ചില യാദൃശ്ചിക സംഭവങ്ങളായിരിക്കും പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റി മറിക്കുന്നത്. ഒട്ടും യാദൃശ്ചികമായായിരുന്നു ഞാൻ അന്ന് ആ ജീവിതകഥ വായിക്കാൻ ഇടയായത്.
ഒത്തിരി നേടി അവസാനം ഒന്നുമില്ലാതായി തീർന്ന ഒരു മനുഷ്യന്റെ കഥ. തലമുറകൾക്ക് അനുഭവിക്കാൻ വേണ്ടത്ര സമ്പാദിച്ചു കൂട്ടിയിരുന്നയാൾ ഒരൊറ്റ നിമിഷംകൊണ്ട് തലചായ്ക്കാൻ പോലുമൊരു ഇടമില്ലാതായി തീർന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗതിയില്ലാതായിപോയിരുന്നു അദ്ദേഹത്തിന്.
ജീവിതത്തിൽ നിന്നു തന്നെ പിൻതിരിഞ്ഞു നടക്കാൻ തീരുമാനിച്ച അയാൾക്ക്, ഒരു സുഹൃത്തിൽ നിന്നും ഒരുപദേശം കിട്ടി. ‘എല്ലാ ദിവസവും കണ്ണാടിയിൽ നോക്കി എനിക്കെന്നെ ഒരുപാട് ഇഷ്ടമാണ്, ഞാൻ ഭാഗ്യവാനാണ്” എന്ന് ദിവസവും പറഞ്ഞാൽ ഉറപ്പായും ജീവിതത്തിൽ ഒത്തിരി നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന്..
മുങ്ങി താഴുന്നവന് പുൽകൊടിയും വരമാകും എന്നല്ലെ, സുഹൃത്തിന്റെ ഉപദേശം അയാൾ ഗൗരവമായെടുത്തു, അന്ന് മുതൽക്കെ അതു പ്രാവർത്തികമാക്കുകയും ചെയ്തു. അതെ ആ സുഹൃത്ത് പറഞ്ഞതുപോലെ അയാളുടെ ജീവിതം പാടെ മാറി. ഇന്നയാൾ ലോകമറിയുന്ന ലേഖകനാണ്, താൻ കണ്ടെത്തിയ ഈ മാർഗത്തെ കുറിച്ച് ലോകമെമ്പാടുമുള്ള ആളുകൾക്ക് പകർന്ന് പരചോദനമേകാനുള്ള യാത്രയിലാണ് ഇന്നയാൾ.
വായിച്ചപ്പോൾ വളരെ എളുപ്പമെന്ന് തോന്നിയതിനാലോ, അല്ലെങ്കിൽ മനസ്സ് സന്തോഷം കൊതിക്കുന്നത് കൊണ്ടോ അതെല്ലെങ്കിൽ തികച്ചും യാദൃശ്ചികമായായിരിക്കും എനിക്കും ഇതൊന്ന് ശ്രമിച്ചു നോക്കാം എന്ന് തോന്നിയത്. ആ നിമിഷം മുതൽ കണ്ണാടിക്ക് മുൻപിൽ ചെല്ലുമ്പോഴെല്ലാം “ഞാൻ ഭാഗ്യവതിയാണ്, എനിക്കെന്നെ ഒരുപാടിഷ്ടമാണെന്നു” പറഞ്ഞു തുടങ്ങി.
സത്യം പറയണമെങ്കിൽ അന്നുമുതലാണെന്റെ ജീവിതം മാറി തുടങ്ങിയത്. എനിക്ക് കൂടുതൽ ഉന്മേഷത്തോടെയും, ആത്മവിശ്വാസത്തോടെയും ദിവസം തുടങ്ങാൻ കഴിഞ്ഞു,. അന്നു വരെ എന്റെ ജീവിതത്തിലുള്ള പ്രശ്നങ്ങളെയായിരുന്നു ഞാൻ കേന്ദ്രീകരിച്ചത്. എന്റെ തോൽവികളെ പറ്റിയായിരുന്നു അനുനിമിഷവും ചിന്തിച്ചത്, ചെയ്തുപോയ തെറ്റുകളെ പറ്റിയോർത്ത് ഒത്തിരി വേദനിച്ചിരുന്നു. ഇതെല്ലാം കൂടെയാകുമ്പോൾ പിന്നെ സന്തോഷിക്കാൻ സമയമെവിടെ?
