ആദ്യം ചിരിച്ചത് എപ്പോഴാണെന്ന് ഓർമ്മയില്ല , ചിലപ്പോൾ അമ്മയുടെ കൈയ്യിൽ കിടന്ന് പാല് കുടിക്കുമ്പോളാവാം .
പിന്നീട് അച്ഛന്റേയും അച്ഛമ്മയുടേയും കൈകളിൽ ഞാൻ എത്തിയപ്പോൾ കരഞ്ഞുകൊണ്ടായിരുന്നു എന്ന് ആരോ പറഞ്ഞതോർമ്മയുണ്ട് .
” അവൻ എത്ര നേരം കരയും ? കുറച്ചു കഴിഞ്ഞാൽ ചിരിക്കും ”
അതായിരുന്നു അച്ഛന്റെ വിചാരം .
” നിൻ്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ !!!!”
ചിലപ്പോഴൊക്കെ കൂട്ടുകാർ നസ്യം പറയും, അതിൽ ഞാൻ പുളകം കൊള്ളും .
ഒരു ദിവസം അവളെന്നോട് പറഞ്ഞു
” ഞാൻ ഏട്ടനോട് ദേഷ്യപ്പെടാത്തത് എന്തുകൊണ്ടാ അറിയോ ? ”
” ഇല്ല ”
“ ഏട്ടൻ ചിരിക്കുമ്പോൾ ഞാൻ ദേഷ്യമൊക്കെ മറക്കും ”
ഞാൻ അവൾക്കായി ഒരു പുഞ്ചിരി പടർത്തി .
ഒരു ദിവസം ചിന്താകുലനായി ഇരിക്കുമ്പോൾ ഞാൻ പഴയ ഓർമ്മകളെ ഒന്ന് ആയവർത്തു , പൊട്ടിച്ചിരിച്ചു .
” ഇങ്ങനെ വെറുതെ ചിരിച്ചാൽ ഏട്ടന് വട്ടാണെന്ന് ആൾക്കാർ പറയും , ഞാൻ വട്ടന്റെ ഭാര്യയും ”
എന്ന് വീട്ടുകാരി .
സ്കൂളിലെ രക്ഷ – കർത്താ മീറ്റിങ്ങിനു ഇറങ്ങുമ്പോൾ മകൾ
” അച്ചന്റെ നുണക്കുഴി ചിരി എനിക്ക് കിട്ടിയിലല്ലോ , അതെന്താ ? ”
” അത് നിൻ്റെ മുഖം നിന്റെ അമ്മയുടെ പോലെയാ ”
വീട്ടുകാരിയുടെ മുഖത്തു കടുന്നൽ പരിവേഷം .
വാർദ്ധക്യത്തിന്റെ ആദ്യ നാളുകൾ ,ഓർമ്മകൾ തെറ്റി തുടങ്ങി , മുടി കൊഴിഞ്ഞു , കഷണ്ടി കയറി , കാലത്തിനൊത്തു ഞാൻ പലതരം പുതിയ ചിരികൾ പടർത്തി.
” അച്ചിച്ചന്റെ ചിരിക്ക് ഒരു പ്രത്യേഗത ഉണ്ട് ”
പേര കുട്ടികൾ കൈനീട്ടത്തിനായി എന്നെ വീണ്ടും പുളകിതനാക്കി .
തണുത്ത ഒരു രാത്രി , പട്ടിൻ ശീലയുടെ താഴെ ഉറങ്ങി കിടക്കുമ്പോൾ വീട്ടുകാരി പറഞ്ഞു
” ഞാൻ ഇപ്പോൾ കരയുന്നു , ഏട്ടനോ ? ”
” അച്ഛൻ ചിരിക്കാവും അമ്മേ ”
വീട്ടുകാരി മൃതദേഹത്തിനെ കെട്ടി പിടിച്ചു , വീണ്ടും എന്തോ മന്ത്രിച്ചു
” ഞാൻ ഇപ്പോൾ ചിരിക്കുന്നു , ഏട്ടനും ചിരിക്കൂ ”
കൂടെയുള്ളവർ കണ്ണുകൾ തുടച്ചു , ഏതോ ഒരു മുത്തശ്ശി രാമായണം പരായണം ചെയ്യുന്നു .
” അച്ചിച്ചന് എനി ചിരിക്കാൻ പറ്റോ അച്ചമ്മേ ? ”
വീട്ടുകാരി പേരകുട്ടികളേ ചേർത്ത് പിടിച്ചു , കണ്ണുകൾ തുടച്ചു
” അച്ചിച്ചനേ ചിരിക്കാൻ കഴിയൂ മക്കളേ !!!! ”
ഉമ്മറത്തേ ഗന്ധരാജനും പടിഞ്ഞാറേ പറമ്പിലെ പാലയും ഒരുമിച്ച് സുഗന്ധം പരത്തി , അതിൽ പാലപ്പൂവിന്റെ മണം രൂക്ഷമായി .
ആ സുഗന്ധത്തിൽ ഞാൻ നടന്നു , ഒന്ന് ചിരിച്ചു , കണ്ണുകൾ തുടച്ചു , കണ്ണീരിനു പകരം വന്നത് ചോരയായിരുന്നു .
“ പ്രേതത്തിന് എന്ത് കണ്ണീർ ? ”
ആത്മഗതം .
പുതിയ ചിരി ഞാൻ വീട്ടുകാരിയേയും മക്കളേയും പേരകുട്ടികളേയും കാണിക്കുന്നില്ല , അവർ പേടിക്കും , അലറും .
” ഇത് എൻ്റെ ഏട്ടൻ അല്ലാ എന്ന് ”
വീട്ടുകാരി പറയും , കാരണം എൻ്റെ ചിരി അവൾക്ക് ഏറ്റവും പ്രിയപെട്ടതായിരുന്നു .