മരണസാക്ഷ്യം

കൊതുകുവലക്കകത്തെന്നതുപോലെ കർക്കടകമഴക്കകത്ത് താലൂക്കാശുപത്രി സുതാര്യമായി മഞ്ഞച്ചതുരത്തിൽ തുങ്ങിനിന്നു. കാലം ഒറ്റപ്പാളി അപഹരിച്ച ഇരുമ്പു ഗേറ്റിന്റെ കാരുണ്യത്തിലൂടെ അമ്മ എന്റെ കൈപിടിച്ച് ആശുപത്രി വളപ്പിലേക്കുകയറി. അമ്മകാണാതെ കുടയല്പം മാറ്റി ആകാശത്തേക്കു നാക്കു നീട്ടി, ഞാനിത്തിരി മഴ രുചിച്ചു. അതെന്റെ മഴക്കാല വിനോദങ്ങളിലെ മുഖ്യയിനമായിരുന്നു. പൂക്കളോ മണ്ണുതന്നേയോ ഇല്ലാത്ത വക്കുപൊട്ടിയ പൂച്ചട്ടികളുടെ ഉദ്യാനത്തിൽ ഭൂതകാലം മഴനനഞ്ഞു. ചിലയിടങ്ങളിൽ ഇന്നലേ വിടർന്ന നാലുമണിപ്പൂക്കളിൽ അതിന്റെ ഘടികാരസൂചി അഴിഞ്ഞുവീണു കിടന്നു.

പാതക്കിടതുവശത്തെ മോർച്ചറിയും പിന്നിട്ടു നടക്കുമ്പോൾ, ഭയം നടത്തം ഒരല്പം വേഗത്തിലാക്കയാൽ അമ്മയുടെ പിന്നിലായിരുന്ന ഞാൻ രണ്ടടി മുന്നിലായി. മോർച്ചറിയുടെ വാതില്ക്കൽ കുറച്ച് ആളുകൾ കൂടിനില്ക്കുന്നതാണ് അകത്തൊരാൾ വിചാരണ കാത്തു കിടക്കുന്നതിന്റെ അടയാളം.

“അമ്മേ മരിച്ചവരേ മോർച്ചറിയിൽ കിടത്തുന്നതെന്തിനാ?” – ഞാൻ ചോദിച്ചു.

കുടവട്ടത്തിനപ്പുറം മഴ കനത്തു. മഴക്കാലങ്ങളിൽ അമ്മയുടെ നെഞ്ചിൽ വളരുന്ന പ്രാവുകൾ ഉച്ചത്തിൽ കുറുകി.

കുത്തനേയുള്ള ഇറക്കത്തിനപ്പുറമാണ് അത്യാഹിത വിഭാഗവും, അതിന്റെ വലതു ഭാഗത്തെ മൂന്ന് മേശകൾക്കു പിറകിലേ രണ്ടു ഡോക്റ്റർമാരാണ് ഓ.പി വിഭാഗവും. അത്യാഹിത വിഭാഗം എന്നതിന്റെ അർത്ഥം ഒരുവിധം എനിക്കറിയാം. നിരത്തിലൂടെ ഉച്ചത്തിൽ അഗ്നിശമന വാഹനങ്ങൾ മണിയടിച്ചു പോകുന്ന ഒച്ചകൾ കേൾക്കുമ്പോളും, തെക്കേപ്പറമ്പിലെ പുളിമരത്തിൽ നിന്നും കാലൻകോഴികൾ കൂവുമ്പോളും അമ്മൂമ്മ പറയുന്ന വാക്കിലതുണ്ടായിരുന്നു.

“എന്തത്യാഹിതാണ് ഈശ്വരാ…”

എന്നാലും ജീവിതത്തിന്റെ നനാർത്ഥപ്പൊരുളുകൾ വിടർത്തുന്ന പദശാഖികളിലേക്കെന്റെ ജ്ഞാനവള്ളികൾ പടർന്നു തുടങ്ങുതേയുണ്ടായിരുന്നുള്ളൂ.