ഞാൻ ഒന്നിനും കൊള്ളാത്തവനാണ്, എന്നെ ആരും സ്നേഹിക്കുന്നില്ല, എനിക്ക് വേണ്ട പരിഗണന കിട്ടുന്നില്ല, എന്നെ ആരും സഹായിക്കുന്നില്ല എന്നൊക്കയുള്ള ചിന്തകൾ, ഞാൻ തോറ്റുപോകുമോ, എന്നെ അവർ വഞ്ചിക്കുന്നുണ്ടാകുമോ, ഞാൻ സ്നേഹിക്കുന്നവർ എന്നെ സ്നേഹിക്കുന്നില്ല എന്നൊക്കെയുള്ള ഭയങ്ങൾ ഇവയൊക്കെ നമ്മളെ കൂടെകൂടെ വേട്ടയാടുന്നതെന്തിനെന്ന് അറിയാമോ? കാരണം നമുക്ക് നമ്മളോട് സ്നേഹമില്ല, നമുക്ക് നമ്മളിൽ തന്നെ വിശ്വാസവും ഇല്ല.
ഇതുതന്നയാണ് ഇന്ന് പല അത്യാഹിതങ്ങൾക്കും കാരണമാകുന്നതും. നമ്മൾ നമ്മളെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായത്തിനാണ് വില കൽപ്പിക്കുന്നത്. അവരുടെ കണ്ണുകളിലും, വാക്കുകളിലുമാണ് നമ്മൾ നമ്മളുടെ യോഗ്യത അളയ്ക്കുന്നത്…
ബുദ്ധിയുറച്ച നാൾ മുതലെ നമ്മളിൽ ആത്മവിശ്വാസം നിറയ്ക്കേണ്ടവർ ചിലപ്പോൾ നമ്മളിൽ കുത്തി നിറയ്ച്ചതും, ചൂണ്ടികാട്ടിയതും നമ്മളിലെ കുറവുകളെയും കുറ്റങ്ങളുയുമായിരിക്കും. അന്നുമുതൽ നമ്മുടെ ബലഹീനതയേ മാത്രമെ നമ്മൾ ശ്രദ്ധിച്ചിട്ടുള്ളു, അത് തന്നെയാണ് നമ്മുടെ തെറ്റും, നിങ്ങൾക്കറിയാമോ, നമ്മളൊക്കെ കരുതുന്നതിനേക്കാളും എത്രയോ ഭാഗ്യശാലികളാണ് നമ്മൾ, ഒത്തിരി പ്രാഗൽഭ്യമുള്ളവരാണ് നമ്മൾ ഓരോർത്തരും.
ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരൊക്കെ ഭാഗ്യം ചെയ്തവരായിരിക്കും എന്നായിരുന്നു, അമാനുഷികമായ എന്തൊക്കെയോ കഴിവുകളുള്ളവരായിരിക്കും എന്നായിരുന്നു. എന്നെപോലെ സാധാരണയായ ഒരാൾക്ക് ഇത്തരം നേട്ടങ്ങൾ ഒരിക്കലും കൈവരിക്കാൻ കഴിയില്ല എന്നായിരുന്നു. പക്ഷെ ഇവരുടെ ജീവിതം കൂടുതലായി അറിഞ്ഞപ്പോൾ മനസ്സിലായത്, ഇവരും എന്നെപോലെ, അല്ലെങ്കിൽ എന്നെക്കാളും നൂറ് മടങ്ങ് കൂടുതൽ നിരാശകളും തോൽവികളും, വേദനകളും സഹിച്ചവരാണ്, പക്ഷെ നമ്മളപോലുള്ള ”സാധാരണക്കാരിൽ” നിന്ന് അവരെ വ്യത്യസ്തരാകുന്നത് എന്താണെന്നറിയുമോ? നമ്മൾ തോൽവി സമ്മതിച്ച് നിരാശരായി വീട്ടിൽ ചുരുണ്ടകൂടി കിടക്കുമ്പോൾ, അവർ മാത്രം കാലത്തിന് മുൻപിൽ തോറ്റുകൊടുക്കാതെ ലക്ഷ്യത്തെ മാത്രം മുൻപിൽ കണ്ടുകൊണ്ട് വീണ്ടും ജയിക്കുന്നത് വരെ പോരാടും.
