മലയാള സിനിമാ ലോകം പ്രേക്ഷകരില്‍ നിന്ന് അകലുന്നോ?

bad-luck-for-malayalam-movie-industry_689

സിനിമ മനുഷ്യനെ എന്നും സ്വാധീനിച്ചിട്ടേയുള്ളു. സിനിമയുടെ വാണിജ്യം പ്രേക്ഷകരെ മുന്നില്‍ കണ്ടിട്ടു തന്നെയാണ്. കഥയും നടനവും ശബ്ദവും നിറവും ചേർത്തു രസകരമായ അനുഭവമാക്കി മാറ്റുന്നു, സംവിധായകൻ.

സിനിമ ആരുടെ സ്വന്തം?

നിര്‍മ്മാതാവ് മുതൽ ആഹാരം വിളമ്പുന്നവര്‍ക്കും അവകാശം ഉള്ള കലയാണ് സിനിമ. എന്നാലും, രുചിക്കൂട്ടുകള്‍ കൃത്യമായ സാങ്കേതിക-ക്രീയാത്മക അളവിൽ തയ്യാറാക്കാന്‍ സംവിധായകൻ തന്നെ വേണം. ചുരുക്കി പറയാം, സിനിമ ഒരാളില്‍ തുടങ്ങി, ഒരുപാട് പേരുടെ ക്രിയാത്മക സൃഷ്ടിയായി മാറുന്നു.

സംവിധായകന്റെ കല ആയിരുന്ന സിനിമ താരങ്ങളുടെ കച്ചവടം ആയതിന്റെ കുഴപ്പം ആണ് സിനിമയുടെ മൂല്യം കുറയാൻ കാരണം. സിനിമ നിലനിർത്തുന്നത് പ്രേക്ഷകൻ ആണ്. അവരിൽ നിന്ന് അകലാതെ നില്‍ക്കേണ്ടതു കലാകാരന്റെ ആവശ്യമാണ്. സിനിമയിലെ മനുഷ്യനെ തിരക്കഥയില്‍ മാത്രമായി കാണാം എന്ന അവസ്ഥ മാറണം.

സിനിമാ ലോകത്തിന്റെ പുറവും അകവും വ്യത്യസ്ത തിരക്കഥയാണ്. പുറം വെള്ളിത്തിരയില്‍ തെളിയും; അകം ഇടുങ്ങിയ ചിന്തകളും. കച്ചവടമാണ് ഇന്ന് സകല കലയും. സിനിമയും വിഭിന്നമല്ല. കഥകൾക്കിവിടെ പഞ്ഞമില്ല. മനുഷ്യൻ ഉള്ള കാലത്തോളം കഥകളും ഉണ്ടാവും. കഥ സിനിമ ആകുമ്പോള്‍, പ്രേക്ഷകൻ രസിച്ചു കാണും. മറിച്ച്, സിനിമ കഥയായാല്‍ അതു പ്രേക്ഷകനു വാര്‍ത്ത മാത്രം.

