ഡ്രാസിലെത്തി, സോന്മാർഗ് പോലെ കൊച്ചു ടൗൺ. പണ്ടു കാർഗിൽ യുദ്ധസമയത്ത് പേപ്പറിൽക്കൂടി ഒരുപാട് കേട്ടിട്ടുണ്ട് ഡ്രാസ് എന്ന പേര്. ജെ.കെ. ടൂറിസം വക ഒരു ബോർഡ് ഞങ്ങളെ ഞെട്ടിച്ചു. വേൾഡ്സ് സെക്കൻഡ് കോൾഡസ്റ്റ് ഇൻഹാരിട്ടട് പ്ലേസ്. കൊള്ളാലൊ, ഇതൊക്കെ ആദ്യമായിട്ടുള്ള അറിവുകളാ. മനസ്സിൽ ഒരൽപ്പം അഭിമാനവും അഹങ്കാരവും തലപൊക്കുന്നുണ്ടോയെന്ന് സംശയം. ക്യാമറയെടുത്ത് ബോർഡിന്റെ ഫോട്ടോസ് എടുത്തശേഷം ഒരു ചായക്കടയിൽ കയറി, അവിടെ വീണ്ടും നമ്മുടെ സ്വന്തം നമ്മ ബംഗളൂരൂ ടീംസ്. അവർക്കൊപ്പം ചായ കുടിച്ചു. കാർഗിൽ റൂമിനായി വല്ല ബുദ്ധിമുട്ടും വന്നാൽ പരസ്പരം വിളിക്കാമെന്ന ധാരണയിൽ വണ്ടി സ്റ്റാർട്ട് ചെയ്തു. പോകാൻ നേരം ഒന്നുകൂടി അവരുടെ കൂടെ കൂടാനായി ക്ഷണിച്ചെങ്കിലും ഞങ്ങളുടെ തീരുമാനത്തിൽ മാറ്റമുണ്ടായിരുന്നില്ല.
ഡ്രാസിൽ നിന്നും റോഡ് അവർണ്ണനീയം ഉദ്ദേശം 60 കി.മീ ഓളം ഉണ്ട് കാർഗിലിലേക്ക്. സമയം 6 മണി കഴിഞ്ഞു. ഇനിയങ്ങോട്ട് ഇതേ റോഡാണെങ്കിൽ 2 മണിക്കൂർകൊണ്ട് കാർഗിൽ പിടിക്കാം. പണ്ടു കളിച്ച വീഡിയോ ഗെയിംസ് ഓർമ്മവരുന്നു റോഡ് കണ്ടിട്ട്. ബോർഡർ റോഡ്സിനു നന്ദി എത്രപറഞ്ഞാലും മതിവരില്ല. 430 കിലോമീറ്ററുകളോളം നരകയ യാതനകൾക്ക് ശേഷം സ്വർഗത്തിൽ എത്തിയതുപോലെ. സന്തോഷം അധികം നീണ്ടില്ല. ഇക്കുറി എന്റെ വണ്ടി പണിമുടക്കാൻ തുടങ്ങി. ഇടയ്ക്കിടെ ഓഫ് ആകുന്നു. സ്റ്റാർട്ട് ആക്കാനും പ്രയാസം. സീറ്റ് അഴിച്ച് നോക്കിയപ്പോഴതാ ബാറ്ററിയിലേക്കുള്ള കണക്ഷൻ ലൂസ് ആയി കിടക്കുന്നു. സമാധാനമായി. ബാറ്ററി ടൈറ്റൻ ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴേക്കും വീണ്ടും തലവേദന, ഒരു ചെറിയ ഓയിൽ ലീക്കേജ് ഉണ്ടോയെന്ന സംശയം. സാരമില്ല. തൽക്കാലം വാർണിംഗ് ഇൻഡിക്കേഷൻസൊന്നും വണ്ടിയിൽ കാണിച്ചിട്ടില്ല. ടെൻഷനൊക്കെ മാറ്റിവച്ച് വീണ്ടും യാത്ര തുടർന്നു.
