശിവാനി എന്റെ മുറ്റത്തൂടെ ധൃതിയിൽ ഓടിപ്പോകുന്നത് കാണാം.

ഇത്തവണ നാട്ടിലെത്തിയപ്പോൾ പുറംപണിക്കായി ദേവുഅമ്മ അവളെയാണ് വിട്ടുതന്നത്… അമ്മ പറഞ്ഞു.. ‘പാവാണ്‌…. എന്തേലും കൊടുത്താ ശിവക്ക് അത് കാര്യാവും..’

അവൾ അതികാലത്തെത്തി.

എനിക്ക് കുറച്ചു പുറംവീട്ടുപണികൾ ചെയ്തുതന്നിട്ടാണ് ക്വാറിയിൽ പോകാറ്.. അവൾ ഒന്നും മിണ്ടാതെ എന്നെ തിരിഞ്ഞൊന്നുനോക്കി മുറ്റം തൂക്കുന്ന ജോലിയിൽ മുഴുകിക്കൊണ്ടിരുന്നു

മുറിഞ്ഞു മുറിഞ്ഞു ആഴം കൂടുന്നൊരു നോവായി അവളുടെ ആ നോട്ടം എന്നിൽ ആഴ്ന്നിറങ്ങുന്നത് അപ്പോഴാണ്‌ ഞാൻ മനസ്സിലാക്കിയത്.

അവൾ തമിഴ്നാടിന്റെ പുത്രി…

എന്റെ നാട്ടുകാരൻ ജയദേവൻ തമിൾനാട്ടിൽ നിന്നും വിവാഹം ചെയ്തുകൊണ്ടുവന്ന വെളുത്തുമെലിഞ്ഞുള്ള പെൺകുട്ടി.

രണ്ടു പെൺകുട്ടികൾ അവർക്കുണ്ട്… ലോറിഡ്രൈവറായ ജയനെക്കുറിച്ച് ആർക്കും വല്യേ മതിപ്പൊന്നുമില്ല.

രാത്രിയുടെ യാതന അവളുടെ മനസ്സിൽ നിറംകെട്ടു കിടക്കുന്നതിലേക്കു ഞാനൊന്ന് നുഴഞ്ഞു കേറി ചോദിച്ചു – ‘കുടിക്ക്യോ….’

ഞാനവളിൽ കഥയുടെ ആഴം ഒന്നുമല്ല തിരഞ്ഞത്. ഒരു നോവിന്റെ ആളിക്കത്തൽ എന്നിലൂടെ ഊർന്നുഊർന്നു അവളെ ചുറ്റിവളയാൻ പോന്നൊരു മാനസികാവസ്ഥയിൽ ഞാൻ നിന്ന് കത്താതെകത്തിക്കൊണ്ടിരുന്നു…

പലപ്പോളും അവളിൽ അവൾ മറയ്ക്കുന്ന ചെറുതും വലുതുമായ മുറിവുകളുമായി എനിക്ക് മുന്നിൽ അതികാലെ ഇതിനകം പലതവണ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു..

അവൾക്കു ഇവിടത്തെ ജോലി ഒതുക്കി വേണം അവളുടെ സ്ഥിരജോലിക്ക് പോകാൺ.. അതിനാലാവാം അവളുടെ മൗനം ദിനചര്യപോലെ അവൾ പൊതിഞ്ഞു പിടിച്ചത്

വളരെ അഴഞ്ഞു കിടക്കുന്ന രണ്ടോമൂന്നോ കുപ്പിവളകൾ അവളുടെ ആ കൈത്തണ്ടിൽ അലസം ഒഴുകിമാറികൊണ്ടിരുന്നു.

ഇതിനിടയിൽ..

അതിനിടയിലൂടെ കാണുന്ന ആ കൈത്തണ്ടിലെ മുറിവടയാളങ്ങൾ എന്നിൽ വല്ലായ്മയുടെ ഒരൊഴിഞ്ഞ കോണിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു.

