അശാന്തിയുടെ അഗ്നിപക്ഷം..

എനിക്ക് ഒളിക്കാനൊരു പർവ്വതം വേണം;
അവിടൊരു ദേവദാരുമരവും,
മഴവഴിയൊഴുക്കുകൾ പതം വരുത്തുന്ന പാതകളും,
ആകാശം വിരിച്ചിട്ട നീലനീരുറവും….
അശാന്തിയുടെ അഗ്നിപക്ഷമാണിന്ന്…
സാന്ദ്രതമസ്സിൽ അശുദ്ധനായി ഞാൻ;
കണ്ണുകളിൽ ക്രൗര്യം നിറയ്ക്കപ്പെട്ട വേട്ടക്കാരൻ.
വേട്ടക്കാരൻ! ആരുടെയോ നാവുപിഴ;
ഇരയെക്കാൾ തിരസ്കരിക്കപ്പെട്ട മറ്റൊരു ഇര….
പ്രാണന്റെ ഞെരുക്കങ്ങളിൽപ്പെട്ട്,
ഉയർന്ന ആകാശം അന്യമായി-
ഹൃദയത്തിൽ വിളവൊഴിഞ്ഞ മരുഭൂമി നിറച്ചവൻ….
അരക്ഷിതപ്രദേശങ്ങളിലെ പാർപ്പ്‌;
ഉള്ളിൽ കനക്കുന്ന തീക്കല്ലിന്റെ തിളയ്ക്കൽ,
നിർമ്മലമായ പുഞ്ചിരിക്കാഴ്ച്ചകൾ,
അധരങ്ങൾക്ക് അന്യമായ വൈഡൂര്യങ്ങൾ!
വിചാരണകൾക്കും വിധിയ്ക്കലുകൾക്കുമപ്പുറം-
പുണരാത്ത ജ്ഞാനസ്നാനത്തിന്റെ അലിവില്ലായ്മ!
തെളിഞ്ഞുണരുന്നതിൻ മുൻപ്-
കരിഞ്ഞുണങ്ങിയ എന്റെ നിലം…
എനിക്ക് ഒളിക്കാൻ ഒരു പർവ്വതം വേണം;
ഇവിടെ ഞാൻ മറഞ്ഞിരിക്കട്ടെ,
നുറുങ്ങിയ ഹൃദയത്തിൽ മിന്നൽപ്പിണരുകൾ-
തീർപ്പു കൽപ്പിക്കട്ടെ…
വിധിയ്ക്കലിനുമപ്പുറം ചിതറിപ്പോയ-
നക്ഷത്രങ്ങളെ ഞാൻ ചേർത്തു വയ്ക്കട്ടെ..
മഴ എന്റെ ഭൂമിയെ കഴുകിയൊരുക്കട്ടെ…
ചിലപ്പോൾ,
എന്നിലൊരു സമുദ്രം പൊട്ടിപ്പുറപ്പെട്ടെയ്ക്കാം……

Check Also

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …

Leave a Reply

Your email address will not be published. Required fields are marked *