എഴുത്തു നിർത്തണം എന്ന് ഒരിക്കൽപ്പോലും തോന്നാതിരിക്കണമെങ്കിൽ കവിത ആപത്കരമാം വിധം രക്തത്തിൽ കലരണം. എത്ര കൂടുതലരിച്ചു കളഞ്ഞാലും ഒരു പാടംശം ബാക്കി കാണുകയും വേണം.
ഈയൊരു നിരീക്ഷണത്തിലെത്തുന്നത് എം.ടി.രാജലക്ഷ്മി (M T Rajalekshmi Karakulam)യുടെ “വിയർപ്പു പൂത്ത മരങ്ങൾ” എന്ന കവിതാ സമാഹാരം വായിച്ചപ്പോഴാണ്.
അസ്ഥിക്കു പിടിച്ച കവിതയുമായി 94 പേജുകൾ ചിന്താ മതിലുകളെ ഇടിച്ചു തകർക്കുന്നൊരു ബുൾഡോസറായി അസ്വസ്ഥത സൃഷ്ടിക്കുന്ന മനോഹരമായൊരു വിഹ്വലതയാണ് ഈ പുസ്തകത്തിന്റെ ആകെത്തുക.
ഓർമ്മകളെ ആയുധമാക്കിക്കൊണ്ട് മസ്തിഷ്ക്കങ്ങളോട് പോരാടാനിറങ്ങിയ വെളുത്ത എന്നാൽ തനിക്കറുപ്പുള്ള ദ്രാവിഡ യോദ്ധാക്കളായാണ് ഇതിലെ പേജുകൾ വെളിപ്പെടുന്നത്.
“ഹേ സൂര്യ,
നിന്നെ ഞാനറിയുന്നു
നിമിഷാർധങ്ങളിൽ,
ഇമയനക്കങ്ങളിൽ,
ചിത്രം വരച്ച പോലല്ല,
പെയ്യും സാന്ത്വനം പോലെയും,
കനവു പോലല്ല കവിയും
കവിത പോലെയും”
(അറിയുന്നു ഞാൻ – എന്ന കവിതയുടെ തുടക്കം)
പക്വതയുടെ പടച്ചട്ടയിട്ട നിരീക്ഷണങ്ങളാണ് രാജലക്ഷ്മിയുടെ കവിതകളെ സമ്പന്നമാക്കുന്നത്. വൈലോപ്പിള്ളിയുടെ കാച്ചിക്കുറുക്കിയ കാവ്യസമ്പന്നത നിരന്തര പഠനത്തിലൂടെ ആവാഹിച്ചെടുത്ത ഭാഷാ വിദ്യാർത്ഥിനിയുടെ അക്ഷര കൗശലവും കൈയടക്കവും അതിസമർത്ഥമായി രാജലക്ഷ്മിയിലെ കവി നിർവ്വഹിക്കുന്നു.
മാനുഷികാർത്ഥത്തിലെ പുതു ജീവലോകത്തിന്റെ അനിവാര്യതയായ സാധാരണക്കാരനെ ദ്രോഹിക്കുന്ന വ്യവസ്ഥിതികൾക്കെതിരെയുള്ള ചെമ്പൻ പോരാട്ടങ്ങളും ഈ കവിതകൾ സംശയലേശമെന്യേ നിർവ്വഹിച്ചു കാണുന്നുണ്ട്.
“ഒറ്റ മഴക്കുളിരിൽ
കെട്ടഴിയുമോ,
കെട്ട കാലത്തിൻ
ചുട്ട കനലുകൾ ?!”
മരിക്കാത്ത ഓർമ്മകളുടെ കാഞ്ഞിരക്കയ്പ്പ് തികട്ടി വരുന്ന കരളുകൾ കക്കുന്ന വിസ്മൃതി തീണ്ടാത്ത പാട്ടുകൾ.കൃഷ്ണമണികളിൽ തീക്കനലിരമ്പുന്ന പാണ്ഡവപ്പടയായി പോരാട്ടത്തിന്റെ പതിനെട്ടക്ഷൗഹിണിയെ നയിക്കുന്ന ഉഗ്ര ശക്തികളായി ചുവപ്പുടുത്ത കറുത്ത ഓർമ്മകൾ ഹൃദയ വാതിലുകളിൽ മുട്ടി അസ്വസ്ഥതപ്പെടുത്തുമ്പോൾ അറിയാതെ സ്നേഹിച്ചു പോകും ഈ താളുകളെ.
അതു തന്നെയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്ന കാവ്യധർമ്മവും കാവ്യനീതിയുമൊക്കെ. ഇത് ഒരു കവിതാ പുസ്തകമാണ്. എന്തെന്നാൽ ഇതിൽ കവിതയുണ്ട്. പിറകെയോടി പിടിച്ചു നിർത്തി കെട്ടിപ്പിടിച്ചണച്ച് സ്നേഹിപ്പിച്ചു കളയുന്ന മുഖശ്രീയുള്ള മലയാള കവിത.
പോരാട്ടത്തിന്റെ വീഥികളിൽ ചോരകൊണ്ട് ഓർമ്മച്ചെമ്പരത്തി വരച്ചു ചിരിക്കുന്ന ഒരു കടൽപ്പെണ്ണിന്റെ തിരക്കവിത.
ഇനിയുമെഴുതണം. ഒരുപാട് ആശംസകൾ !!!