അന്ന് അവൾക്കു ആഴ്ച തികഞ്ഞു കൂലികൊടുക്കേണ്ട ദിവസവുമാണ്. അന്നാണീ നെറ്റിയിലെ കെട്ടുമായി അവൾ മുറ്റത്തെത്തിയിരിക്കുന്നത്…

അവൾ മുഷിഞ്ഞ സാരിയിൽ നനഞ്ഞ കൈ തുടച്ചു മുന്നിൽ വന്നുനിന്നുകൊണ്ട് ചിരിച്ചു. ആദ്യമായാണ്‌ ഞാനാ ചിരികാണുന്നത്. ഒരു കുഞ്ഞിനോടുള്ള വാത്സല്യം എനിക്കപ്പോൾ അവളോട്‌ തോന്നി…

‘ശിവാ…നിനക്ക് തലയിൽപുരട്ടാൻ എന്തേലും മരുന്നു വേണോ?’

അവൾ എന്റെ ചോദ്യത്തെ നിസാരമായൊരു ചിരിയിൽ മുക്കി പറഞ്ഞു – ‘വേണ്ട മുറിഞ്ഞിട്ടില്ല അക്കാ… ചതഞ്ഞുപോയെ ഉള്ളൂ’.

എനിക്കവളുടെ മറുപടികേട്ടപ്പോൾ അവളോട്‌ സംസാരിക്കാനുള്ള ആത്മവിശ്വാസം കുറച്ചുകൂടെകൂടി.

‘എന്ത് പറ്റീതാ…?’

അതയാള് തലപിടിച്ചു നെറ്റിയില് ഇടിച്ചതാ..

‘എന്തിനു?’

‘ഞാനെന്തു പറയാനാ അക്കാ.. അയാൾക്ക് കാരണം ഒന്നും വേണ്ട..’

രാത്രിയുടെ യാതന അവളുടെ മനസ്സിൽ നിറംകെട്ടു കിടക്കുന്നതിലേക്കു ഞാനൊന്ന് നുഴഞ്ഞു കേറി ചോദിച്ചു –

‘കുടിക്ക്യോ….’

‘ഉം.. അതാവട്ടെ അക്കാ… കുടിച്ചോട്ടെ. അയാൾ ലോറി സൈഡ് ആക്കി വന്നു കുളിച്ചുവരുബോളെക്കും ഭക്ഷണത്തിനു ദിനോം കോഴി മീനൊക്കെ വേണം.’

‘അയാൾ വാങ്ങി വരില്ലേ?’

‘കൊണ്ടുവരും.. കൂടെ കുപ്പിയും…

ഞാൻ ഓടി പിടിച്ചു വന്നിട്ട് വേണം ഇതൊക്കെ ഉണ്ടാക്കാൻ. ഉണ്ടാക്കിക്കൊടുത്താൽ ഉള്ളിലെ കുപ്പി പ്രവൃത്തിക്കുകയായി.. പിന്നെ ഉപ്പില്ല മുളകില്ല എന്നൊക്കെ പറഞ്ഞു ശണ്ഠ തുടങ്ങും..

..വീട്ടിൽ പിടിച്ചു വെച്ചിരിക്കുന്ന വെള്ളത്തിൽ മണ്ണെണ്ണയോ മുളക് പൊടിയോ ഒഴിക്കും. ഫ്യുസ് ഊരും, കുട്ട്യോൾടെ പുസ്തകം തുണി മുതലായവ കത്തിക്കും.. അതൊക്കെ തടുക്കാൻ ചെല്ലുമ്പോൾ കിട്ടുന്ന മുറിവാണ് ഇതൊക്കെ..
അതൊക്കെ ശീലമായി അക്കാ…’

അവളിലെ സഹനത്തിന്റെ തീഷ്ണതയിൽ അവളൊരു ശിലപോലെ എനിക്ക് മുന്നിൽ നിന്നു. പെൺ ശാപത്തിന്റെ കഥകളിൽ ഇതൊരു പുതുമയുള്ള വിഷയമല്ല… അതിനാലാവാം ഞാനും നിസ്സഹായതയോടെ കഥ കേട്ട് നിന്നത്..

ദിനരാത്രങ്ങളുടെ രഥചക്രങ്ങൾ വേഗത്തിലോടി തുടങ്ങിയിരുന്നു..

ശിവ അവളുടെ പരിവേദനങ്ങളുമായി മുറ്റത്തു വന്നു. ഉയിരിൽ ശ്വാസം കോർത്തിട്ടു ജോലി തുടർന്നു.