ട്രാഫിക്ക് തീരെ ഇല്ലാത്ത റോഡ്, പലപ്പോഴും കിലോമീറ്ററുകളോളം നമ്മൾ രണ്ടുപേർ മാത്രം. നേരം വൈകിയതിനാൽ പല സ്ഥലവും കണ്ണുകൊണ്ട് മാത്രം ഫോട്ടോയെടുത്തു. “ബെസ്റ്റ് ഫ്രെയിംസ് ആർ കാപ്ച്യൂർട് ഇൻ അവർ മൈൻഡ്” എന്ന് വലിയവർ പറഞ്ഞു കേട്ടിട്ടുള്ളതിനാൽ പല ബ്യൂട്ടിഫുൾ ഫ്രെയിംസും മിസ്സ് ആയതിൽ സങ്കടപ്പെട്ടില്ല. ഒരു മെഡിറ്റേഷൻ പോലെ ബൈക്ക് റൈഡിങ്ങ് ആസ്വദിക്കണമെങ്കിൽ ക്യാമറ പൂട്ടിവയ്ക്കണം. അല്ല, ഫോട്ടോ എടുക്കലാണ് ഉദ്ദേശമെങ്കിൽ മറിച്ചും.
രാത്രി ഒരു 8 മണി കഴിഞ്ഞപ്പോഴേക്കും കാർഗിൽ ഞങ്ങളെ വരവേറ്റു. സുരു നദിയുടെ കരകളിലാണ് കാർഗിൽ. പുഴക്കരികിലൂടെ പോകുന്ന റോഡിന്റെ വശത്തായി ഒരു ഹോട്ടൽ കണ്ടു. റൂം അന്വേഷിച്ചപ്പോൾ റെഡി, അല്പം ബാർഗെയിനിങ്ങിൽ 1000 രൂപക്ക് തരാമെന്ന് പറഞ്ഞു. പക്ഷെ വൈഫൈ ഇല്ല. വൈ ഫൈ ഉള്ള വേറേ ഹോട്ടൽ നോക്കാനായി ടൗണിലേക്ക് വണ്ടിയെടുത്തു, ആദ്യം കണ്ട ഹോട്ടലിന്റെയത്ര പോരാ ഒന്നും. ടൗണിനകത്ത് ആയതുകൊണ്ട് ലൊക്കേഷൻ അത്ര നല്ലതുമല്ല. അപ്പോഴ ജമ്മുവിൽ വച്ചു പെട്രോൾ വാങ്ങാൻ സഹായിച്ച സുഹൃത്തുക്കളെ ഓർമ്മ വന്നത്. പക്ഷെ പുള്ളിപറഞ്ഞ ഹോട്ടലിലെ ബഡ്ജറ്റ് നമുക്ക് താങ്ങാൻ പറ്റാത്തതിനാൽ വേണ്ടെന്നു വച്ചു, വണ്ടി തിരിച്ച് ആദ്യം കണ്ട ഹോട്ടലിൽ തന്നെ എത്തി. ഞങ്ങൾ ചെല്ലുമ്പോഴേക്കും അവിടെ പുതിയ പല ആൾക്കാരും റൂമിനായി എത്തിയിരിക്കുന്നു.
ഞങ്ങളെപ്പോലെത്തന്നെ ബൈക്കിൽ വന്ന രണ്ടുപേർ, ഞങ്ങളേക്കാൾ കഞ്ചൂസ് ആയതുകൊണ്ട് വേറെ ഹോട്ടൽ നോക്കണോയെന്ന സംശയത്തിൽ നില്പുണ്ടായിരുന്നു. ബഡ്ജറ്റ് കൂടിപ്പോയത്രെ. മറ്റു റൂമുകളെല്ലാം പെട്ടെന്ന് തന്നെ ഒക്ക്യുപ്പയിഡ് ആയി. അവരെ പരിചയപ്പെട്ടു, ഡൽഹിൽ നിന്നാണ്. സംസാരിച്ചു വന്നപ്പോളാ വണ്ടിയിൽ ഹോക്കി സ്റ്റിക്ക് കണ്ടേ. ഇതെന്താ ഹോക്കി കളിക്കാൻ വന്നതാ? അല്ലാ വീട്ടുകാർ കൊടുത്തുവിട്ടതാണത്രെ, ലോങ്ങ് ജേർണി അല്ലേ, അതും ജമ്മു കശ്മീരിൽ. ഇതുകേട്ട് ഞങ്ങൾ ഞെട്ടി.
