ജനുവരി 4 , 1994
പ്രിയ ഏട്ടന് ,
ഈ വരുന്ന ഇരുപതാം തീയതി എൻെറ കല്യാണമാണ് , ഞാൻ എതിർത്തു , അച്ഛനും അമ്മയും എന്നെ തല്ലി സമ്മതിപ്പിച്ചു , ഏട്ടനെ അവർക്കു ഒരിക്കലും ഇഷ്ടമാവില്ലത്രേ . ഈ കത്ത് ഏട്ടന് കിട്ടും എന്ന് വിചാരിക്കുന്നു , മറുപടി എഴുതരുത് , ഏട്ടന്റെ കത്ത് കണ്ടാൽ അവരെന്നെ വീണ്ടും ഉപദ്രവിക്കും , എന്നെ വെറുക്കരുത് .
സ്വന്തം പ്രിയ.
പ്രവാസ ജീവിതം ,ഈ കത്ത് എനിക്ക് കിട്ടാൻ സുമാർ ഒരാഴചയെങ്കിലും എടുക്കും .
” ഇതായിരുന്നു അവളെനിക്കയച്ച അവസാനത്തെ കത്ത് …”
“അപ്പൊ ചേട്ടൻ പിന്നീട് പ്രണയിച്ചിട്ടില്ലേ ? ”
ഞാൻ ചിരിച്ചു , ബാബുവിനെ നോക്കി ,
” ഇല്ല ബാബു , പ്രണയം ഒരിക്കല്ലേ ഉണ്ടായിട്ടുള്ളൂ ”
“ അത് ചേട്ടന്റെ തോന്നലാണ് , അപ്പൊ ഭാര്യയേ സ്നേഹിക്കുന്നുണ്ടല്ലോ ? ”
” പ്രണയം ഒരിക്കല്ലേ ഉണ്ടാവൂ , ബാക്കിയുള്ളത് അഭിനയം അതിൽ പല ഭാവങ്ങൾ മാഞ്ഞു മറയും …”
” അതാണ് ജീവിതം ചേട്ടാ , നമ്മള് ഒന്ന് വിചാരിക്കും ഈശ്വരൻ വേറൊന്ന് തരും ..”
ബാബു എന്റെ കഥകള് ഓരോന്നായി കേട്ടുകൊണ്ടിരുന്നു , ഗ്ലാസ്സിലേക്ക് വീണ്ടും റം പകർന്നു .
” മതി ബാബു , ഞാൻ കുടിക്കില്ലാ ന്നു നിരീച്ചതാ , പക്ഷേ നീ എന്നെ വീണ്ടും കുടിപ്പിച്ചു ”
” ഇത് അവസാനത്തെ ചേട്ടാ , നിർത്താം , എനി കുടിക്കില്ല ,ആട്ടെ ചേട്ടൻ അവളെ അവസാനം എപ്പോഴാ കണ്ടത് ?”
” നീ അത് വിട്ടില്ലേ ?”
” ഇല്ല , എനിക്കറിയണം , ഞാനൊന്ന് കേൾക്കട്ടെ ”
” ഞാൻ അവസാനം അവളെ കണ്ടത് അവളുടെ കല്യാണ ദിവസം ”
” അതെങ്ങനെ , ചേട്ടന് ആ കത്ത് കിട്ടാൻ ഒരാഴ്ച എടുക്കില്ലേ ? ”
” എടുക്കും , അന്ന് ഞാൻ നാട്ടിലായിരുന്നു , എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു , നിൻറെ പെണ്ണ് ഒരു കത്തയച്ചിട്ടുണ്ട് , കത്തിന്റെ ഉള്ളടക്കവും അവൻ എനിക്ക് വിവരിച്ചു തന്നു ”
” എന്നിട്ട് “
” എന്നിട്ടെന്താ കുന്തം !!!!!!!!!!!!!!!!!!……”
” പറയൂ , ബുദ്ധിമുട്ടാവില്ലെങ്കിൽ !!…”
” ഞാൻ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ് അതെല്ലാം “
” ശരി “
ബാബു പിണങ്ങി .
” നിനക്കു സങ്കടം വന്നോ ? മുഖം വീർപ്പിക്കണ്ട ഞാൻ പറയാം ”
ബാബുവിൻറെ മുഖം വീണ്ടും പ്രസന്നമായി .