എത്ര പണം ചിലവഴിച്ച സിനിമ ആയാലും, പ്രേക്ഷകനു രസം നല്‍കിയില്ലെങ്കില്‍, പരാജയം തീര്‍ച്ച. മലയാളിയുടെ മനസ്സില്‍ തൂവാനത്തുമ്പികള്‍ പെയ്തൊഴുക്കിയ പ്രണയം ഇന്നും ത്രസിപ്പിക്കുന്നതാണ്. കഥയും ദൃശ്യവും ആത്മാവും ശരീരവുമായി , ഒന്നായ അനുഭൂതി. പ്രേക്ഷകൻ മറക്കാത്ത അനേകം മലയാള സിനിമളുണ്ട്. കാലം കുറെ കടന്നു, സാങ്കേതിക വളര്‍ച്ചയുടെ ആധികാരികതയില്‍ സിനിമ നിര്‍മ്മാണം മുമ്പത്തെക്കാള്‍ എളുപ്പം ആയി. നിരവധി പേർ ധെെര്യപൂര്‍വ്വം സിനിമ ചെയ്യാന്‍ ആരംഭിച്ചു. ജയവിജയ ഭയമില്ലാതെ കഥകൾ തിരക്കഥകളായി. തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു നിന്നവര്‍ നടനും നടിയും ആയി. എഴുത്തുകാരന്‍, സംവിധായകൻ, ഛായാഗ്രാഹകൻ തുടങ്ങിയവരും പ്രേക്ഷകരെ സ്വാധീനിച്ചു. സിനിമ വ്യവസായമാണ്. തിരശ്ശീലയിലെ വലുപ്പം കണ്ട് ആരാധനയുടെ മാസ്മരിക ലോകത്ത് അഭിനേതാവിനെ പ്രേക്ഷകൻ പ്രതിഷ്ഠിച്ചു. ആ വളര്‍ച്ച ഇന്നും സിനിമ എന്ന വിസ്മയത്തെ ഭരിക്കുന്നു. ഒരു നൂറ്റാണ്ടിനു മുന്പ് പ്രേക്ഷകൻ അത്ഭുതത്തോടെ കണ്ട കാഴ്ച ഇന്നും സത്യം ആണ്. അവതരണം, കഥ പറയുന്ന ആളിന്‍െറ യുക്തിയുടെയും ദൃശ്യാവഗാഹത്തെയും അടിസ്ഥാനമാക്കിയാണ്. നിശ്ചലമായ രൂപങ്ങളെ ചിലിപ്പിച്ചു രസാവഹമാക്കി അവതരിപ്പിക്കുന്ന സംവിധായകൻ സിനിമയുടെ ശില്പി തന്നെ.!!

മലയാള സിനിമയെ പ്രേക്ഷകൻ സ്നേഹിച്ചിട്ടേയുള്ളു. അടുത്ത കാലത്ത് ഹിതമല്ലാത്ത പലതും മലയാള സിനിമയുടെ തിരശ്ശീലയില്‍ കണ്ടു. പ്രേക്ഷകരെ അതു നാണം കെടുത്തി എന്ന സത്യം സിനിമ തൊഴിലാക്കിയവര്‍ മനസ്സിലാക്കണം.

സിനിമ തൊഴിലാക്കിയവരുടെ രാഷ്ട്രീയ സംഘടനാ താല്പര്യം ഇവിടെ പറയുന്നില്ല. പകരം, ഇവർക്കെന്തിനു പല സംഘടനകള്‍ എന്നു സംശയം. ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു അഭിപ്രായ എെക്യം ഇല്ലേ?

സിനിമയുടെ മറവില്‍ അധോലോക ഇടപാടുകള്‍ തഴച്ചു വളര്‍ന്നു. പണം, ബന്ധങ്ങളെ നിശ്ചയിച്ചു. അതിരുകൾ ഇല്ലാതെ കുതിരകളായി പാഞ്ഞവര്‍ അഴുക്കുചാലിന്‍െറ ഒഴുക്കിലമര്‍ന്നു. ഇതൊക്ക പ്രേക്ഷകൻ കാണുന്നുണ്ടായിരുന്നു. പക്ഷേ അവനു പ്രതികരിക്കാനറിയില്ല, സിനിമാ ലോകത്തോട്. സിനിമയെയും അതിലുള്ളവരെയും ഹൃദയം തുറന്നു സ്നേഹിക്കുന്ന പ്രേക്ഷകരെ അകററിക്കളയരുത്. മലയാള സിനിമക്കു വേണ്ടതു പ്രതിഭയുള്ള കലാകാരന്മാരെയാണ് , കൂട്ടിക്കൊടുപ്പുകാരെയും കള്ളനാണയങ്ങളെയുമല്ല. മലയാള സിനിമ ലോകം പ്രേക്ഷകരില്‍ നിന്ന് അകന്നു പോകാതിരിക്കട്ടെ.

Check Also

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം

മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …

Leave a Reply

Your email address will not be published. Required fields are marked *