വസന്തത്തിൽ വിരിയുന്ന,
സകല പുഷ്പങ്ങളും
ഒന്നിച്ച് കാണണമെന്ന്
വാശി പിടിക്കുന്ന
നിനക്കറിയുമോ..
അടയ്ക്കുവാൻ മറന്ന
ജനാലക്കരികിലെ,
രാത്രിയുടെ ആസക്തി,
ഏകാന്തതയുടെ ആക്രമണം..
അവസാനശ്വാസമെടുക്കുന്ന
ചിന്തകളെ,
ആഞ്ഞുകൊത്തുന്ന ഉരഗങ്ങൾ..
ഒടിഞ്ഞുകൊണ്ടിരിക്കുന്ന,
ചില്ലയിലേയ്ക്ക്, പാട്ടുമൂളാൻ
ചേക്കേറുന്ന പക്ഷി!
അധികാരവേഗങ്ങളിൽ,
ചതഞ്ഞരയുന്ന രാജ്യം
പുല്ലുകൊണ്ട് ഉരുളകൾ
ഉണ്ണുന്നത്!
ചാണകത്തിൽ
പേനമുക്കിയെഴുതുന്ന
കവികൾ ആത്മാരാധനയിൽ
ദൈവത്തെ മറക്കുമെന്നത്…
ഇനിയെങ്കിലും,
ഇരമ്പിവരുന്ന തീവണ്ടികൾ
പിടിച്ചുനിർത്താതിരിക്കൂ…
അവ കിതച്ചു നില്ക്കും വരെ
കാത്തിരിക്കൂ..
അവിടെവെച്ച് ഒരുപക്ഷേ
നിനക്ക് പുഞ്ചിരിക്കുന്ന
ചുണ്ടുകൾ കണ്ടെത്താനായേക്കും!!