എന്തായാലും സുഹൃത്തുക്കളേ നന്ദി. ഹോക്കി സ്റ്റിക് ആരും ഉപയോഗിക്കാൻ ഇട വരുത്തരുതേ. റൂമിൽ എത്തി ഇതും പറഞ്ഞ് കുറേ ചിരിച്ചു. രണ്ടു വലിയ റൂമുകളുണ്ടായിരുന്നു. ഒന്ന് ബെഡ് റൂം, പിന്നെയുള്ള റൂമിൽ നമ്മുടെ ലഗേജസ് കൊണ്ട് നിറച്ചു. അത്യാവശ്യം സ്പേസ് ഉള്ള റൂം ആയതിനാൽ ബാഗുകളൊക്കെ റീ-അറേഞ്ച് ചെയ്യാനായി തുറന്നു. ആകെ പൊടിയും ചെളിയും പിടിച്ച ബാഗ്സ്. അത്യാവശ്യം മെനക്കെട്ടു ചെറുതായൊന്നു ക്ലീൻ ചെയ്യാൻ. അപ്പോഴാ മനസ്സിലായെ എന്റെ കീചെയിൻ കാണുന്നില്ല. ഹോട്ടൽ ലോബിയിൽ എവിടെയോ വീണെന്ന് കരുതി പോയി നോക്കി. എവിടേയും ഉണ്ടായില്ല. കുറേ കാലമായി കൂടെയുള്ള കീ ചെയിനാ, പോയപ്പോൾ ഒരു ചെറിയ വിഷമം. എന്തായാലും കീ അല്ലല്ലോ പോയേ, പോട്ടെ, സാരമില്ല. രാത്രിയിലെ ഫുഡ്ഡുമായി വന്നത് അവിടത്തെ ഒരു പാർട്ട്ണർ ആണെന്ന് തോന്നുന്നു. ബോളിവുഡ് നടൻ ഗോവിന്ദയുടെ ഒരു ചെറിയ ചായ കാച്ചൽ. കക്ഷി ഞങ്ങളെ വിടുന്ന മട്ടില്ല. എന്റെ ക്യാമറ കണ്ടപ്പോൾ അതിലായി കളി. ക്ഷീണിച്ച് അവശരായി ഉറങ്ങാൻ കൊതിച്ച ഞങ്ങൾക്ക് 8 ന്റെ പണി 80 ൽ തന്നോണ്ടിരുന്നു.
ഉറങ്ങി എണീറ്റ് ബ്രേക്‌ഫാസ്റ്റും കഴിഞ്ഞു തൊട്ടടുത്ത് പുഴയ്ക്ക് അക്കരെയുള്ള സർവീസ് സെന്ററിൽ പോയി ഓരോ വണ്ടികളായി കഴുകാൻ കൊടുത്തു. ഞാൻ റൂമിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആരോ വന്നു വാതിലിൽ മുട്ടി. തുറന്നപ്പോൾ അതാ എന്റെ നേർക്ക് എന്റെ നഷ്ടപ്പെട്ട കീയ്ചെയിൻ. തലേന്നു രാത്രി ഞങ്ങളെ കൊന്നു കൊലവിളിച്ചവനാ. ഹിന്ദിയിൽ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു, ഞാൻ ഫോണിലുംകൂടി ആയതിനാൽ ഒന്നും മനസ്സിലായില്ല, പെട്ടന്നുതന്നെ കീയ്ചെയിൻ വാങ്ങി കൊറേ താങ്ക്സും പറഞ്ഞു. ആശാൻ അന്തംവിട്ടു നിൽക്കുന്നു. പിന്നീടാ കാര്യം മനസ്സിലായത്, പുള്ളി വന്നത് കീയ്ചെയിൻ തരാനല്ല, ഡ്യൂക് ഒന്ന് ടെസ്റ്റ് റൈഡ് ചോദിക്കാൻ വന്നതായിരുന്നു അബദ്ധത്തിൽ താഴെ നിന്നും വീണുകിട്ടിയ കീയ്ചെയിൻ കയ്യിൽ വച്ചെന്നു മാത്രം. കീയ്ചെയിൻ കിട്ടിയ സന്തോഷത്തിൽ വണ്ടി ടെസ്റ്റ് റൈഡ് കൊടുക്കാനായി, ഞാനും കൂടെപ്പോയി, പുള്ളിയുടെ കൂട്ടുകാരനും കൊടുത്തു ഒരു ടെസ്റ്റ് ഡ്രൈവ്. അങ്ങനെ ഡ്യൂക്ക് അവർക്ക് പെരുത്തിഷ്ടമായി.
