ഇന്നു മഹനായ അയ്യൻകാളിയുടെ ജന്മദിനം
അടിയാളരുടെ അവകാശങ്ങൾക്കു വേണ്ടി നിരവധി പോരാട്ടങ്ങളുടെ ചരിത്രം പൊടിയണിഞ്ഞു കിടപ്പുണ്ടു ഈ മണ്ണിൽ. അയ്യൻകാളിയോടൊപ്പം ആ സമര ചരിത്രങ്ങളും അതിന്റെ അടയാളങ്ങളും വളരെ വിദ്ഗദമായി തുടച്ചു നീക്കി അധികാര വർഗ്ഗം.
അയ്യൻകാളിയുടെ ആശയം ഗോപാലദാസ്സൻ എന്നൊരു അനുയായി നടപ്പിലാക്കിയപ്പോൾ കലി പൂണ്ട സവർണ്ണ മേധാവികൾ സടകൂടഞ്ഞു എഴുനേറ്റ കഥയാണു കൊല്ലം ജില്ലയിലെ ‘പെരിനാടി’നു പറയാനുൾളതു. പുലയ കിടാത്തിമാർ അന്നു അണിയുന്നതു കല്ലുകൊണ്ടുള്ള മാലയും പുളിമരത്തിന്റെ കാതൽ കൊണ്ടുള്ള കമ്മലുമാണു. അതൂ കാലാകാലങ്ങളിലായി തുടർന്നുവരുന്ന ആചാരങ്ങളാണു. അവരെ തിരിച്ചറിയാനൂള്ള അടയാളങ്ങളാണു. ഗോപാലദാസ്സൻ അതു പൊട്ടിച്ചെറിയാൻ തീരൂമാനിച്ചു.
പുലക്കിടാത്തികൾ അന്നു അവരുടെ മാറു മറയ്ക്കുന്നതു കല്ലുമാല കൊണ്ടായിരുന്നു. അതാണു ഒരുദിനം പൊട്ടിച്ചെറിയാൻ ഗോപാലദാസൻ തീരുമാനിച്ചതു. അതും ഒരൂ യോഗത്തിൽ വച്ചു.
പുലയർ യോഗം കൂടുക..!! അങ്ങനെ ഒന്നു സങ്കൽപ്പിക്കാൻ പോലും കാക്കോലി കുഞ്ചുപിള്ള നയിക്കുന്ന സവർണ്ണർക്കു കഴിയുമായിരുന്നില്ല. അവിടെ വച്ചു അവർ കല്ലുമാല പൊട്ടിക്കുക. ധിക്കാരം!
1915 ഒക്ടോബർ 24. അന്നു പാവുവയലിന്റെ മേൽ പുരയിടത്തിൽ കൂടിയ യോഗത്തിന്റെ കാരൃപരിപാടിയിലെ ആദൃ ഇനം വിശാഖം തേവന്റെ പ്രാർത്ഥന. അതു നടന്നൂ കൊണ്ടിരിക്കുമ്പോൽ ‘കൂരിനായർ‘ എന്ന ഗുണ്ടാ ചാടി എഴൂനേറ്റു ഒറ്റ അടി. വിശാഖം തേവൻ തല പിളർന്നു താഴെ വീണു. പിന്നെ അവിടെ പൊരിഞ്ഞ അടിയായി.
അതു ഒരു തുടർച്ച ആയിരുന്നു. ആ രാത്രി മുഴുവൻ നിന്നു കത്തി. പുലയക്കുടികളും ജന്മിഗൃഹങ്ങളും. തമ്പുരാക്കന്മാരുടെ തിരിച്ചടിയെപ്പറ്റി ആലോചിച്ച പുലയർ കുഞ്ഞുകുട്ടികളുമായി അവിടെ നിന്നു പലായനം ചെയ്തു. ആ ലഹളയിൽ തങ്ങൾ അണിഞ്ഞിരുന്ന കല്ലുമാല പൊട്ടിച്ചെറിയാൻ കിടാത്തികൾ മറന്നു.
ജന്മിഗുണ്ടകൾ അവിടെങ്ങും അഴിഞ്ഞാടി.
അതിന്റെ ഏഴാം ദിവസം വാർത്ത അറിഞ്ഞു അയ്യൻകാളി കൊല്ലത്തു എത്തി. കലാപ വൃത്താന്തം അറിഞ്ഞു ദിവാനും കൊല്ലത്ത് തമ്പു ചെയ്യുന്നുണ്ടായിരുന്നു. അയ്യൻകാളി അദ്ദേഹത്തെ മുഖം കാട്ടി. പോലീസു തയ്യാറാക്കിയ ലിസ്റ്റിലെ പ്രതികളെ എല്ലാം ദിവാനു മുമ്പിൽ അദ്ദേഹം തന്നെ ഹാജരാക്കി ജാമൃത്തിൽ എടൂത്തു. അപ്പോഴേക്കും അയ്യൻകാളിയെ സഹായിക്കാൻ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും രാമൻ തമ്പിയും വന്നുചേർന്നു. അവരുടെ ശ്രമഫലമായി ഒരു സർവ്വജാതി സമ്മേളനം വിളിച്ചു കുട്ടൂവാൻ തീരുമാനിച്ചൂ. പക്ഷേ യോഗം എവിടെ കൂടൂം?
