അക്കിത്തത്തെക്കുറിച്ച് കവയിത്രി എം. ടി.രാജലക്ഷ്മി
മഹാകവി അക്കിത്തത്തിനെത്തേടി പത്മാപുരസ്കാരം എത്തുന്നു. തിളക്കം ആ പുരസ്കാരത്തിനു തന്നെ. കാളിദാസ ഭാവനകളെയും ബിംബങ്ങളെയും മലയാളത്തിലേക്കു കൂട്ടിക്കൊണ്ടുവന്ന കവിയാണു അക്കിത്തം. ഇടശേരി നേതൃത്വം നൽകിയ പൊന്നാനിക്കളരിയിൽ ഇന്നു ജീവിച്ചിരിക്കുന്ന അവസാന കണ്ണിയാണദ്ദേഹം. ധർമം ആയിരുന്നു പൊന്നാനിക്കളരിയുടെ മുഖമുദ്ര. ആ ആദർശത്തിൽ ഉറച്ചുനിൽക്കുന്നതാണു അക്കിത്തത്തിന്റെ കവിതകൾ.
പാലക്കാട് കുമരനല്ലൂരിനു സമീപം അമേറ്റിക്കര ഹരിമംഗലം ക്ഷേത്രത്തിലെ ചുവർ വൃത്തികേടാക്കുനവർക്കു മുന്നറിയിപ്പായി കൽക്കരികൊണ്ടു കവിത കോറിയിട്ട ഉണ്ണീ നമ്പൂതിരി വിശ്വത്തോളം വളർന്ന് നിത്യനിർമല പൗർണമിയായി കുളിരേകി നിൽക്കുന്നത് അക്കിത്തം കവിതകളിൽ കാണാം. പാരമ്പര്യവും ആധുനികതയും ആ കവിതകളിൽ അഭിമുഖം നിൽക്കുന്നു. അതിനുമപ്പുറം അധ്യാത്മക വിരക്തിയുടെ അമൃതധാരകളും നമുക്ക് അനുഭവിച്ചറിയാം. എന്റെ എന്റെയല്ലിക്കൊമ്പനാനകൾ എന്നു പണ്ടത്തെ മേൽശാന്തിയിൽ വിളിച്ചു പറയുന്ന മഹാകവി ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കുമ്പോൾ ചുറ്റും ആയിരം സൗരമണ്ഡലം ചുറ്റും നിറയുന്നത് അനുഭവിക്കുന്ന ശിശു സഹജമായ നൈർമല്യത്തിലേക്ക് കവി എന്നേ മാറി. അത്തരം ഋഷിതുല്യനായ ഒരാളെത്തേടി എത്തുമ്പോൾ മാനിക്കാപ്പെടുന്നത് പുരസ്കാരങ്ങളാണു. അതിനെ നോക്കി മന്ദഹസിക്കുന്ന കവി അതിലൂടെ ചുറ്റും പരക്കുന്ന നിത്യനിർമല പൗർണമി ആസ്വദിക്കുന്നുണ്ടാവണം.
More details: www.akkitham.in
അക്കിത്തം കവിതകൾ: Kavyam Sugeyam by Jyothibai Pariyadath