സ്ത്രീധന തുക
ബാക്കി കൊടുക്കാത്തതിന്
പെങ്ങളെ വീട്ടിൽ തിരിച്ചാക്കി,
കൊച്ചിനെ കാണാൻ
ഉമ്മറംവരെ
വല്ലപ്പോഴും വരുന്ന മരുമകനോട്
കേറിയിരിക്കെന്ന് പറഞ്ഞ്
ഉപ്പ ഉള്ളിലെല്ലാം വെച്ച് വെളുക്കെ ചിരിക്കും
കഞ്ഞിക്കലമിറക്കി വെച്ച്
വിളമ്പിക്കൊടുത്ത്
അടുത്തിരിക്കുമ്പോൾ
നീ തിന്നോടി
എന്ന് ചോദിക്കുമ്പോൾ ഉമ്മാക്കുണ്ടൊരു
വയറു നിറഞ്ഞ ചിരി
പിന്നിയ പാവാട കൂട്ടിത്തുന്നുമ്പോൾ
എങ്ങനെണ്ടടീന്ന് ചോദിച്ച് അപ്പുറത്തെ നസീമ പുതിയ ചുരിദാറ് കാണിക്കുമ്പോൾ ചെറിയ
പെങ്ങൾക്കുണ്ടൊരു നനുത്ത ചിരി
ഉണങ്ങാത്ത കുപ്പായം
ചിരട്ടക്കനല് നിറച്ച് പാത്രം കൊണ്ട് ഇസ്തിരിയിട്ടുണക്കുമ്പോൾ
നീയില്ലേടാ
ബെല്ലടിക്കും
എന്നവൻ വഴീന്ന് ചോദിക്കുമ്പോൾ
ഞാനും ദേ വന്നു എന്ന് പറഞ്ഞ് ചിരിക്കാറുണ്ട് മഞ്ഞ ചിരി
വല്ലിപ്പാടെ ആണ്ടിന്
ഉസ്താദ് വന്ന്
ഉമ്മറത്തിരുന്ന് ഓതുമ്പോൾ
വല്ലിമ്മാക്കൊണ്ടെരു ഓർമ്മച്ചിരി
ജപ്തി നോട്ടീസുമായി
പോസ്റ്റുമാൻ വന്നപ്പോൾ
ഉമ്മറതിണ്ണയിലിരുന്ന് ചിരിച്ചതാണത്രെ ഉപ്പയുടെ
അവസാന ചിരി
പിന്നീട്
മാവുപൂത്തിട്ടും
ചക്കവിരിഞ്ഞിട്ടും
ചേനപറിച്ചിട്ടും
ആരും
ചിരിച്ചിട്ടേയില്ല….
ചില ചിരികളിങ്ങനെയുമാണ്
ഓർത്ത് കരയേണ്ടവ..