അമ്മ, ഓ.പി ടിക്കറ്റുമായി വരിയുടെ അറ്റത്ത് നിൽക്കുവാനാവാതെ വെറും നിലത്തിരുന്നു. പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളൊരു കുട്ടിക്ക് സങ്കടപ്പെടുക എന്നതല്ലാതെ മറ്റെന്തു ചെയ്യാനുണ്ട് അത്തരം സന്ദർഭങ്ങളിലെന്നു ഞാൻ ആലോചനകളിൽ ചുറ്റിത്തിരിഞ്ഞു.

അച്ഛനുണ്ടായിരുന്നെങ്കിൽ ഇവ്വിധം ദുർഗ്ഗതികളുണ്ടാവില്ലായിരുന്നെന്ന്, എന്നോളം പോന്ന മക്കളേയുമെടുത്ത് കാത്തു നില്പിന്റെ കാലുമടുക്കുമിടങ്ങളിൽ കരുത്തോടെ നിൽക്കുന്ന അച്ഛന്മാരേ നോക്കി ഞാൻ സങ്കടപ്പെട്ടു. അമ്മക്ക് ചൂടോടെ ഒരു ചായ വാങ്ങിക്കൊടുക്കാൻ കടയിലേക്ക് മഴ തുരന്നോടണമെന്നുണ്ടായിരുന്നു എനിക്ക്. മഴയിൽക്കുളിച്ച് അമ്മക്കുനേരെ ആവിപറക്കുന്ന ചായ നീട്ടുന്നൊരു മകനെ ആതുരാലയ വരാന്തയിൽ സങ്കല്പിച്ചു ഞാൻ. പിന്നെ അമ്മക്കൊപ്പമിരുന്ന് ശ്വാസത്തിന് അയവു കിട്ടാൻ പുറം തടവിക്കൊടുത്തു.

അത്യാഹിതങ്ങളുടെ വാഹനം മഴയിലൂടെ മൂളിമൂർച്ചവെച്ച് ഞങ്ങൾക്കപ്പുറം വന്നു നിന്നു. പിന്നാലെ പരിസരങ്ങളിൽ ചുറ്റിത്തിരിഞ്ഞ കുറച്ചുപേരും ഓടിവന്നു. ചോരയിൽ കുളിച്ചു കിടന്നോരു കരുത്തനായ മധ്യവയസ്കനെ ഞങ്ങൾക്കു മുന്നിലൂടെ സ്റ്റെക്ചറിലെടുത്തു കൊണ്ടുപോയി കുറച്ചപ്പുറത്തെ കട്ടിലിൽക്കിടത്തി. നേഴ്സുമാരും ഡോക്ടർമാരും ഓടിയെത്തി. തടിച്ചു കറുത്തൊരു സ്ത്രീ അഴിഞ്ഞുലഞ്ഞ വസ്ത്രവും മുടിയുമായി ആർത്തലച്ച് അത്യാഹിത വാർഡിൽ പെയ്തു നിറഞ്ഞു. കൂടെ പത്തുമുപ്പതു വയസു തോന്നിക്കുന്നൊരാളും.

കൂടെയുള്ളൊരാൾ പറഞ്ഞു. – “ങ്ങളിങ്ങനെ കരയല്ലേ ശാന്തേച്ചീ, സിദ്ധാർത്ഥാ നീയൊന്നമ്മയെ സമാധാനിപ്പിക്ക്”

തെങ്ങിൽ നിന്നു വീണതാണെന്ന ധാരണ പലരുടേയും ചിതറിയ വാക്കുകളിൽ നിന്നും ഞാൻ തുന്നിക്കൂട്ടി. വീട്ടിൽ തെങ്ങു കയറാനെത്തുന്ന കുമാരേട്ടനേയും അയാൾ വീഴ്ത്തിത്തരുന്ന, അകക്കാമ്പ് കുഴമഞ്ഞുപാടപോലെ നേർത്ത ഇളനീർ മധുരവും അന്നേരം ഞാനോർത്തു.

