ആൽ

തഴച്ചു വളര്‍ന്നൂ മുന്നില്‍
തണലായേവര്‍ക്കും മണ്ണില്‍
വേര്‍പിരിയാത്ത മോഹങ്ങള്‍
വേരുകളായ് തലകുനിച്ചു.
കുഞ്ഞുകിനാവുകളൊത്തുചേര്‍ന്നു
കുനുകുനെ പച്ചമുത്തുകള്‍ കോര്‍ത്തു
ചുവന്നു തുടുത്തു തെളിഞ്ഞൂ, പിന്നെ
ചിന്നിച്ചിതറിയടര്‍ന്നു വീണു.
ദേവിയായ് പൂജിച്ചു ലോകമെന്നെ
ദീപം തെളിയിച്ചു മുന്നില്‍ നിത്യം
കരളിലെ ഇരുട്ടിന്‍ പടര്‍പ്പു മാത്രം
കണ്ടില്ല കണ്‍തുറന്നാരുമൊട്ടും
തറകെട്ടി തടവിലാക്കിയെന്‍ മോഹം
ആധിക്കെട്ടഴിച്ച് വെന്തെന്‍ മടിയില്‍
വ്യഥകള്‍ക്കുത്തരം തേടിയലഞ്ഞവര്‍
ബോധനറുംപഴച്ചാറു നുണഞ്ഞവര്‍
കാലത്തിന്‍ ഖേദക്കിണറു ഞാന്‍
കണ്ണുകെട്ടിയ സ്നേഹത്തുരുത്തും
എനിക്കേതുമില്ല ജാതിപ്പൊരുള്‍
ദേശഭേദത്തിന്‍ ഇരുളഴികള്‍
വിറകൊള്ളും മനസ്സാണീ ഇലകള്‍
അലതല്ലും നോവാണീ മര്‍മ്മരങ്ങള്‍
അണയാത്ത പ്രണയമീ പഴത്തുള്ളികള്‍
സിരാപടലത്തിന്‍ രൂപഭംഗികള്‍…

About Badarunnisa

"വാക്കനൽ" എന്ന ഫേസ്ബുക്ക് കൂട്ടായമയുടെ സാരഥി, വാക്കനൽ പേജിലൂടെ വിശ്വസാഹിത്യത്തിലെ എഴുത്തുകാരെ ഭാഷാഭേദമില്ലാതെ പരിചയപ്പെടുത്തുക എന്ന നിഷ്കാമ കർമം അനവരതം തുടാരുന്ന കവി.. സാമൂഹ്യ പരിഷ്കരണ വിപ്ലവങ്ങൾക്ക് ചുക്കാൻ പിടിച്ച അധ്യാപിക.

Check Also

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …

Leave a Reply

Your email address will not be published. Required fields are marked *