ഇരുട്ടുമരം

ആരോ വഴിയില്‍ നട്ട
ഇലകള്‍ കറുത്തുപോയ മരമാണ്
ഇന്ത്യ, ഒരിരിട്ടുമരം.
ഭീതിയണിഞ്ഞു പകച്ച പകലുകള്‍
മറുചോദ്യമില്ലാത്ത കഴുകന്‍ കാറ്റുകള്‍
സന്ധ്യകള്‍ ചോരവാര്‍ന്നു നടവഴികള്‍
ഭയമിറ്റുന്ന കണ്ണുകള്‍
വിരലുകള്‍ നീട്ടി നാമം ജപിക്കുമ്പോള്‍
അനുവാദമില്ലാതെ അടുക്കളവാതിലില്‍
മണംപിടിച്ച്‌ ഇരുട്ട് കടന്നു വരും
പുണ്ണ്യം തരുമെന്നു നിലവിളിക്കുന്ന താഴ്വരകളില്‍
പരസ്പരം യുദ്ധം ചെയ്യുന്ന ഇലകള്‍
എല്ലാ ശാഖിയിലും അസുരന്മാര്‍ വാഴുന്ന
ഒരൊറ്റ മരമാണ് ഇന്ത്യ
ഒരിക്കല്‍ നദീതീരത്ത്
ഒരമ്മ ഇരട്ടപെറ്റു
തന്ത ആരന്നെന്നറിയാത്തതിനാല്‍
കുലമാകെ കത്തിയെരിഞ്ഞ്‌
നദി വരണ്ടുപോയി
വെറുപ്പിന്റെ മന്ദരപര്‍വ്വതം ഉയര്‍ന്നുവന്നു
സന്തതികള്‍ അപ്പുറവും ഇപ്പുറവും
മനസ്സില്‍ വേലികെട്ടി
സ്വയം മറന്നു ശത്രുക്കളായി
കുലം മുടിച്ചു വെണ്ണീറാക്കിയ യുദ്ധക്കൊതിയന്‍
അവര്‍ക്കിഷ്ടദേവനായി
ഒന്നും അറിയാത്ത കോരന്‍
മാടിനെപൂട്ടി ഉഴുതുകൊണ്ടിരുന്നു
മകള്‍ വയസറീച്ച. കാലമായിരുന്നു
കിങ്കരന്മാര്‍ വന്നു
അയാളുടെ ലിംഗാഗ്രം പരിശോധിച്ചു
അന്നുമുതല്‍ അടുക്കളയ്ക്ക് കാവല്‍ഏര്‍പ്പെടുത്തി
റേഷന്‍ അരി ഇല്ലായെന്നു ഭരണകൂടം
ഭിത്തിയില്‍ നോട്ടീസ് ‘ പതിച്ചു
ഇരിക്കുന്ന കൊമ്പാദ്യം മുറിക്കണം
അത്രമേൽ ജീർണ്ണമാണത്
കാക്കകള്‍ ബലിച്ചോറിനായ് മാത്രം
ചേക്കേറാറുള്ള. ഒരിരിട്ടുമരം
എല്ലാ മനസിലേക്കും വേരുകളൂന്നി
നാല്ക്കവലകളില്‍ നിലയുറപ്പിച്ചു
പൂജാമുറികളില്‍ നിന്നും ദൈവങ്ങള്‍
പാലായനം ചെയ്തു
കറുത്ത സ്ലേറ്റില്‍
വെളുത്ത ചോക്കുകൊണ്ട്‌
കണ്ടതെഴുതാന്‍ പഠിച്ചവന്‍
വീണ്ടും വീണ്ടും എഴുതികൊണ്ടിരിന്നു
ഇരുട്ടാണ്‌ ചുറ്റും
ഇരുട്ടാണ്‌ ചുറ്റും
ഇരുട്ടാണ്‌ ചുറ്റും
ഇലകള്‍ പോലും കറുത്തുപോയ
ഇരുണ്ട വൃക്ഷകൊമ്പില്‍
വെളുത്ത അക്ഷരങ്ങള്‍ തൂക്കിയതാരാണ്
അവ ചുമന്നു തുടങ്ങിയിരിക്കുന്നു
ഒരു വെടിയുണ്ട പ്രതീക്ഷിച്ചു തൂങ്ങിയാടുന്നു

Check Also

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …

Leave a Reply

Your email address will not be published. Required fields are marked *