ഏനാ വെയിലിന്‍റെ വിത്തെടുത്താ വിത്ത്
പിത്തളക്കോപ്പേലടച്ചു വച്ചേ
ലാവെട്ടമങ്ങേപ്പൊരേടം കടന്നപ്പൊ-
ളോളെടുത്താ വിത്തെറിഞ്ഞു മേലേ
നേരം പെരുമീനുദിച്ചപ്പൊളേനെന്‍റെ
ചായിപ്പറതുറന്നെത്തി നോക്കീ
മാനം മുഴുക്കെയാ വിത്തു മുളച്ചതോ
മിന്നിത്തെളങ്ങിച്ചിരിച്ച കണ്ടൂ
ഒറ്റാലുകുത്തിപ്പിടിച്ച കാരിക്കറി-
ക്കുപ്പിന്നു കണ്ണീരടര്‍ത്തിയിട്ടൂ
ചീനിപ്പുഴുക്കിന്‍റെ ചേലും മണപ്പിച്ചു
നേരം വെളുപ്പിച്ചതെന്‍റെ പെണ്ണ്
ഇന്നു പോലുത്തേക്കിനീ മണം പോരേന്ന്
പച്ചച്ചിരിച്ചോട്ടിലൂണ്ട ചോദ്യം
കൂരമേലാപ്പിലെയൂട്ടകളും കട-
ന്നങ്ങു മാനത്തേക്കു പാഞ്ഞുകേറീ