ആത്മാവ് പണയം വച്ചവർ

തന്റേതാം തനുവൊപ്പം മസ്തിഷ്കവു-
മന്യദുഷ്ടചിത്തങ്ങൾക്കു പണയം
വച്ചാത്മബലിയിട്ടൊടുങ്ങും ചാവേറുകളൊപ്പം
നിസ്സഹായരാം മാനുഷരുമെത്രയോ? കഷ്ടം!
നിൻ ദുഷ്കൃതാനർത്ഥമായേറെ രാഷ്ട്രങ്ങൾ,
ദേശങ്ങൾ, നാടുകൾ, വീടുകൾ: നഷ്ടമാ-
യവയിലേവർക്കും പ്രിയതരമാരൊക്കെയോ,
പാരിലുഴലുമനാഥബാല്യങ്ങൾ കണക്കെ!
കണ്ണും കാതുമാദിപഞ്ചേന്ദ്രിയങ്ങളൊക്കെയും
പ്രതിഫലം പറ്റി നീ വാടകയ്ക്കേകി
ഇടയ്ക്കെപ്പൊഴോ, വാടകയ്ക്കെടുത്തൊരാ
നീചജന്മങ്ങളുടമകളായി, പിന്നെ നീയടിമയും.
ഇന്നലെകളിലിവിടെ നീ കാട്ടിയ പേക്കൂത്തുക-
ളതിന്നലമുറകളിന്നും നിലയ്ക്കാത്ത
നെഞ്ചിലോരും വിലാപങ്ങൾ, ശാപങ്ങളിടിത്തീ
പോൽ, ശാന്തികിട്ടാതലയുമാ നഷ്ടാത്മാവും.
രാജ്യദ്രോഹികൾ തന്നാജ്ഞാനുവർത്തിയായ്
നീ മനുഷ്യബോംബായി ചിതറിത്തെറിക്കവേ,
വിലപ്പെട്ട ജീവിതങ്ങളതിൻസ്വപ്നങ്ങളും
തച്ചുതകർത്തിവിടെ മരുഭൂമിയാക്കുവോർ!
നിന്നെയും നൊന്തുപെറ്റതൊരമ്മയല്ലേ, ജന്മം
തന്നതൊരച്ഛനല്ലേ, സ്നേഹം പകുത്തവർ
ഭ്രാതാക്കളും കളിക്കൂട്ടുകാരുമല്ലേ, നേർവഴി
കാട്ടിയോർ ഗുരുക്കളല്ലേ, ഞങ്ങൾക്കുമതേ.
അതിജീവനപഥത്തിലൂടെതിർപ്പിൻ ചെറു
കല്ലുകൾ താണ്ടി നീയലയും ചഞ്ചലമാനസൻ,
വഴിത്തിരിവിലാരോ കണ്ണുകൾ കെട്ടിയിരുളിലാ
നീചഹൃത്തുകൾ കൈപിടിച്ചൊപ്പം നടത്തി.
പിന്നെ നീ കണ്ടതൊക്കെയുമവരുടെ
കാഴ്ച്ചകൾ, കേട്ടതൊക്കെയുമവരുടെ
കേൾവികൾ, ചിന്തിച്ചതൊക്കെയുമവരുടെ
ചിന്തകളൊടുവി,ലാത്മാവും പണയംവച്ചവൻ.
ഇന്നിവിടെ കാണുന്നതും കേൾക്കുന്നതു-
മവിവേകിയാം നിന്റെ കാടൻചെയ്തികളാ-
ലെല്ലാം നഷ്ടമായവർ തൻദുരിതങ്ങളാർ-
ത്തലയ്ക്കും നിലവിളിക, ളാത്മശാപങ്ങൾ.
ഇനി ജനിക്കരുതിവിടെയൊരു ചാവേറു-
മവന്റെ ബോധനിലാവുമറിവും വിലയ്ക്കെടുക്കും
രാജ്യദ്രോഹികളാം തീവ്രവാദികളും നിജം,
കാവലാളാം നമ്മളേവരും നിതാന്തജാഗ്രത!

Check Also

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …

Leave a Reply

Your email address will not be published. Required fields are marked *