കാറ്റു പൂരിപ്പിച്ച ദിക്കുകളാവുന്നു നാം,
കുളിരു മങ്ങിയമർന്ന പ്രഭാതങ്ങളിൽ.
മധ്യാഹ്നം കുഴിച്ചിട്ട കറുത്ത സൂര്യനെ
വിങ്ങും വിയർപ്പായറിഞ്ഞകലുന്നു നാം.
സായന്തനങ്ങ, ളരണ്ട നോവിനെ
കണ്ണിൻ കടലിലിറക്കി നിർത്തുന്നു.
ഇരവു തേടുന്ന നാട്യശാലകൾ, കഥയറിയാതെ കറുപ്പു തുന്നുന്നു.
മഞ്ഞുകുതിരകൾ പായുംകിനാക്കളിൽ
കണ്ണുരസ്സുന്നു കലമാൻകൊമ്പുകൾ,
ചില്ലുജാലകത്തിരശ്ശീല ഞൊറികളിൽ
മഴവില്ലു പിഴിഞ്ഞൊഴുക്കുന്നു കല്പന.
സുഗന്ധവല്ലികൾ പൂക്കും തടങ്ങളിൽ
കന്മദത്തെളിനീരുപോൽ പ്രതീക്ഷകൾ.
കാതമെത്ര, യറിവില്ലയെങ്കിലും,
കതിരു കാക്കാതിരിപ്പതെങ്ങനെ നാം!
ഏതോ നിഗൂഢമാമനന്തതയ്ക്കപ്പുറം
പുത്തൻനാമ്പു തളിർക്കുമിടം കാത്ത്,
നാമുറങ്ങാതിരിക്കണം ജന്മജന്മാന്തരം
കടക്കണ്ണാലിറ്റു പ്രണയം കൊയ്യുവാൻ…