അവളിലേക്ക്‌ എന്റെ അകത്തെ തിരക്കുകൾ ഇറങ്ങി ചെല്ലാത്ത ഒരു അതികാലേ അവൾ എന്റെ അടുക്കള വാതിലിൽ മുട്ടി വിളിച്ചു.. ഞാൻ വാതിൽ തുറക്കുബോൾ മുന്നിൽ രണ്ടു കുട്ടികളുമായി ശിവ..

ഇത്തവണ അവളുടെ തലയിലെ കെട്ട് മകളുടെ കൈത്തണ്ടിലേക്കു മാറിയിരിക്കുന്നു. ശിവയുടെ ചുണ്ടു പൊട്ടി ചോര വിങ്ങി നിൽപ്പുണ്ട്..

“ശിവാ………… എന്താണിത്?” ഞാനമ്പരപ്പോടെ ശബ്ദമുയർത്തി..

“അക്കാ… “ അതൊരലമുറയായിരുന്നു.

അവൾ തുടർന്ന് പറഞ്ഞു… “നിരസിച്ചാൽ പുലർച്ചെ വരെ ഞാൻ നഗ്നയായി അയാളുടെ പരാക്രമങ്ങൾക്കു ചിത്രമെഴുതാൻ ചുമരാകണം..

“വയ്യ അക്കാ…. അയാൾ ഞങ്ങളെ..” അവളുടെ ശബ്ദം അവളിൽ നിന്നും തേങ്ങലലകളും ഭയപ്പാടോടും കൂടി പുറത്തേക്കു വരുന്നില്ലായിരുന്നു..

ഞാനപ്പോളാണ് ആ കാഴ്ച്ച കണ്ടത് ശിവയുടെ മൂത്ത മകളുടെ കൈത്തണ്ടയിൽ നിന്നും രക്തം നിൽക്കാതൊഴുകുന്നു. എനിക്കെന്റെ കണ്ണുകളിൽ ഇരുട്ട് കേറി..

‘നമുക്ക് ഹോസ്പിറ്റലിൽ പോകാം ശിവ.. കുഞ്ഞിന് നന്നായി മുറിഞ്ഞിരിക്കുന്നു.. വർത്തമാനമൊക്കെ പിന്നെ മതി.’

“കണ്ണാ…. വണ്ടി എടുക്കട… “ ഞാൻ അകത്തേക്ക് നോക്കി കണ്ണനെ ഉറക്കെ വിളിച്ചു…

കാറിൽ കയറുമ്പോൾ അവൾ അവളുടെ തണുത്ത കൈവിരലുകളാൽ എന്നെ ചേർത്തു പിടിച്ചിരുന്നു. എന്നെ ചേർന്നിരിക്കുന്ന കുട്ടികളും അവളും ഞാനിന്നോളം കാണാത്തൊരു ചിത്രമായി മനസ്സിൽ നിറഞ്ഞു നിന്നു..

‘അക്കാ…..’ അവൾ എന്നെ നോക്കി കണ്ണീരോടെ ഇങ്ങിനെ ചോദിച്ചു –
‘എന്ത് പറ്റിയതാ എന്ന് ആശൂത്രിക്കാർ ചോദിക്കില്ലേ?’

‘ഉം….’

‘എന്ത് പറ്റിയതാ…..?’

അവളുടെ അലമുറ കാറിനകം നിറഞ്ഞു.. അവൾ ചോര പുരണ്ട കാവി പുടവ സ്വന്തം വായിലേക്ക് കയറ്റി ശബ്ദത്തെ തടഞ്ഞിട്ടു പറഞ്ഞു…

‘അക്കാ…. ഞാനാ ഇവളെ വെട്ടിയത്’

ങേ!

പിന്നീടുള്ള അലമുറക്കുള്ളിൽ ഞാനൊന്നും കേട്ടില്ല. ആസ്പത്രിയുടെ കോറിഡോറിനു മുന്നിൽ അവളും ഞാനും നിശ്ശബ്ദരായിരുന്നു…

കുഞ്ഞിനെ മുറിവ് കെട്ടാൻ കൊണ്ട് പോയപ്പോൾ ശിവ എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു വിതുമ്പി..

