എൻ്റെ കുട്ടിക്കാലത്ത് തറവാട്ട് വളപ്പു നിറയേ കരിമ്പനകളായിരുന്നു , ആകാശംമുട്ടി നിൽക്കുന്നവ , ആ കരിമ്പനകളിൽ നിന്നും ദിവസേനെ കാലം കോഴി കൂവുന്നത് ഞാൻ കേട്ടിട്ടുണ്ട് . വളപ്പിന് പിന്നിലെ പഞ്ചായത്ത് റോഡിൽ സന്ധ്യയായാൽ ആരും യാത്ര ചെയ്യാറില്ല , കാരണം ആ കരിമ്പനകളിലാണ് യക്ഷിയുടെ പൊറുതി, സൂര്യൻ അസ്തമിച്ചാൽ സുന്ദരിയായ യക്ഷി യുവ മിഥുനങ്ങളെ വേട്ടയാടുന്നത് പതിവാണ് , ഇരയെ പിടിച് സുന്ദരി കരിമ്പനയുടെ മുകളിലേക്ക് ഓടിക്കയറും പിന്നെ ബാക്കി വന്ന എല്ലും നഖങ്ങളും താഴേക്കു വലിച്ചിറയും .
ത്രിസന്ധ്യാനേരത്തു നാമം ചൊല്ലി കഴിഞ്ഞാൽ മുത്തശ്ശി ഒരു കഥ പറഞ്ഞു തരുന്നത് പതിവാണ് , അതിലുമുണ്ടാവും ബീഭത്സരൂപംപൂണ്ട കരിമ്പന. ഒരു അമാവാസിയിൽ മുത്തശ്ശിയുടെ കാലിൽകിടന്നു പുരാണകൃതികൾ ശ്രവിക്കുമ്പോൾ വീട്ടിലെ കാര്യസ്ഥൻ പങ്കുണ്ണി ഓടി വന്നു .
” എന്താ പങ്കു ണ്ടായേ ? …. ”
” അത് തമ്പ്രാട്ടി , അവിടെ !!!!... ”
” എവിടെ? … ”
” വളപ്പിലെ കരിമ്പനക്കുമേലെ ഒരാളനക്കം .. ”
” ന്ന് അമാവാസിയല്ലേ , പങ്കുനോടാരാ പുറത്തിറങ്ങാൻ പറഞ്ഞേ , യക്ഷി ഇറങ്ങില്ലേ ? … ”
” ഇവിടുത്തെ പാടത്തു വിളഞ്ഞ കായക്കറികളാണ് , ഇത് തരാനാ അടിയൻ വന്നത് .. ”
” അതിപ്പോ നാളെ ആവാല്ലോ , ന്താത്ര ധൃതി ? ന്ന് ഇവിടെ ഉമ്മറത്തു തലചായ്‌ച്ചോ .. ”
” വേണ്ടാ തമ്പ്രാട്ടി അടിയന് പോണം , വീട്ടില് ഓള് ഒറ്റക്കാ .. ”
അടുത്തദിവസം മുത്തശ്ശിയോട് പരദൂഷണം പറയാനെത്തിയ രാധേടത്തി പറഞ്ഞു
” അമ്മുഅമ്മേ ഇവിടുത്തെ കാര്യസ്ഥനു ഇന്നലെ ചോഴലി പിടിച്ചൂത്രേ , രാത്രി പോണവഴി എന്തോ കണ്ടു പേടിച്ചുന്ന് ”
മുത്തശ്ശി തേവരെ വിളിച്ചു . അടുത്ത ദിവസം പങ്കുവിനെ കാണാൻപോയ അവർ തിരിച്ചുവന്നപ്പോൾ അസ്വസ്ഥയായിരുന്നു . മുത്തശ്ശി എന്നെ ശിവതി കൂടിനു മുന്നിലേക്ക് വിളിച്ചു , കൈയിലെ ഉപ്പും മുളകും കൊണ്ട് എന്നെ ഉഴിഞ്ഞു , എന്തോ ഒരു മന്ത്രവും ഉരുവിട്ടു , ആരോടും സംസാരിക്കാതെ അവർ ഉഴിഞ്ഞപാപം അടുപ്പിലിട്ടു , ആ തീ ആളി കത്തി.
” ൻ്റെ കുട്ടിനേ ആരും പിടിക്കില്ലാ ട്ടോ… തേവര് കാക്കും ”
തറവാട്ടു കാരണവർ ചുവന്ന കൊടി പിടിച്ചു നടക്കുന്ന കാലം , തറവാടിൻ്റെ ബലക്ഷയം കണ്ട മൂപ്പർ നാലുകെട്ട് പൊളിച്ചു പണിയാൻ തീരുമാനിച്ചു . അതിനുകണ്ട മരം വളപ്പിലെ കരിമ്പനയായിരുന്നു.
” എന്തിനാ മാഷേ നമ്മുക്കാ കരിമ്പന , ഞാൻ ഒന്നും ഓർമ്മിപ്പികണ്ടാലൊ ?? !!!.. ”
അതിൻെറ വരുംവരായ്മകൾ മുത്തശ്ശി കാരണവരെ ഉണർത്തി.
പക്ഷെ കാരണവർ അതൊന്നും ചെവികൊണ്ടില്ല. മലപ്പുറത്തുനിന്ന് വന്ന വറീത് മാപ്പിള തൻ്റെ തുറകണ്ണുകൊണ്ട് മാനം മുട്ടിനിൽക്കുന്ന കരിമ്പനയുടെ അളവെടുത്തു, അത് വെട്ടാൻ അവർ ഒരു തീയ്യതിയും നിചയിച്ചു . രണ്ടു നാളുകൾക്കു ശേഷം വറീതിനെ പാമ്പു കടിച്ചു
” വിധി ” എന്നായിരുന്നു സഖാവ് കാരണവർ പറഞ്ഞത്.