ജീവിതത്തിൽ ഒത്തിരി വീഴ്ചകൾ ഉണ്ടായിട്ടുണ്ടാകും, നഷ്ടങ്ങൾ ഒരുപാട് വന്നിട്ടുണ്ടാകും, എങ്കിലും വിശ്വസിക്കുക, നമുക്കും ഒരു നല്ല ദിവസം വരും.
ജയിക്കാനുമുണ്ട് ചില വിജയമന്ത്രങ്ങൾ…
ആദ്യമായി തന്നിലെ ബലഹീനതകളെ ശ്രദ്ധിക്കാതിരിക്കുക. എത്ര വലിയ പദവി അണിയുന്ന ഒരാളായാലും അവർക്കൊക്കെയും തീർച്ചയായും ചില കുറവുകൾ ഉണ്ടാകും, പക്ഷെ അവരതിന് മഹത്വം നൽകുന്നില്ല എന്നതാണ് സത്യം. പുരാണങ്ങൾ എടുത്ത് വായിച്ചാൽ അറിയാം അവിടെ ദൈവങ്ങൾക്ക് പോലും കുറവുകൾ കാണാം. എപ്പോഴും നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന കഴിവുകളെ ഓർത്ത് അഭിമാനിക്കുക. അതിനായി നന്ദി പറയുക.
ഞാൻ ഒറ്റപ്പെട്ടവനാണ് എന്നുള്ള അനാവശ്യ ചിന്തകളെ വേറോടെ പിഴിതെറിയുക. ഒത്തിരി വേദനകളും, ബുദ്ധിമുട്ടുകളും കണ്ണീരുമൊക്കെ സഹിക്കുന്ന നമുക്ക് ഭാഗ്യമില്ല എന്നു തോന്നാം, മനസ്സിൽ പണ്ട് മുതൽകെ ഉറച്ചുപോയ ഒരു മിഥ്യയാണിത്. ഇതൊക്കെ മായ്ചു കളയണം, മനസ്സിനെ നമ്മുടെ പരിധിയിൽ വരുത്തണം. നമ്മൾ അനുഭവിച്ച ആ പരാജയങ്ങളും, വേദനകളുമൊക്കെ നമ്മുടെ മനസ്സിനെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടണ്ടാകും.
നമുക്കോർക്കാൻ ഇഷ്ടമല്ലാത്ത ഒരുപാട് ദിവസങ്ങൾ ഉണ്ടായിട്ടുണ്ടാകും, ഇതൊക്കെ എല്ലാവരുടേയും ജീവിതത്തിലും സഹജം തന്നെയാണ്, കാരണം നമ്മളൊക്കെ മനുഷ്യരാണ്, ആരും പരിപൂർണരല്ല…
എന്റെ ജീവിതം മാറിതുടങ്ങിയത്, ഞാൻ എന്നെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ്. ഞാൻ ജയിക്കും എന്ന് ഉറച്ചു വിശ്വസിച്ചു തുടങ്ങിയപ്പോഴാണ്. നിങ്ങൾക്ക് എന്റെ ഈ വരികൾ പൊരുളില്ലാത്തതെന്ന് തോന്നിയെങ്കിലും, ഇതൊന്ന് പരീക്ഷിച്ചു നോക്കുക.. ഇത് പുസ്തകത്തിലെ വെറും 4 വരികളല്ല, ഒത്തിരി പ്രയാസങ്ങളും, വേദനകളും ഏറ്റിട്ടും ഇന്ന് ജയിച്ചു നിൽകുന്ന എന്റെ അനുഭവമാണ്. തീർച്ചയായും ഇത് നിങ്ങൾക്കും ഉപകാരപ്പെടും. നമ്മൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്നവരായിരുന്നാലും, നമ്മളൊക്കെ ഒരേ ലോക്കത്താണ്, നമുകൊക്കെ അന്വയിക്കുന്ന ഒരേ ലോക നീതിയും..