“വേണംച്ചിട്ടല്ല അക്കാ…”

അവിടെ അവളെ പൊതിഞ്ഞു നിന്ന ചോരയുടെ പച്ചമണം ശല്ക്കങ്ങൾ കുടഞ്ഞിടുന്നുണ്ടായിരുന്നു. അതിനെ വകഞ്ഞു മാറ്റി അവളുടെ വാക്കുകൾ എന്നിലേക്ക്‌ അഗ്നിയായി പടർന്നു കേറി..

‘അക്കാ കാലത്തു തൊട്ടു രാത്രി വരെ കരിങ്കല്ല് ചുമന്നു വരുമ്പോൾ ശരീരം പഴുത്തു പോയപോലെ വേദനയാണ്… വീട്ടിലെത്തിയാൽ ഇറച്ചി മീൻ ഒക്കെ തുണി പോലും മാറ്റാതെ വെച്ചും പൊരിച്ചും കൊടുക്കണം..

പോരാമെ വയറ്റു വേദന താങ്ങാൻ വയ്യ.. ആ നാല് ദിവസം അങ്ങിനെയാ… നാഭിയിൽ നിന്നൊരു പെരുമ്പാമ്പ് ഇഴഞ്ഞു കേറി ശരീരത്തെ ചുറ്റി വരിഞ്ഞു വേദനിപ്പിക്കും.

“ചോര തുണി മാറാതെ അടിയിലെ അസഹ്യമായ പുകച്ചിലും ചൊറിച്ചിലും കടിച്ചു പിടിച്ചാണ് കല്ല് ചുമക്കുന്നത്. ഇന്നലെ ഒന്ന് ചൂടുവെള്ളം കൊണ്ട് കുളിച്ചു ദേഹ വേദന അകറ്റാൻ പോകുമ്പോൾ ആണ് അയാളുടെ അലർച്ച”

“അയാൾക്ക് അയാളുടെ കൂടെ പടുക്കാൻ ചെല്ലാൻ നേരം വൈകിയെന്ന്”

“മക്കൾ ഉറങ്ങിയത് ഭാഗ്യം..

വയ്യായിരുന്നു അക്കാ….

എനിക്കെന്റെ ശരീരത്തിൽ ഒരീച്ച വന്നിരുന്നാൽ പോലും ആ സമയത്തു താങ്ങാനാവില്ല.. അത്രേം വലി…”

അവളുടെ കണ്ണിൽ നിന്നും കണ്ണീരായിരുന്നില്ല ഒഴുകി ഇറങ്ങിയത്…
ഒരു ചെറു കാറ്റടിച്ചാൽ തകരുന്നൊരു സ്ത്രീ ശരീരം എനിക്ക് മുന്നിൽ സ്പടിക തുല്യമായി നഗ്നയായി നിൽക്കുന്ന പോലെ….

അവൾ തുടർന്ന് പറഞ്ഞു…

“നിരസിച്ചാൽ പുലർച്ചെ വരെ ഞാൻ നഗ്നയായി അയാളുടെ പരാക്രമങ്ങൾക്കു ചിത്രമെഴുതാൻ ചുമരാകണം..

മക്കളെ പേടിച്ചെല്ലാം സഹിച്ചു..

ഇന്നലെ അയാളുടെ കൈ തട്ടി മാറ്റി ചൂട് വെള്ളവുമായി ഞാൻ പുറത്തേക്കു പോയതാ..
ദേഹത്തു ചൂട് വെള്ളം ഒഴിച്ച് വരുമ്പോൾ ഇവളുടെ ശ്വാസം മുട്ടി പിടച്ചിൽ അകത്തു നിന്ന് കേട്ടു..

ഇവളുടെ ശരീരത്തിന് മേൽ മൽപ്പിടുത്തം പിടിക്കുന്ന അയാളെ………. ഞാൻ… ഞാൻ…

പക്ഷെ അയാൾ മാറിക്കളഞ്ഞു..