അവിശ്വാസം വിടിഞ്ഞു കാരണവർ സന്യാസം സ്വീകരിച്ചു കാശിയിലേക്ക് പോയി , പിന്നീട് അദ്ദേഹം തിരിച്ചു വന്നില്ല .
തറവാട്ടിലെ പല തലമുറകളേയും കരിമ്പന കഥകൾ പേടിപ്പിച്ചു കുലുക്കി. യക്ഷി വളപ്പിലെ കരിമ്പനയിൽ നിന്ന് പാലയിലേക്ക് ചേക്കേറി, ഒരു ദിവസം ഒടിവെക്കാൻ വന്ന പറയൻ ചാമി കരിമ്പനക്കു മീതെ സ്ഥിരതാമസമാക്കി .
ചാമിയോട് ആരോ ചോദിച്ചൂത്രേ
” എന്തിനാ ചാമി നീ കരിമ്പന കയറുന്നേ ?….” ചോദിച്ചയാളെ പറയൻ തീ തുപ്പി ഓടിച്ചു .
ഷാപ്പിലെ കള്ളു മോന്തുന്നതിനിടെ ചാമി പറഞ്ഞു
” ഇതിനേക്കാൾ നല്ലത് പനംകള്ളാണ് , കരിമ്പനക്ക് എന്ത് വീരാ ന്നോ ”
പറയൻ കരിമ്പന കയറുന്നത് അവനു അമാനുഷിക ശക്തി നാട്ടുകാരെ കാണിക്കാൻ അല്ല , കള്ളു ചെത്തി കുടിക്കാനാണ്.
കാലങ്ങൾ കടന്നു പോയപ്പോൾ തറവാട് ഭാഗിക്കണം എന്ന് ഒരു കൂട്ടം കുടുംബക്കാർ പുതിയ മേനോനെ കണ്ടു ദുശാട്യം പിടിച്ചു, അങ്ങനെ കാരണവർ ഭാഗം നടത്തി , കരിമ്പനകളും സർപ്പക്കാവും നിൽക്കുന്ന ഭാഗം അവർ എനിക്ക് തന്നു .
” അവനൊരു ചുവപ്പു കാരനല്ലേ , അവനതിൽ വിശ്വാസമുണ്ടാവില്ല .… ”
എല്ലാവരുടെയും സമ്മതത്തോടെ ആ പഴയ നാലുകെട്ടും ഞാൻ വാങ്ങി.
“ മുത്തശ്ശി ഉറങ്ങുന്ന മണ്ണല്ലേ , അത് എനിക്ക് തന്നെ വേണം ”
കല്യാണം കഴിഞ്ഞു കുറച്ചു നാൾ പിന്നിട്ടപ്പോൾ വീട്ടുകാരി എന്നോട് പറഞ്ഞു
” അതെ നമ്മുടെ അടുക്കളയിറ ഒന്ന് പൊളിച്ചു പണിയണം, മഴ തുടങ്ങാൻ പോവ്വല്ലേ ? … ”
” ഇപ്രാവശ്യം നമ്മുക്ക് കോൺക്രീറ്റ് വാർക്കാം !! .. ”
” അത് വേണ്ടാ ഏട്ടാ , ഒരുപാട് പൈസയാവില്ലേ ? , നമ്മുക്ക് പനം പട്ടകൊണ്ട് മേയാം ..”
” എവിടുന്നു കിട്ടും പനംപട്ട ? ”
” വളപ്പിലുണ്ടല്ലോ , ശങ്കരനോട് വെട്ടിയിറക്കാൻ പറയാം ”
” അത് വേണോ ? ”
” എന്തേ ? …. ”
” അല്ല ഇവിടെ ആരും ആ കരിമ്പനകളുടെ മീതെ കയറാറില്ല … ”
വീട്ടുകാരിക്ക് പനം പട്ടകൊണ്ട് തന്നെ പൊളിച്ചു മേയണം , അവസാനം ശങ്കരനോട് പട്ട വെട്ടാൻ പറഞ്ഞു . ശരിയെന്ന് തല കുലുക്കി അവൻ പോയി . അന്ന് തുടങ്ങിയ മഴയാണ് ഇടി വെട്ടി മണ്ണ് തണുപ്പിച്ചു തോരാ മഴ . ഈ തുലാ വർഷം എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുമാവോ.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു
” നമ്മുക്കെ വീട് കോൺക്രീറ്റ് വാർക്കാം , എന്തിനാ ഈ പനം പട്ട ? ….”
” ഏട്ടന്റെ ഇഷ്ടം , ഏട്ടൻ ഒരു യുക്തി വാദിയല്ലെ ഈ ഭൂതത്തിലും പ്രേതത്തിലുമൊക്കെ വിശ്വാസമുണ്ടോ? ..? …. “
” മനുഷ്യനല്ലേ … !! ”
മഴ പെയ്ത രാത്രിയിൽ അവളെന്നെ പുണർന്നു.
രാത്രി ആഞ്ഞു വീശിയ മഴകാറ്റിൽ കരിമ്പനകൾ നെഞ്ച് വിരിച്ചു നിന്നു , മറ്റു പടു മരങ്ങളെല്ലാം കടപോഴകി വീണു .
തല്ക്കാലം ആ കരിമ്പനകൾ അങ്ങനെതന്നെ നിൽക്കട്ടെ , വരുന്ന തലമുറയ്ക്ക് പഴമയുടെ നന്മകൾ നേരാൻ അവർ വേണം