പ്രേമലേഖനം

ഒരു ദിവസം ഉമ്മറക്കോലായിൽ പത്രം വായിക്കുന്നതിനിടെ വീട്ടുകാരിയുടെ സല്ലാപം

“ ഞാൻ ഏട്ടനോട് ഒരു കാര്യം ചോദിക്കട്ടെ ? ”
” ചോദിക്കൂ !!.. ”
” ദേഷ്യപ്പെടോ ?…. ”
” എന്തിന് , ചോദിക്കൂ !!!!….. ”
” ഏട്ടനാരെങ്കിലും പ്രണയിച്ചിട്ടുണ്ടോ ? …. ”

ആദ്യം ഞാൻ ഒന്ന് പരുങ്ങി

” ഉണ്ട് ”
” ആരെ ? ..!!!!!!!!…. ”
” നിന്നെ ..”
” ഒന്ന് പോ ഏട്ടാ , പറയൂ സത്യായിട്ട് …. !..”
” ഇപ്പൊ എന്താ ഇങ്ങനെ ഒരു ചോദ്യം …? ”
” ഒന്നൂല്ല്യാ , വെറുതെ …. !!! ... ”

പരദൂഷണം പറയാൻ എത്തിയ മാളുഓപ്പോളേ കണ്ടപ്പോൾ അവൾ ചോദിച്ചതെല്ലാം മറന്നു , മാളുഓപ്പോളും അവളും അടുക്കളയിലേക്ക് പോയി , ഞാൻ കുറച്ചു കാലം പിന്നോട്ടും.

ചാരു കസേരയിൽ ചാരി ഞാൻ എഴുതിയ ആദ്യത്തെ പ്രേമലേഖനത്തെ ഓർത്തു.

” ഉണ്ണീ , എന്നാ നിന്റെ കൊല്ല പരീക്ഷ .. ? ”
” മാർച്ചിൽ ആവും എന്ന് പറയുന്നത് കേട്ടു …”
” ആര് …? ”
” ലത ടീച്ചര് … ”
” വല്ലതും അറിയോ , അതോ ഈ കൊല്ലവും തോൽക്കോ ? … !! ”
” തോറ്റാൽ …? ”
” തർക്കുത്തരം പറയുന്നോ നീ , തോറ്റു വാ നായേ  , അപ്പൊ കാണിച്ചു തരാം…. ” ഒരു കൊല്ല പരീക്ഷക്ക്‌ മുൻപുള്ള അമ്മയുടെയും മകൻെയും ഇടയിലുള്ള സംഭാഷണങ്ങളാണ് ഇതെല്ലാം.

ഒന്നുറപ്പാണ്, തോൽക്കും , ജയിക്കാൻ ഒരു വഴിയുമില്ല , ആകെ അറിയുന്നത് കണക്കാണ് , അതാണെങ്കിൽ അറിയുന്നതിൽ നിന്ന് ഒന്നും ചോദിക്കില്ല , എഴുതിയ പരീക്ഷകളൊക്കെ തോറ്റിട്ടേയുള്ളു

” തേവരെ ഈ പരീക്ഷ ഒന്ന് പാസ്സാക്കി തന്നാൽ ഒരു ഒറ്റപ്പം കഴിക്കാം ”

ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ നോട്ടെഴുതാത്തവരുടെ പംദിയിൽ മുനിരയിൽ തന്നെ ഞാൻ ഉണ്ടാവും, കൊല്ല പരീക്ഷക്ക് എനി ഒരു മാസം സമയമുണ്ട് അതിനു മുൻപ് ക്ലാസ്സിൽ പഠിപ്പിച്ചതൊക്കെ ഒന്ന് പകർത്തി എടുക്കണം.

” ആരോടാ ഒന്ന് ചോദിക്കാ കുട്ടാ ? … ”
” ഉണ്ണിയെ നമ്മുക്ക് രാധയോട് ചോദിച്ചാലോ ,? അവളാ നമ്മുടെ ക്ലാസ്സിൽ നോട്ടെഴുതാറു …. ”

വെളുത്തുമെലിഞ്ഞ സുന്ദരി , രണ്ടു ഭാഗത്തേക്കും മുടികൾ റിബ്ബൺ കൊണ്ട് കെട്ടി വച്ചു അവൾ വന്നു , നെറ്റിയിൽ ഉണങ്ങിയ ചന്ദനം , എൻ്റെ ഇഷ്ട കാമുകി , പക്ഷെ ഞാൻ എൻ്റെ ഇഷ്ടം അവളോട് ഒരു തവണ മാത്രമേ പറഞ്ഞിട്ടുള്ളു അതും സ്വപ്നത്തിൽ.

അവളോട് എൻ്റെ ഇഷ്ടം പറയണം , എങ്ങനെ പറയും ? നേരിട്ടു പറഞ്ഞാൽ അവൾ അമ്മയുടെ അടുത്ത പറയും , അവളുടെ ‘അമ്മ ഞങ്ങളുടെ ക്ലാസ്സ് ടീച്ചറാണ്.

” രാധേ , എനിക്ക് നിന്റെ നോട്ടു പുസ്തകങ്ങൾ ഒന്നു തരണം ”
” ഉണ്ണീ നിനക്കു ഒന്ന് നന്നായിക്കൂടെ , ഈ കളിച്ചു നടക്കുന്ന സമയം നാലക്ഷരം പടിച്ചൂടേ ?….”
” ഞാൻ ഉണ്ണിനെ എന്നും പഠിക്കാൻ വിളിക്കും ” എന്ന് കുട്ടൻ.

