LISTEN AND READ
എത്ര ലോപിക്കാം
വിളിക്കുന്ന പേരുകൾ?
അമ്മയെ ‘മാ’യെന്ന്
മാമനെന്നമ്മാമനെ,
മോളെന്നു മകളെയും.
ദൂര നക്ഷത്രങ്ങൾ
പൂത്ത യാമങ്ങളിൽ
നേരിയ വെണ്ണിലാ –
ച്ചേല മാറ്റി കാറ്റ്
ഭൂമിയെച്ചുംബിച്ചു –
ണർത്തിയ രാത്രിയിൽ
എന്തു വിളിക്കണ-
മെന്നറിയാത്തതാം
മന്ദസ്മിതത്തിനെ നോക്കി
നിൻ പേരിന്റെയാദ്യാക്ഷരം
മാത്രമോതി, പരസ്പരം
അത്രമേലിഷ്ടമാ-
ണെന്ന സത്യത്തിലേ –
ക്കെത്ര ലോപിച്ചെത്തി
ഞാനും!
എത്ര ലോപിക്കാം
നമുക്കോർമ്മ,
സ്വപ്നങ്ങ?, ളുച്ച
നേരങ്ങളെ-
യാളും വിശപ്പായ്,
സന്ധ്യയെ മായുന്ന
കുങ്കുമവർണ്ണമായ്,
സംവത്സരങ്ങളെ
സാന്ദ്രമൗനങ്ങളായ്…
എത്ര ലോപിക്കാം
നിമിഷ ഖണ്ഡങ്ങൾ ത-
നുൾത്തടം പൂകിയ
ചിത്രമായ് മാറുവാൻ?
എത്ര ലോപിക്കാ-
മുറങ്ങാത്ത രാത്രിയെ
പുസ്തകത്താളിൽ
കുറിച്ചു വച്ചീടുവാൻ?
ഉത്തരം തേടുന്ന
യാത്രയെ, ഭീതിയെ-
യുത്തരകാലത്തി –
നുൺമയായറിയുവാൻ?
എത്ര ലോപിക്കാം
പ്രിയങ്ങൾ, വെറും വാക്കി-
നക്കരെ പോകുന്നൊ-
രർത്ഥമായ് തീരുവാൻ!