മാര്‍ച്ച് എട്ട്
സര്‍വ്വദേശീയ വനിതാദിനം
ജനാധിപത്യതുല്യതയിലേക്ക്
ലിംഗസമത്വത്തിലേക്ക്
ഇനിയും ബഹുദൂരം.
വനിതാവിമോചനത്തിന്റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ ത്യാഗസുരഭിലമായ ആഖ്യാനങ്ങളാണ് ഇതള്‍ വിരിയുന്നത്.
മാര്‍ച്ച് എട്ട് സാര്‍വ്വദേശീയ വനിതാദിനമായി നിശ്ചയിച്ചത് 1910-ല്‍. അതിന് മുമ്പ് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി 1909- ഫെബ്രുവരി 28-ന് ന്യൂയോര്‍ക്കില്‍ ഒരു ദേശീയ വനിതാദിനം ആചരിച്ചു. സുദീര്‍ഘ സമരങ്ങള്‍, സഹനപരമ്പരകള്‍, ആത്മത്യാഗങ്ങള്‍, ചോരച്ചാലുകള്‍ അവള്‍ക്കും ഒരു ദിനത്തിനു വേണ്ടിയുള്ള ബഹുമുഖ പോരാട്ടങ്ങള്‍ അരങ്ങേറുമ്പോള്‍ ലോകത്താദ്യമായി ഒരു വനിതാ മന്ത്രി(കമ്മിസാര്‍) നിയമിക്കപ്പെട്ടു. വിപ്ലവാനന്തര സോവിയറ്റ് റഷ്യയില്‍. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പു മേധാവിയായി വിപ്ലവാനന്തര റഷ്യന്‍ സര്‍ക്കാരില്‍ അലക്സാന്ദ്ര കോളോണ്‍ തായ് സ്ഥാനമേല്‍ക്കുമ്പോള്‍ ഒരു ദുര്‍ബ്ബലവിഭാഗത്തോട് ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന്‍റെ അനുകമ്പയായിരുന്നില്ല അത്. സാറിസ്റ്റ് റഷ്യയിലെ വിപ്ലവസമരങ്ങളില്‍ സ്ത്രീകള്‍ കാഴ്ചക്കാരായിരുന്നില്ല. മറിച്ച സജീവ പങ്കാളികളും, മുന്നണിപ്പോരാളികളുമായിരുന്നു. 1917-ല്‍ തന്നെ റഷ്യയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു. മാര്‍ച്ച് എട്ട് ദേശീയ അവധിദിനമായി പ്രഖ്യാപിച്ചു. വോട്ടവകാശം സംബന്ധിച്ച് ബൂര്‍ഷ്വാ ഫെമിനിസ്റ്റ്കളുടെയും, തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ തന്നെയും അതുവരെയുള്ള സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് റഷ്യയിലെ സ്ത്രീ കമ്മ്യൂണിസ്റ്റുകള്‍ ഈ നേട്ടം കൈവരിച്ചത്. ഇതിനു പിന്നില്‍ 1907-ല്‍ സ്റ്റുട്ട്ഗര്‍ട്ടില്‍ ചേര്‍ന്ന ആദ്യസോഷ്യലിസ്റ്റ് ഇന്‍റര്‍നാഷനല്‍, നേതൃത്വം നല്‍കിയത് ജര്‍മ്മന്‍ മാര്‍ക്സിസ്റ്റായ ക്ലാര സെറ്റ്കിന്‍.
അലക്സാണ്ട്ര കോളോണ്‍ തായ് എന്ന വനിത ഒരു സോഷ്യലിസ്റ്റ് ഗവണ്‍മെന്‍റില്‍ മന്ത്രിയാകുന്ന 1917-ല്‍ അമേരിക്കയില്‍ പ്രസിഡന്‍റിന്‍റെ മകള്‍ക്കു പോലും വോട്ടവകാശം ഇല്ല്. രാജാവിന്‍റെ അകമ്പടിപ്പടയിലെ കുതിരയെ പിടിച്ചു നിര്‍ത്തി രക്തസാക്ഷിത്വത്തിന്‍റെ അസാധാരണ മാതൃക സൃഷ്ടിച്ച നവോമി ഡേവിസന്‍റെ ബ്രിട്ടനില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത് 1918-ല്‍ അതും മുപ്പതു വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക്. ലോക മഹായുദ്ധങ്ങളുടെ പോര്‍മുഖത്ത് അസാമാന്യ ധൈര്യത്തോടെ നിലയുറപ്പിച്ചതിനും യുദ്ധാനന്തര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ അദ്ധ്വാനം നല്‍കിയതിനും പാരിതോഷികമായി ലഭിച്ചതാണ് യൂറോപ്പിലെ നിരവധി രാജ്യങ്ങളിലെ സ്ത്രീ വോട്ടവകാശങ്ങള്‍.