എനിക്കൊന്നും അവളോട് തിരിച്ചു പറയാൻ പറ്റിയയില്ല , ഞാൻ അവളിൽ ലയിച്ചിരുന്നു.

അവൾ പുസ്തകങ്ങൾ എനിക്ക് തന്നു

” രണ്ടു ദിവസം കഴിഞ്ഞാൽ എനിക്ക് തിരിച്ചു തരണം ട്ടോ .”
” തരാം , ….. നാളെ കൃഷ്ണന്റെ അമ്പലത്തിൽ എൻ്റെ തായമ്പക ഉണ്ട് , രാധ വരണം … !! ”
” അച്ഛനോട് ചോദിക്കട്ടെ !!!… ”

അവളുടെ നോട്ടിലെ കൈയ്യക്ഷരങ്ങളിൽ ഞാനൊന്നു തലോടി , രണ്ടു ദിവസമേ എനിക്കിതു കാണാൻ പറ്റുള്ളൂ.
അന്ന് രാത്രി പകർക്കാനുള്ളതൊക്കെ ഞാൻ പകർത്തി , കണക്കായിരുന്നു വിഷയം.

” കണക്കു കണക്കാക്കല്ലേ ഈശ്വര … , ഒറ്റപ്പം മറക്കില്ല ”

എനിക്കൊരു ബുദ്ധി തോന്നി എന്തായാലും നോട്ട് പുസ്തകങ്ങൾ തിരിച്ചു കൊടുക്കണം , അതിന്റെ ഉള്ളിൽ ഒരു പ്രേമലേഖനവും കൂടി വച്ചാലോ, അതാവുമ്പോൾ എളുപ്പാ , ആരും അറിയില്ല , തമ്മിൽ -തമ്മിലുള്ള കൂടിക്കാഴ്ച ഒഴിവാക്കി കിട്ടും .

അങ്ങനെ ആ പുസ്തകത്തിന്റെ ഉള്ളിൽ വച്ചു ഞാൻ എൻ്റെ ആദ്യത്തെ പ്രേമലേഖനം. പുസ്തകങ്ങൾ രാധക്ക് തിരിച്ചു കൊടുത്തു .

പരീക്ഷാ ദിവസം രവിലെ സ്കൂളിൻറെ മുന്നിലുള്ള മാവിലെ മാങ്ങകളുടെ എണ്ണം തിട്ടപ്പെടുത്തുമ്പോൾ അവൾ അടുത്ത് വന്നു

” ഉണ്ണീ നീ എന്ത് പണിയാ കാണിച്ചേ … പരീക്ഷ കഴിഞ്ഞു ഒന്ന് കാണണം !! ”
അവളുടെ മുഖം ഗൗരവമാർന്നതായിരുന്നു.

പരീക്ഷ കഴിഞ്ഞ മാവിന്റെ താഴെ നിൽക്കുമ്പോൾ ദൂരെ നിന്ന് അവൾ നടന്നു വരുന്നത് കണ്ടു , പിടിച്ചു വിയർത്ത വിയപ്പുതുള്ളികൾ എൻ്റെ കുപ്പായത്തിന്റെ പിന്നിൽ ഇന്ത്യാ ഭൂപടം വരച്ചിട്ടു .
“ ഉണ്ണീ ഒരു കാര്യം പറയാൻ ഉണ്ട് ….!”
” പറയൂ ..”
” ഇത് നീ എൻ്റെ പുസ്തകത്തിൽ മറന്നു വച്ചതാണ് , തിരികേ തരാൻ ആണ് ഞാൻ കാണണം എന്ന് പറഞ്ഞത് , എങ്ങനെ ഉണ്ടായിരുന്നു പരീക്ഷാ ? …”
” നന്നായിരുന്നു ”
” എന്നാ ഞാൻ പോട്ടെ ഉണ്ണീ .. ”

അതായിരുന്നു ആദ്യത്തെ പ്രേമലേഖനം .

ഉപരിപഠനത്തിനു തെരഞ്ഞെടുത്തത് മഹാനഗരത്തിലെ ആ വലിയ സർവ്വകലാശാലയായിരുന്നു . അവിടെ എന്നെ തേടി ഒരുപാട് കാമുകിമാർ വന്നു , അവരെ ചുംബിച്ചും ആശ്വസിച്ചും കുറേ കാലം , പക്ഷേ ഞാൻ വെമ്പുകയായിരുന്നു ആ പരിചിത മുഖത്തെ ഒന്നു ദർശിക്കാൻ .

ആദ്യത്തെ പ്രണയം എനിക്ക് തന്നത് ജീവിതത്തിനോടുള്ള അത്ഭുതമായിരുന്നു.

” അതെ ഞാൻ ചോദിച്ച ചോദ്യം മറക്കണ്ട, ആദ്യത്തെ പ്രണയം , രാത്രി ഉത്തരം തരണം . ഞാൻ ഓപ്പോളുടെ കൂടെ പുഴ വരെ  ഒന്നു പോകുന്നു …” വീട്ടുകാരി ഓർമ്മിപ്പിച്ചു.

ഈശ്വരാ ഇവളിതുവരെ അത് വിട്ടില്ലേ.

About Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

One comment

Leave a Reply

Your email address will not be published. Required fields are marked *