കാർഗിലിൽ ബൈക്ക് വാട്ടർ സർവീസ് ചെയ്യുന്നതിനിടയ്ക്ക് വണ്ടി കഴുകാനായി അല്പം പെട്രോൾ എടുത്തു. നോക്കിയപ്പോൾ മണ്ണെണ്ണയുടെ പോലെയുണ്ട്. സർവീസ് സെന്ററിലെ ചേട്ടനും പറഞ്ഞു, ഇത് ഡൂപ്ലിക്കേറ്റ് ആണെന്ന് . കാശ്മീരിൽ, പ്രത്യേകിച്ച് ശ്രീനഗറിൽ ഇത് പതിവാണത്രെ. ചുമ്മാതല്ല, വണ്ടി ഇടയ്ക്കിടെ ഓഫ് ആകുന്നത്. അടുത്ത് തന്നെ പെട്രോൾ പമ്പുള്ളതിനാൽ മറ്റൊന്നും നോക്കിയില്ല, വണ്ടിയിലെ പെട്രോളൊക്കെ രണ്ടു കാനുകളിലേക്ക് മാറ്റി. ഹോട്ടലുകാർക്ക് അത് വിൽക്കാൻ നോക്കിയെങ്കിലും അവർക്ക് അത് വേണ്ടായിരുന്നു, സാരമില്ല, എന്തെങ്കിലും ആവശ്യം വന്നാലോ, പെട്രോൾ ലഗ്ഗേജിന്റെ കൂടെ വച്ചു.
കാർഗിലിലെ ഹോട്ടൽ ഞങ്ങളുടെ ട്രിപ്പിലെ ഫേവറേറ്റ് ഹോട്ടൽ ആയി മാറി. ഹോട്ടലിലെ പിള്ളേരുമായി ഞങ്ങൾ അത്യാവശ്യം അടുപ്പമായി. സ്നേഹമുള്ളവരാ.. കാർഗിൽ-ലേഹ് അവസ്ഥയേക്കുറിച്ചന്വേഷിച്ചപ്പോൾ സന്തോഷമായി, ആദ്യത്തെ ഒരു 10 കി.മി. ഒഴിച്ച് ബാക്കിയെല്ലാം കിടിലൻ റോഡ് ആണത്രെ. അങ്ങനാണേൽ ഓടിപ്പിടിച്ച് പോകേണ്ടതില്ലല്ലോ, കാർഗിലിൽ പ്രത്യേകിച്ച് കാണാനുള്ളതന്വേഷിച്ചപ്പോൾ LOC അടുത്തുതന്നെയാണെന്നു പറഞ്ഞു. ലഗ്ഗേജൊക്കെ വണ്ടിയിൽ കയറ്റിവച്ചു. അൽപ്പസ്വല്പം ഫോട്ടോസെഷനൊക്കെ കഴിഞ്ഞു, ഉച്ചയോടുകൂടി LOC യിലേക്ക് വിട്ടു. ഏതാണ്ട് 15 കിലോമീറ്ററുകളോളം ദൂരം വരും. നല്ല കുത്തനെയുള്ള കയറ്റമാണ്. പണ്ട് പട്ടാളക്കാർ ഒളിച്ചും പാത്തും യുദ്ധം ചെയ്ത് തിരിച്ചെടുത്ത സ്ഥലങ്ങൾ, അവിടവിടെയായി മുന്നറിയിപ്പു ബോർഡുകൾ, റോഡിനു പുറത്തിറങ്ങരുത്, പലയിടത്തും പാക്കിസ്ഥാൻ മൈൻസ് കുഴിച്ചു വച്ചിട്ടുണ്ടത്രെ.
ടാർ റോഡ് അവസാനിച്ചിടത്ത് ഒരു കൂട്ടം കാശ്മീരുകാർ ഇരിക്കുന്നു.. ജോലിയൊന്നുമില്ലാതെ വെറുതെ നേരമ്പോക്ക് പറഞ്ഞിരിക്കുന്ന ആൾക്കാർ. അവരൊക്കെ കാര്യമായി വല്ല പണികളും എടുക്കുന്നുണ്ടോ എന്നറിയില്ല, എന്തായാലും LOC യുടെ തൊട്ടടുത്തേക്ക് വണ്ടി പോകില്ല, അൽപ്പം നടക്കാനുണ്ട്, ഗൈഡ് ചെയ്യാൻ കൂടെ വരാമെന്നൊക്കെ പറഞ്ഞു, പക്ഷെ ഞങ്ങൾ പോയില്ല. ടാറിട്ട റോഡ് തീർന്നെങ്കിലും ഇനിയും കുറച്ചുകൂടെ മഡ് റോഡ് ഉണ്ട്. മലയുടെ ഏറ്റവും മുകളിലുള്ള ചെറിയൊരു പട്ടാളക്കൂടാരത്തിലേക്ക് ആയിരുന്നു ആ റോഡ് പോകുന്നത്. അവിടൊരാൾ തോക്കുമായി നിൽക്കുന്നുമുണ്ട്.
തുടരും..
Kollam.. nannaayittundu. Waiting for the next episode.
Sure, trying to make it as soon as possible..