സ്ത്രീ വിമോചനപോരാട്ടങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആഖ്യാനങ്ങളില്‍ ഏറ്റവും കൗതുകകരവും ബഹുതലസ്പര്‍ശിയുമായ പാഠങ്ങളിലൊന്ന് ആണ്‍പെണ്‍ ശരീരഘടനയിലെ ഭിന്ന തലങ്ങളാണ്. 1959-ല്‍ ഫ്രഞ്ച് രസതന്ത്ര വിദഗ്ധയും അനാട്ടമിസ്റ്റുമായ മേരി ഷാര്‍ലറ്റ് സ്ത്രീയുടെ അസ്ഥികൂടത്തിന്‍റെ ചിത്രം വരച്ചുണ്ടാക്കിയത് ജര്‍മ്മന്‍ അനാട്ടമിസ്റ്റായ സാമുവല്‍ തോമസ് സോമറിംഗിന്‍റെ ദീര്‍ഘകാല പഠനത്തിന്‍റെയും അപഗ്രഥനങ്ങളുടെയും ചുവടുപിടിച്ചാണ്. മേരി ഷാര്‍ലറ്റിന്‍റെ ചിത്രങ്ങളില്‍ സ്ത്രീയുടെ തലയോട് പുരുഷന്‍റെതിനെ അപേക്ഷിച്ച് ചെറുതും ഇടുപ്പെല്ലുകള്‍ വിസ്തൃതമായും രേഖപ്പെടുത്തിയിരുന്നു. സ്ത്രീ സമത്വത്തിന് വേണ്ടി 18-ാം നൂറ്റാണ്ടില്‍ ആരംഭിച്ച പോരാട്ടങ്ങള്‍ക്കെതിരെ സ്ത്രീയുടെ അസമത്വം തെളിയിക്കുന്നതിനായുള്ള ആയുധമായി ഈ ചിത്രങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെട്ടു. സ്ത്രീയുടെ വലിപ്പം കുറഞ്ഞ തലയോട് പുരുഷന്‍മാരെപോലെ യുക്തിപരമായി ചിന്തിക്കാനുള്ള കഴിവില്ലായ്മയുടെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. വിസ്തൃതമായ അരക്കെട്ടിലെ അസ്ഥികളെ ചൂണ്ടിക്കാട്ടി സ്ത്രീയുടെ ധര്‍മ്മം ഗര്‍ഭധാരണവും, പ്രസവവും, മാതൃത്വവുമാണെന്ന് പുരുഷ മേധാവിത്വപരമായ അന്നത്തെ പണ്ഡിതസമൂഹം വിധിയെഴുതി. പുരുഷന്‍ ചിന്തയുടെയും ധൈഷണികതയുടെയും പ്രതീകമെന്നു വാഴ്ത്തി. ശാസ്ത്രീയ വസ്തുതകള്‍ പോലും ആണ്‍കോയ്മയുടെ പ്രത്യയശാസ്ത്രം (ഗവേഷക ഒരു സ്ത്രീയായിട്ടും) സ്ത്രീയെ അടിച്ചമര്‍ത്താന്‍ ഇത് എങ്ങിനെ ഉപയോഗിച്ചു എന്നു തെളിയിച്ചു. എതിര്‍പ്പുകളെ അതിജീവിച്ച് ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ഇന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് പുരുഷന്മാരായ സാമൂഹ്യപ്രവര്‍ത്തകരായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായി സമരപ്രവര്‍ത്തനങ്ങളില്‍ ഗാന്ധിജി സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചു.
ബ്രിട്ടീഷ് ഇന്ത്യയില്‍ 1921-ല്‍ മദ്രാസ് പ്രൊവിഷണല്‍ ലജിസ്ലേറ്ററിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ വോട്ടവകാശം വിനിയോഗിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വോട്ടവകാശ തുല്യത ഭരണഘടനയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു. 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് മുതല്‍ 2017-ലെ മുത്തലാക്ക് വിധിവരെ എണ്ണമറ്റ ഭരണഘടനാ അവകാശങ്ങളും നിയമ വിധികളും ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും ജനാധിപത്യ തുല്യതയിലേക്ക് കുറച്ചു ദൂരമെങ്കിലും നടന്നടുക്കാനുള്ള വനിതാ സംവരണബില്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. പാര്‍ലമെന്‍ററി സഭകളിലെ സ്ത്രീ സാന്നിദ്ധ്യത്തില്‍ 193 രാജ്യങ്ങള്‍ പരിശോധിച്ചാല്‍ 149-ാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. നിയമ നിര്‍മ്മാണ സഭകളില്‍ 33 ശതമാനം സ്ത്രീ സംവരണം ഉറപ്പു വരുത്തുന്ന വനിതാ സംവരണ ബില്‍ അഥവാ 108-ാം ഭേദഗതി നിരവധി കടമ്പകള്‍ കടന്ന് 2010 മാര്‍ച്ച് 9-ന് രാജ്യസഭ പാസ്സാക്കിയെങ്കിലും തുടര്‍നടപടികള്‍ മുന്നോട്ട് പോയിട്ടില്ല. വനിതാ സംവരണത്തോട് തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്ന സാമൂഹ്യസ്ഥിതിയാണ് ഇന്ന് ഇന്ത്യാരാജ്യത്ത് പലയിടത്തും. ഇതുവരെ ഒരു വനിതപോലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത നാഗാലാന്‍റില്‍ 2017-ല്‍ നഗരസഭകളിലേക്ക് 33 ശതമാനം സംവരണം വനിതകള്‍ക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം വ്യാപകമായ എതിര്‍പ്പിലേക്കും, അക്രമത്തിലേക്കും, തെരുവു യുദ്ധത്തിലേക്കും നയിച്ചു. രണ്ടു പേര്‍ മരിക്കുകയും, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപം പട്ടാളമിറങ്ങി അമര്‍ച്ച ചെയ്യേണ്ടിവന്നു. തുടര്‍ന്ന് ആ നിയമം അസാധുവാക്കി.
ജനാധിപത്യ തുല്യതക്കും, സ്ത്രീ സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം മോഡിയുടെ ഇന്ത്യയില്‍ മുന്നോട്ട് കൊണ്ടുപോവുക എന്നത് പ്രയാസകരമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ചോര മരവിപ്പിക്കുന്ന ദുരഭിമാന കൊലകള്‍, ദയാരഹിതമായ പെണ്‍ ഭ്രൂണഹത്യകള്‍, സ്ത്രീകളെയും കുട്ടികളെയും അനാഥമാക്കുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ സര്‍വ്വോപരി പൊതുമണ്ഡലത്തില്‍ നിന്ന് ഉള്‍വലിയാന്‍ സ്ത്രീസമൂഹത്തെ പ്രേരിപ്പിക്കുന്ന അക്രോശങ്ങളും മര്‍ദ്ദനരീതികളും പ്രത്യയശാസ്ത്രമായി സ്വീകരിച്ച ആര്‍.എസ്.എസ്. നിയന്ത്രിക്കുന്ന ഭരണരീതികള്‍. ലിംഗാനുപാതത്തില്‍ സ്ത്രീ ജനസംഖ്യ കുറയുകയാണ് ഓരോ വര്‍ഷവും ഓരോ മൂന്നു മിനിട്ടിലും ഇന്ത്യയില്‍ ഒരു സ്ത്രീ ഗാര്‍ഹിക പീഢനത്തിന് ഇരയാവുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 70 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിനു താഴെ വിവാഹിതരാവുന്നു. ഇതില്‍ 56 ശതമാനം 19 വയസ്സാകുമ്പോള്‍ അമ്മമാരാകുന്നു. ബലാത്സംഗക്കേസുകളില്‍ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയില്‍ 38941 മാനഭംഗകേസ്സുകള്‍ 2016-ല്‍ റിപ്പോര്‍ട്ട് ചെയ്തു. യഥാര്‍ത്ഥത്തില്‍ നടന്നതില്‍ 20 ശതമാനം മാത്രമാണിതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തുല്യജോലിക്ക് തുല്യ വേതനം ഇന്ത്യയില്‍ അപൂര്‍വ്വമാണ്. ഗ്രാമീണ ഇന്ത്യയില്‍ 63 ശതമാനം സ്ത്രീകളും നിരക്ഷരരാണ്. നാഷനല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 2016-ലെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള 3.4 ലക്ഷം കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ബി.ജെ.പി. ഭരിക്കുന്ന യു.പി, എം.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് മഹാ ഭൂരിപക്ഷവും. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഫാന്‍ ഫൈറ്റ് ക്ലബ്ബുകള്‍ പോലുള്ള സൈബര്‍ സ്പേസിലെ വെറുപ്പിന്‍റെ ചുമരിടങ്ങളില്‍ സ്ത്രീകള്‍ നിര്‍ദ്ദയം അപമാനിക്കപ്പെടുന്നു.
പൊതു മണ്ഡലത്തിലെ സ്ത്രീ സാന്നിദ്ധ്യത്തിലും ലിംഗസമത്വത്തിലും ഏറെ മുന്നോട്ട് പോയ കേരളം അധികാര സഭകളിലേക്ക് സ്ത്രീ പ്രവേശനത്തില്‍ രാജ്യത്തിന് മാതൃകയായി. 2009-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രാദേശിക ഗവണ്‍മെന്‍റുകളിലെ 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തു നടപ്പിലാക്കി. നിലവിലെ ഗവണ്‍മെന്‍റിന്‍റെ ആദ്യ ബജറ്റില്‍ തന്നെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളുടെ പ്രതിരോധത്തിനും പുനരധിവാസത്തിനും ഊന്നല്‍ നല്‍കുന്ന മാതൃകാപദ്ധതികളാല്‍ പ്രകീര്‍ത്തിക്കപ്പെട്ടു. പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, ഷെല്‍ട്ടര്‍ ഹോംസ്, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍, വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്‍ററുകള്‍, ഷീ ലോഡ്ജുകള്‍, പോലീസില്‍ വനിതാ ബറ്റാലിയന്‍, താലൂക്ക് തല വനിതാ പോലീസ് സ്റ്റേഷന്‍, സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക വകുപ്പും. ബജറ്റിനൊപ്പം ജന്‍റര്‍ സ്റ്റേറ്റ്മെന്‍റ് വിതരണം ചെയ്യുകയും, ജന്‍റര്‍ ഓഡിറ്റ് സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുമെന്ന് സഭക്ക് ഉറപ്പു നല്‍കുകയും ചെയ്യുന്നത് ഒരു പക്ഷേ ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ്.
“ഇടിമിന്നലിന്‍റെ വേരുതിന്ന് പ്രളയമഴ കുടിച്ച്” (വിജയലക്ഷ്മിയുടെ പച്ച എന്ന കവിതയില്‍ നിന്ന്) കരുത്തു നേടണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്യുന്ന കേരളത്തില്‍ ലിംഗനീതിയെക്കുറിച്ചുള്ള അവബോധം വേരുറപ്പിക്കാനുള്ള ശക്തമായ ആശയപ്രചാരണത്തിന് തയ്യാറെടുക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. പോലീസ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വക്കീലന്മാര്‍, ജുഡീഷ്യറി, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, വനിതാകമ്മീഷന്‍, വനിതാ വികസനകോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ കൂട്ടായ സംരംഭമാണിത്. ക്രൈം മാപ്പിംഗിന്‍റെയും ജന്റർ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ സ്ത്രീ സൗഹൃദ ഗ്രാമങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടുകയാണ്.
സാര്‍വ്വദേശീയ വനിതാദിനം വീണ്ടുമെത്തുമ്പോള്‍ ലങ്കേഷീന്‍റെ പുത്രി ഗൗരി നമ്മോടൊപ്പമില്ല. ഗൗരിയുടെ ജീവനെടുത്തത് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണവര്‍ഗ്ഗമാണ്. വിശപ്പ് സഹിക്കാനാവാതെ മരണം വരിച്ച ഝാര്‍ഖണ്ഡിലെ 11 വയസ്സുകാരിയായ സന്തോഷികുമാരിയെപ്പോലെ നൂറു കണക്കിന് നിസ്സഹായയരുടെ ജീവനെടുത്തത് മോഡി സര്‍ക്കാരിന്‍റെ ദുര്‍ന്നയങ്ങളാണ്. ആര്‍. എസ്.എസ്. നേതൃത്വം നല്‍കുന്ന സമഗ്രാധിപത്യത്തിന്‍റെ ദുഷ്ടശക്തികള്‍ മരണത്തിന്‍റെ വ്യാപാരികളും പട്ടിണിയുടെ പ്രായോജകരുമായി മാറിയിരിക്കുന്നു. സ്വന്തം ജനങ്ങളെത്തന്നെ കൊന്നു തിന്നുന്ന ദയാരഹിതമായ ഭരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്‍റെ കനലുകളെ രാജ്യത്ത് ആളിപ്പടര്‍ത്തുവാന്‍ സാര്‍വ്വദേശീയ വനിതാ ദിനം കരുത്തു പകരും.
പിന്‍കുറിപ്പ്ഃ– ഏതിലും രണ്ടു പക്ഷമുള്ളതുപോലെ വൈദ്യശാസ്ത്രത്തിലും സ്ത്രീ പക്ഷമുണ്ട്. ഇതൊരു ലിംഗപരമായ വിമര്‍ശനം കൂടിയാണ്. ഇന്ന് രോഗാവസ്ഥയെ പഠിക്കാന്‍ അടിസ്ഥാനശരീരമായി വൈദ്യശാസ്ത്രം സ്വീകരിച്ചിട്ടുള്ളത് പുരുഷന്‍റെ ശരീരമാണ്. അതായത് രോഗവിമുക്തിയുടെയും ചികിത്സയുടെയും ആധാരശരീരം പുരുഷന്‍റെതാണ്. ഈ പുരുഷ കേന്ദ്രീകൃത സമീപനം സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ യഥാസമയം കാണാന്‍ തടസ്സമാകും. സ്ത്രീകളിലെയും പുരുഷന്മാരിലേയും ഹൃദയാഘാതമാണ് ഉദാഹരണം. പുരുഷന്മാരിലെ ഹൃദയാഘാതം ഇങ്ങനെയാണ്. മദ്ധ്യവയസ്സിലെത്തിയ അമിതഭാരമുള്ള പുരുഷന് പെട്ടെന്നു നെഞ്ചുവേദനവരുന്നു. വലതുകൈകൊണ്ട് നെഞ്ചിന്‍റെ നടുക്ക് അയാള്‍ അമര്‍ത്തിപ്പിടിക്കുന്നു. മരണം മുന്നില്‍ കണ്ടെന്നപോലെ അയാള്‍ പരിഭ്രാന്തനാകുന്നു. വിയര്‍ത്തു കുളിക്കുന്നു, വേദനനെഞ്ചില്‍ നിന്ന് ഇടതു തോളിലേക്കും ഇടതു കൈകളിലേക്കും വ്യാപിക്കുന്നു. എത്രയും വേഗത്തില്‍ അയാള്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തുന്നു. എന്നാല്‍ സ്ത്രീകളില്‍ ഇതു വ്യത്യസ്തമാണ്. 20-25 ശതമാനം സ്ത്രീകളിലും നെഞ്ചുവേദനപെട്ടെന്ന് ഉണ്ടാകുന്നില്ല. വേദനയേക്കാള്‍ ശ്വാസം മുട്ടലായിരിക്കും, നെഞ്ചുവേദനവന്നാല്‍ തന്നെ പുരുഷന്മാരേക്കാള്‍ കുറഞ്ഞ അളവിലും. വേദനഇടതു കൈയിലേക്ക് പോകുന്നതിന് പകരം കഴുത്തിന്‍റെ പുറകിലേക്കും, താടിയിലേക്കുമായിരിക്കും അതു സഞ്ചരിക്കുക. പലപ്പോഴും സ്ത്രീകള്‍ ക്ഷീണം, മനംപുരട്ടല്‍ തുടങ്ങിയ അവ്യക്തമായ അസ്വസ്ഥതകളെക്കുറിച്ചാണ് ഡോക്ടറോട് സംസാരിക്കുക. അതു കൊണ്ട് ഹൃദയാഘാതം വരുന്ന സ്ത്രീകള്‍ മിക്കപ്പോഴും വൈകി മാത്രം അത്യാഹിതവിഭാഗത്തില്‍ എത്തുന്നു. അവര്‍ സാധാരണ രോഗികളെപ്പോലെ ഒ.പി.യില്‍ കാത്തു നില്‍ക്കും. രോഗം ശരിയായി നിര്‍ണ്ണയിക്കപ്പെടാതെ തിരിച്ചു പോവുകയും ചെയ്യും.
ഹൃദയാഘാതം കൂടുതല്‍ സംഭവിക്കുന്നത് പുരുഷന്മാരിലാണെങ്കിലും ഹൃദയാഘാതം വന്ന് മരിക്കുന്നതിലേറെയും സ്ത്രീകളാണ്. പഠനങ്ങള്‍ അത് സ്ഥിരീകരിക്കുന്നു. (ഡോ. ജി.ആര്‍. സന്തോഷ് കുമാറിനോട് കടപ്പാട്)
ഇ. മുഹമ്മദ് ബഷീര്‍
സൂപ്പർ