” എന്നാ ഞാൻ വീണ്ടും ഒന്ന് ഒഴിക്കും “
” ഒഴിക്ക് , കുറച്ചു മതി “
” അവനെന്നെ വിളിച്ചു പറഞ്ഞ അടുത്ത ദിവസമായിരുന്നു കല്യാണം . പേടിച്ചരണ്ട മുഖമായി ഞാൻ കല്യാണത്തിനു പോയി , ആൾകൂട്ടത്തിൽ അവളെ മാത്രം കണ്ടില്ല , അവളുടെ അച്ഛനും അമ്മയും എന്നെ നോക്കി ഒരു പരിഹാസചിരി തൂകി , ഞാൻ മൗനം പാലിച്ചു , കൊട്ടും കുരവയും വാദ്യഘോഷങ്ങളുംമുയർന്നപ്പോൾ അവൾ നടപന്തലിലൂടെ കല്യാണമണ്ഡപത്തിലേക്ക് നടന്നു വന്നു . അവളെന്നെ കണ്ടു , കണ്ണുകൾ ചുവന്നിരിക്കുന്നു , ചിലപ്പോൾ എന്നെ ഓർത്തു ഒരുപാട് കരഞ്ഞിട്ടുണ്ടാവും , പാവം …!!!!!!!!! “
” എന്നിട്ടു എന്തുണ്ടായി “
” എന്തുണ്ടാവാൻ , ആ ആഘോഷത്തിൽ ഞാനും പങ്കുകൊണ്ടു”
” വിധി അപ്പൊ പ്രണയിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ലാലെ ? അച്ഛനമ്മമാർ പറഞ്ഞാൽ പ്രണയമൊക്കെ കാറ്റിൽ പറക്കും , നമ്മളിലപ്പാ ”
ഗ്ലാസിലെ റം മുഴുവൻ ബാബു ആഞ്ഞു വലിച്ചു .
” ആട്ടെ ചേട്ടൻ പിന്നീട് അവരെ കണ്ടിട്ടുണ്ടോ ? “
” അവർ എവിടേങ്കിലും പോയി ജീവിക്കട്ടെ !!! “
” അതല്ലാ ചേട്ടാ ….. ഞാൻ !!...”
” രണ്ടു വർഷത്തിനുശേഷം , ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രി , ഞാൻ പ്രസവ മുറിയുടെ പുറത്തു നിൽക്കുകയായിരുന്നു ,നേഴ്‌സ് വന്നു , നിങ്ങൾക്ക് ആൺകുട്ടിയാണ് “.
സന്തോഷത്തിന്റെ പുലരി , നേഴ്‌സ് പറഞ്ഞു
” കുട്ടിയുടെ അച്ഛനെ കുട്ടിയുടെ അമ്മ അന്വേഷിക്കുന്നു , അകത്തേക്ക് വരാം ”
” പ്രസവ മുറിയിൽ ഞാൻ അവളെ വീണ്ടും കണ്ടു , ആദ്യം ഞാനൊന്ന് ഞെട്ടി , അവൾ വീണ്ടും സുന്ദരിയായിരിക്കുന്നു , അടുത്തിരുന്നു , അവളെന്റെ കയ്യിൽ പിടിച്ചു , ഞാൻ അവളുടെ ചുവ്വന്നു തുടിച്ച കവിളിൽ തലോടി പിന്നെ നെറ്റിയിൽ ഒരു ചെറു ചുംബനം , അവളെന്നോട് ചോദിച്ചു ……. ”
” അന്ന് ഞാൻ ആ കല്യാണ പന്തലിൽ വേറൊരു കല്യാണം കഴിച്ചു പോയിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു ഏട്ടാ ?……………..”
നീ അയാളുടെ കുട്ടികളെ പേറും എന്ന് പറയാനാണ് വന്നത് , പക്ഷേ പറഞ്ഞപ്പോൾ
” എനിക്കറിയാം നീ എന്നെ വിട്ടു പോവില്ലാ ” …..എന്നായിരുന്നു.
ബാബു ഒരു ദീർഘ ശ്വാസം വിട്ടു കൂടെ ഞാനും .
” ചേട്ടന്റെ കഥ എനിക്കിഷ്ടപ്പെട്ടു , ഞാൻ ഇതു എഴുതും ..എന്നിട്ട് മകന് എന്താ പേരിട്ടേ ? “
” കണ്ണൻ “
” അതെന്തായാലും നന്നായി ,അവനെ തേടി ഗോപികമാർ വന്നോളും , ചേട്ടാ ഞാൻ ആദ്യമായിട്ടാ ഒരു പ്രണയകഥ കേട്ട് സന്തോഷവാൻആവണെ , എന്തായാലും ഞാനൊരു പേരിട്ടിട്ടുണ്ട് ഈ കഥക്ക് , മുഴുവൻ ഒന്ന് എഴുതി കഴിയട്ടെ .. ”
” എന്താ പേരിട്ടേ ബാബു കേൾക്കട്ടേ !!!”
” എഴുതിയിട്ടുപോരേ ? …. ”
” പോരാ “
” കല്യാണം “
ഞാനും ബാബുവും ഒരുമിച്ച് ചിരിച്ചു .
ആ പേര് തന്നെ ഞാൻ ഈ കഥക്കും ഇടുന്നു .