ഇന്നത്തെ കൻറോൺമെന്റു മൈതാനത്തു ഒരു സർക്കസ്സു നടക്കൂകയാണ്. അതിന്റെ ഉടമ രത്നാഭായി എന്ന സ്ത്രീയും. അയ്യൻകാളിയും പരമേശ്വരൻ പിള്ളയും കൂടി അവരെ പോയി കണ്ടു. ഈഴവകുലജാതയായ അവർ ഒരു ദിവസ്സത്തെ കളി ഉപേക്ഷിച്ചു യോഗം നടത്താൻ അനുവദിച്ചൂ.
ചങ്ങനാശ്ശേരി തന്നെ അദ്ധൃക്ഷനായി. പെരിനാട്ടു നിന്നും എല്ലാ പ്രമാണിമാരും കുടാതെ നാലായിരത്തോളം പുലയരും പങ്കെടുത്തു. ആ യോഗത്തിൽ വച്ചു രണ്ടു പുലയകിടാത്തികളെ വേദിയിലേക്കു വിളിച്ചു അവരുടെ കഴുത്തിൽ കിടന്ന മാല അയ്യൻകാളി തന്നെ ഊരിമാറ്റി.. തുടർന്നു അവിടെ ഉണ്ടായിരുന്ന പുലയകിടാത്തികൾ അണിഞ്ഞിരുന്ന കല്ലുമാല അവർ തന്നെ ഊരിയെറിഞ്ഞു.ശേഷം വിജയഭേരിയോടെ അവരെ തിരിച്ചു പെരിനാടെത്തിച്ചു എല്ലാവരുംകൂടി.
പുലയരുടെ പേരിൽ ഒരു തീവയ്പു കേസു പോലീസു ചാർജ്ജു ചെയ്തിരുന്നു. ഇരുനുറു പേർ അതിൽ പ്രതികളായിരൂന്നു. കേസ്സു വാദിക്കാൻ ഒരു വക്കീലിനെ എർപ്പെടുത്താൻ അവർ ഓടി നടന്നു. ഇലഞ്ഞിക്കൽ ജോൺ വക്കീൽ അയ്യൻകാളിക്കു മുമ്പിൽ ഒരു നിബന്ധന വച്ചു. കേസു ഞാൻ വാദിക്കാം. അതിനു പ്രതിഫലമായി ഇവിടെ പുറംപോക്കിൽ ഒരു കുളം കുഴിക്കണം. കോടതികുടുന്ന ദിവസ്സങ്ങളിൽ, കുടുന്ന സമയത്തു. അന്നു കൊല്ലം നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. അതിനൊരൂ പരിഹാരം എന്ന നിലയിലാണു ആ കുളം വെട്ടാൻ നിർദ്ദേശിച്ചതു. അയ്യൻകാളിയും പുലയരും സമ്മതിച്ചു.
അങ്ങനെ അവർ വെട്ടിയ കുളമാണ് പ്രസിദ്ധമായ ‘കമ്മാൻകുളം‘
ഇവിടുത്തെ അടിമകളുടെ സ്വാതന്ത്രത്തിലേക്കുള്ള പതയുടെ ചരിത്രം പേറുന്ന ആ കുളം ഇന്നില്ല. അടിമകളെ തുടച്ചു നീക്കാൻ പ്രതിജ്ഞയെടുത്ത ഭരണവർഗ്ഗം അതിന്റെ പുറത്ത് അവരുടെ ആസനം പണിതു. ഇവിടെ അന്നും പുലയരും അവന്റെ സംഘടനകളും ഉണ്ടായിരുന്നു. അവർ ആരും ഒരു പ്രതിഷേധ സ്വരവും ഉയർത്തിയില്ല. ഞാൻ അന്നീ സംഘടനയുടെ തലപ്പത്തിരുന്നവരെ എല്ലാവരെയും കണ്ടു. പ്രയോജനമുണ്ടായില്ല. ഞാൻ ഒറ്റയ്ക്കു എതിർത്തു.
‘അരുതു ആ കുളം നികത്തരുതു അതു ഇവിടുത്തെ അടിമവർഗ്ഗത്തിന്റെ മോചനപാതയിലേക്കുള്ള അടയാളം ആണു. അതു എല്ലാകാലത്തേക്കുമായി സംരക്ഷിക്കണം..’
അന്നു ആ അധികാരി പറഞ്ഞു ആ കുളത്തിൽ ഇത്തിരിയേ ഞങ്ങൾ നികത്തൂ ബാക്കി കുളം ഭംഗിയായി സംരക്ഷിക്കും ആ വാക്കും പാലിച്ചില്ല. അവിടം ഇന്നു പട്ടണമായി വളർന്നു കോൺക്രീറ്റു സൗധങ്ങൾ ഉയർന്നു നിൽക്കുന്നു. ഈ നാട്ടിലെ നന്ദികേടിന്റെ സ്മാരകമായി. അയ്യൻകാളിയെ പോലെ അദ്ദേഹം നിർമ്മിച്ചു കാലത്തിനു കാഴ്ച വച്ച സ്വാതന്ത്രത്തിന്റെ അടയാളങ്ങളും ഭുമിമലയാളത്തിൽ നിന്നും മായ്ക്കുന്നതിൽ നമ്മൾ വിജയിക്കുന്നു. അഭിമാനം തോന്നുന്നില്ലേ നമുക്കു ഈ ജന്മദിനം അങ്ങനെ അഭിമാനിക്കാൻ കൂടി ആകട്ടെ..