വാർഡൻ, അമ്മയും മകനുമൊഴികെ, കൂടെ വന്നവരെയൊക്കെ പുറത്താക്കി.

ചോരപ്പടർപ്പുകൾ തുടക്കപ്പെട്ടു. നാഡിയും, അടഞ്ഞ കണ്ണുകളും പരിശോധിച്ച്, ഒടുവിലൊരു വെള്ളത്തുണി അയാളിലേക്ക് നിവർത്തി വിരിക്കപ്പെട്ടു.

“അച്ഛാ…” എന്നൊരു കടും വിളിയോടെ മകൻ നിലത്തിരുന്നു. ഇത്രയും വലിയ ആണുങ്ങൾ കരയുമോ എന്നു ഞാനമ്പരന്നു. അമ്മയുടേയും മകന്റേയും അലമുറയിൽ ആതുരാലയവും അതിലെ രോഗികളും ഖേദചിത്തരായി. പുറത്ത് മഴ തോരുകയാണ്. നനവോർമ്മകൾ പരസ്പരം കൈമാറുന്ന പച്ചിലകളിൽ കാറ്റുപക്ഷികൾ ചിറകടിച്ചു.

ഒഴുകാൻ വിസമ്മതിക്കുന്ന ശ്വാസഗതികളെ നാരായണ നാമം കൊണ്ട് അമ്മ മുറിച്ചു കടന്നു, ശേഷം നിലത്തു നിന്നെഴുന്നേറ്റ് എന്റെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“വാ… നമുക്ക് പോകാം… ശ്വാസം മുട്ടല്പം കുറവുണ്ട്.”

അടിമയേപ്പോലെ ഒന്നും മിണ്ടാതെ, ഓരോ അടിവെക്കുന്തോറും ശ്വാസത്തിന്റെ ഭാരഭാണ്ഡം ചുമക്കുന്ന അമ്മയുടെ കൈപിടിച്ച്, ഇടതു വശത്തെ മോർച്ചറി പിന്നിട്ട് ഞങ്ങൾ പുറത്തേക്കു നടന്നു.

ഒറ്റയും ഇരട്ടയും തുള്ളികളായി വീണ്ടും മഴ തുടങ്ങി. കുടമേലാപ്പ് നീക്കി ഞാനാത്തുള്ളികളിലേക്ക് നാക്കു നീട്ടി. ആകാശം ചുരത്തിയ നീരമൃതിൽ ഇളനീർമധുരം കിനിഞ്ഞു. അതിറങ്ങിപ്പോയ തൊണ്ടയിലും കുടലിലും ഭയം പെരുത്തു. ആകാശം നീന്തിത്തീർത്ത് അരൂപിയായൊരാൾ എന്നിലേക്ക് മഴനാരുകളിലൂടെ ഊർന്നിറങ്ങുംപോലെ. ഞാൻ അമ്മയുടെ കൈവിരലുകളിൽ അമർത്തിപ്പിടിച്ചു തിരിഞ്ഞു നോക്കി. കർക്കടകക്കനപ്പിന്റെ നീർവള്ളികളിൽ ആതുരാലയം പതിയെ ഊയലാടി.

Check Also

അമ്പിളി അമ്മാവൻ

ഒന്ന് വേനലവധി…. നിറയെ കളിക്കുട്ടികൾ…. മുത്തശ്ശി ആറ്റിൻകരയിൽ കൈയിൽ ഒരു വടിയുമായി വന്നു. കേറിൻ പിള്ളാരേ!! മതി വെള്ളത്തിൽ കളിച്ചത്, …

Leave a Reply

Your email address will not be published. Required fields are marked *