എന്റെ മോളുടെ മേലാ കത്തി കൊണ്ടത്. അയാളിപ്പോൾ എന്നെ പോലീസിൽ പിടിപ്പിക്കും എന്ന് പറഞ്ഞാണ് പോയിരിക്കുന്നത്… അങ്ങിനെ വന്നാൽ എന്റെ പെൺകുട്ടികളെ അയാൾ നശിപ്പിക്കും അക്കാ…. എനിക്കാരും ഇല്ല.. ”

അവളുടെ കണ്ണീരിന്റെ ആഴവും പരപ്പും അടങ്ങാത്തൊരു കടലിലേക്ക് അവൾ എന്നെയും ഒഴുക്കിക്കൊണ്ട് പോകുന്നത് പോലെ. അവളുടെ മുന്നിൽ ഞാനൊരു പാഴ് തടി പോലെ നിസ്സഹായയായി പോയി…

സ്ത്രീ ഏതൊക്കെ തരത്തിൽ ആണ് നിസ്സഹായയാവുന്നത്?

അടഞ്ഞ വാതിലിനു പിന്നിൽ….
അവളുടെ സ്നേഹവും കടമയും കയ്പ്പായി മാറുന്നു..
കിനാവുകളിൽ ചേതോവികാരങ്ങൾ നിറം കെട്ടു പോകുന്നു…
ചേതനകൾ വാത്മീകം പോൽ ഉറഞ്ഞു പോകുന്നു…

മോഹങ്ങൾ ഇല്ലാതെ
സ്വപ്നങ്ങൾക്കു അവകാശമില്ലാതെ..
അവളിങ്ങനെ ജീവിതത്തെ വെറുതെ പൊഴിച്ച് കളയുന്നു..

ഇത്തിരി പണം കൊടുത്ത് ആശ്വസിപ്പിച്ചു അവളെ തിരിച്ചയക്കാൻ അല്ലാതൊരു പോംവഴി തേടുകയായിരുന്നു ഞാനപ്പോൾ.

ചോരമണക്കുന്ന മൂന്നു പെൺജന്മങ്ങളെ ഞാൻ എവിടെ ഒളിപ്പിക്കും?

ശിവയുടെ കണ്ണുകളിലെ ലാവ ഒഴുകി എല്ലാ പെണ്മനസ്സിലൂടെയും യാത്രയാവട്ടെ…

ഞാൻ നിങ്ങൾക്കായി എന്റെ നേരെ ചൂണ്ടാൻ ഒരുപാട് വിരലുകൾക്കുള്ള സ്വാതന്ത്ര്യം അനുവദിച്ചുതരുന്നു..
കാരണം നിങ്ങൾക്ക് ചിന്തിക്കാം,
എന്നെ കല്ലെറിയാം,
കുറ്റപ്പെടുത്താം,
അല്ലെങ്കിൽ വാക്കിന്റെ കുരിശിൽ ബന്ധിക്കാം…

എന്റെ വീട്ടില് ജോലിക്ക് ഒരുമാസം വളരെകുറച്ചുനേരം വന്ന ആ പെൺകുട്ടിയോട് എനിക്കെന്തുചെയ്യാനാവും?

എങ്കിലും എന്നുള്ളിൽ ഒരു ശില്പ്പമുണ്ട്…
വെറുംതറയിൽ രണ്ടുപെൺകുട്ടികളെ മടിയിൽവെച്ച് ഒരു കൈ ശൂന്യതയിലേക്ക് നീട്ടി ഉരുകാൻകൊതിക്കുന്ന ഒരു…

മെഴുകുശില……

“മാഞ്ഞുപോകാത്തൊരു ഓർമ്മയായി ശിവ ജീവിക്കുന്നു “

About Mahitha Bhaskaran

മുപ്പതു വര്‍ഷമായി ഗള്‍ഫില്‍ വീട്ടമ്മയാണ് കവിതകളും കഥകളും എഴുതുന്നു ആദ്യം ഗള്‍ഫ് വോയ്സ് എന്ന മാസികയില്‍ ആണ് എഴുതി തുടങ്ങിയത് പന്നീട് പല ഓണ്‍ ലൈന്‍[സോഷ്യല്‍ മീഡിയ കളില്‍ ]എഴുതി സജ്ജീവമായി എഴുത്തിലേക്ക്‌ തിരിഞ്ഞു.ഒരു കവിതാസമാഹാരം പുറത്തിറക്കി രണ്ടാമത്തെ കഥാ സമാഹാരം ജനുവരിയില്‍ പുറത്തിറങ്ങുന്നു. യു ഏ ഈ ലാണ് [ദുബായ് ] കുടുംബത്തോടൊപ്പം താമസം.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *