ഒരു പ്രണയം കൗമാരത്തിൽ നിന്നും അടർത്തി കളഞ്ഞവർണ്ണങ്ങളെ മറന്ന്….
ഒരു പതിനെട്ടുകാരി ചാരനിറങ്ങളെ പ്രണയിച്ച കാലം….
ജീവനറ്റു പോയ… സ്വപനങ്ങളിൽ.. മഞ്ഞിന്റെ ശൈത്യം മൂടി കിടന്നു..
എവിടെയൊക്കയോ പാലകൾ പൂവിട്ട മണം പരത്തി വസന്തവും, ഗ്രീഷ്മവും.. പോയ് മറഞ്ഞു..
എന്തിനായിരുന്നു അരുണയിൽ നിന്നും അവളുടെ ചിരികൾ അടർത്തി കളഞ്ഞത്?
ഇടവഴി നിഴലിൽ പരക്കുന്ന ചന്ദനമണത്തിനൊപ്പം രഘു ചിരിയുടെ ചിറകു വിടർത്തി അരുണയുടെ മുന്നിൽ നിൽക്കുന്ന പല സന്ധ്യകളിലും അവൾ പരിഭ്രമത്തോടെ ചുറ്റിലും കണ്ണോടിച്ചു പറഞ്ഞു…
“വേണ്ട ട്ടോ….. ആരെങ്കിലും കാണും ട്ടോ”
“കാണട്ടെ.. കണ്ടാലെന്താ…?”
“രഘൂന്റെ അച്ഛന്റെ കാതിലെത്തിയാൽ പിന്നെ ഇന്നാട്ടിൽ ജീവിക്കാൻ പറ്റും ന്ന് തോന്നുന്നുണ്ടോ…. രഘൂന്?”
അയാൾ ദീർഘമായി നിശ്വസിച്ചു കൊണ്ട് മുഖം താഴ്ത്തി പറഞ്ഞു….
“ബോംബെയിലൊരു ജോലി ശരിയാക്കാൻ പറ്റുമോന്ന് നോക്കുന്നുണ്ട്….. ഉദയൻ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്…”
“അപ്പോൾ നിനക്ക് പഠിപ്പ് മുഴുവനാക്കണ്ടേ… രഘൂ?”
“എങ്ങിനെയെങ്കിലും ഇവിടന്ന് രക്ഷപ്പെടണമെടോ… ഇല്ലെങ്കിൽ ഭ്രാന്ത് പിടിക്കും”
“അപ്പോൾ അമ്മ…?”
“ഞാൻ പോകട്ടെ ട്ടോ… താൻ നടന്നോ… ഇരുട്ടാകും മുൻപ് വീട്ടിലെത്താൻ നോക്കൂ….”
അകന്നു പോകുന്ന ഒരു സൈക്കിൾ മണിയൊച്ചക്കൊപ്പം ഒരിളം നീല ഷർട്ടിന്റെ പ്രകാശവും ആ ഇടവഴി നിഴലിൽ നിന്നും അപ്രത്യക്ഷമായി….
അതവസാന കൂടികാഴ്ചയുടെ ചെറു നിമിഷമായിരുന്നു..
അടുത്ത ആഴ്ചയിലാണവൻ സ്വന്തം മുറിയിലെ കഴുക്കോലിൽ തൂങ്ങിയാടിയത്…. വീട്ടുവഴക്കിനെ തുടർന്ന് രഘുവെന്ന ഇരുപത്തിരണ്ടുക്കാരൻ… ആത്മഹത്യ ചെയ്തു.
അരുണയിൽ നിന്നും അവളുടെ സ്വപ്നങ്ങളുടെ നിറങ്ങൾ തട്ടിമറിച്ചു കളഞ്ഞു..
കുറേ കാലം കൗമാരത്തിൽ.. വേദന കൊണ്ട് മനസ്സിൽ കരച്ചിലിൽ മുക്കിയ നിറമെടുത്ത് അവൾ… എന്നും കഥകൾ എഴുതുമായിരുന്നു…
ഈ ലോകത്തിലവന്റെ വിളിയില്ല…
ശബ്ദമോ… സാന്നിധ്യമോ ഇല്ല…
സ്വപ്നങ്ങളൊക്കെ പാതി വഴിയിൽ അറ്റമെത്താത്ത ഏതോ ദിക്കിൽ വെച്ച് അപ്രത്യക്ഷമായി…
വർഷമെത്രയോ… രഥചക്ര മുരുട്ടി കടന്നു പോയി..
കുറേ മഴകൾ അവളുടെ മനസ്സിലെ വേദനകൾ കഴുകി കളഞ്ഞു കടന്നു പോയി….
ദാവണിയിൽ നിന്നും… സാരിയിലേക്ക് നടന്ന് ചെല്ലുമ്പോഴായിരുന്നു.. മുന്നിൽ അമ്മ തല താഴ്ത്തി അടുക്കളയുടെ തിരക്കിലെന്തോ തിരയുന്നെന്ന് അഭിനയിച്ചു തലയുയർത്തി അവളെ നോക്കാതെ ഇങ്ങിനെ ശബ്ദം താഴ്ത്തി പറഞ്ഞത്..
“നാളെ നിന്നെ കാണാൻ പുന്നയൂർക്കുളത്തു നിന്നും ഒരു കൂട്ടര് വരുന്നുണ്ട്… ചെറുക്കൻ ദുബായിലാണ്…”
അരുണ മുറത്തിൽ വൃത്തിയാക്കികൊണ്ടിരുന്ന മുരിങ്ങയില… നുള്ളി കൊണ്ടിരുന്നത് നിർത്തി അമ്മയെ നോക്കി…. അമ്മ അവളെശ്രദ്ധിക്കാതെ ഏതോ തിരക്കിലേക്ക് അപ്രത്യക്ഷമായി പോയി..
ചേച്ചിമാർ രണ്ടു ഓട്ടോറിക്ഷയിലായി മക്കളെം പെറുക്കിക്കൂട്ടി.. ആകെ ഒച്ചേം ബഹളവും ഉണ്ടാക്കി മുറ്റത്തിറങ്ങിയപ്പോഴാണ് അരുണയുടെ പെണ്ണുകാണൽ എന്ന ചടങ്ങിന് അവളല്ലാത്തോര് എല്ലാരും ഒരുങ്ങി എന്ന് അവൾക്ക് മനസ്സിലായത്..
ഒച്ച വെക്കുന്ന കുട്ടികളെ മാറ്റിനിർത്തി മൂത്ത ചേച്ചി ബാഗിൽ നിന്ന് കുറച്ച് പലഹാരമെടുത്ത് അമ്മയെ ഏല്പിച്ചു പറഞ്ഞു – “ഇതവർക്ക് വരുമ്പോൾ കൊടുക്കാനാ.. കുറച്ച് ബിസ്ക്കറ്റും, പ്ലം കേക്കും”
“പഴം ഇവിടെ ഉണ്ടാവില്ലേ അമ്മേ? ഇല്യാച്ചാൽ അശോകനെ വിട്ട് വാങ്ങിപ്പിക്കാം”
“നീയെന്തിനാ ഇതൊക്കെ കെട്ടിപെറുക്കി കൊണ്ടുവന്നത്.. ഞാൻ ഇവിടെ ഉണ്ണിയപ്പോം, അവലോസുപൊടിയും, ഉണ്ടാക്കിയിട്ടുണ്ട്..”
അമ്മ മറുപടിയായി പറഞ്ഞു കൊണ്ട് ചേച്ചി കൊണ്ടു വന്ന പലഹാര പൊതികൾ വാങ്ങി അകത്തേക്ക് നടന്നു നടന്നു…
അരുണ ആ ബഹളത്തിൽ നിന്നുമകന്നു മുകൾ മുറിയിലെ വരാന്തയിൽ തനിച്ചു നിന്നു… മനസ്സിലെ മഴക്കാടുകളിൽ കണ്ണീർ മഴയുടെ ഇരമ്പൽ മുഴങ്ങുന്നതവൾ തിരിച്ചറിഞ്ഞു.
അരുണക്ക് താഴെ അവളോളംവളരുന്ന അനിയത്തിയെ നോക്കി അമ്മയെപ്പോഴും അവളുടെ പ്രായത്തിൽ കവിഞ്ഞ വളർച്ചയെ കുറിച്ച് ഭീതിയോടെ സംസാരിക്കുന്നതിൽ നിന്നും.. അരുണയുടെ വിവാഹമെന്ന ധ്വനി വേറിട്ടു നിൽക്കുമായിരുന്നു..
അവരുടെ ഭീതിക്കും, ആവലാതികൾക്കും മുന്നിൽ അരുണ എന്ന മെലിഞ്ഞുണങ്ങിയ പെൺക്കുട്ടി നിസ്സഹായയായിരുന്നു..
പെട്ടെന്നാണ് പിന്നിൽ നിന്നാരോ അവളുടെ തോളിൽ തൊട്ടത്.. – “ചേച്ചി…!”
“നീയ്യിവിടെ വന്നു നിൽക്കുകയായിരുന്നോ?”
“ദാ.. നിനക്കൊരു സാരി.. നാളെ ഇതുടുപ്പിച്ചു തരാം.. നിനക്കിത് നന്നായിചേരും..”
അവളുടെ താഴ്ന്ന മുഖത്തിൽ ചേച്ചിയുടെ വിരലുകൾ അവളുടെ താടി പിടിച്ചുയർത്തി…. നനഞ്ഞ കണ്ണുകളിൽ മാറി മാറി നോക്കി ചേച്ചി പതുക്കെ പറഞ്ഞു –
“മോളെ.. നീയിനി ഓരോന്നോർത്ത് വിഷമിക്കരുത്… കഴിഞ്ഞതൊക്കെ കഴിഞ്ഞു”
വേണമെങ്കിൽ ചേച്ചിയെ കെട്ടിപ്പിടിച്ച് ഒന്ന് കരഞ്ഞോ… പക്ഷെ ഈ കരച്ചിലോടെ നിന്റെ എല്ലാ സങ്കട ഓർമ്മകളും കഴുകി കളഞ്ഞു നീ ശുദ്ധമാകണം..”
“നാളെ തൊട്ട്… നീ…. ചിരിക്കാൻ മാത്രേ ശീലിക്കാവൂ..”
പെട്ടെന്നവൾ വിതുമ്പി കൊണ്ട്, ചേച്ചിയുടെ ചുമലിൽ കൈതാങ്ങി ആ നെഞ്ചിൽ തല വെച്ച് കുറേ കരഞ്ഞു..
മനസ്സിലെ സങ്കട കടൽ ഒഴുകി തീർന്ന പോലെ….
ആഴത്തിൽ വേരോടി, വേദനയോടെ തറച്ചു നിന്നൊരു മുള്ള് ഇളകിയടർന്നു വീണ പോലെ!
പിറ്റേ നാൾ….
അമ്മ അണിയിച്ച കുഴി മിന്നി മാലയും, ചേച്ചി ഉടുപ്പിച്ച.. കാശ്മീർ സിൽക്ക് സാരിയുമായി ഒരു പത്തൊൻപതുകാരി.. കടമെടുത്ത ചിരിയോടെ ആരുടെയൊക്കയോ. പരിചയമില്ലാത്ത കുറേ പേരുടെ മുന്നിൽ നിന്നു..
അവളേക്കാൾ പതിനാലു വയസ്സിന് അന്തരമുണ്ട് ചെറുക്കനെന്ന് ആരോ അടക്കം പറഞ്ഞപ്പോളും അവൾ നിസ്സംഗയായിരുന്നു….
ചെറുക്കനൊന്നും അക്കൂട്ടത്തിൽ ഇല്ലായിരുന്നത്രെ., കുറേ സ്ത്രീകളും, മുതിർന്ന കുറേ ആളുകളും. തീൻമേശക്ക് മുന്നിലിരുന്നവർ.. ചുമർ ചാരി വിഷണ്ണയായി നിൽക്കുന്ന അവളെ കൗതുകവസ്തുവിനെ പോലെനോക്കി.., ഒപ്പം
ഇഷ്ടത്തിന്, പ്ലേറ്റിലുള്ള പല വിധ പലഹാരങ്ങളുടെ രുചി പരീക്ഷിക്കുന്ന മത്സരം തുടർന്നു..
“അപ്പോൾ… ചെക്കൻ ഏപ്രിലിൽ എത്തും.. വന്നാലുടനെ വിവാഹം… അവന് ലീവ് കുറവാ…”
” എന്താ പ്രഭാകരാ…?” മുതിർന്ന ആരോ… മുറ്റത്തേക്ക് മുറുക്കി തുപ്പി കാര്യത്തിലേക്ക് കടന്നു..
കൂട്ടത്തിൽ മിന്നുന്ന ചൈനീസ് സാരി ചുറ്റിയ ഒരു സ്ത്രീ ബാഗിൽ നിന്നും ഒരു കവറെടുത്ത് അമ്മക്ക് നേരെ നീട്ടി പറഞ്ഞു… – ” ഇത് ചെറുക്കന്റെ ഫോട്ടോയാണ്…. ഇവിടത്തെ കുട്ടിയുടെ ഫോട്ടോ ഒന്ന് തരണം.. അവന് അയച്ചുകൊടുക്കാനാ….”
ചേച്ചിമാർ ആരോ പോയി കഴിഞ്ഞ ഓണത്തിനെടുത്ത സെറ്റ് മുണ്ട് ഉടുത്തു നിൽക്കുന്ന അവളുടെഒരു ഫോട്ടോ തപ്പിയെടുത്ത്കൊണ്ടുവന്ന് അവരെ ഏല്പിച്ചു…
അപ്പോൾ… വിവാഹവും തീരുമാനിക്കപ്പെട്ടു.. ഇനി ഏഴു മാസമുണ്ട്…. ഏപ്രിലാവാൻ…
വിവാഹം എന്നത് ഒരു വിധിയാണ്..
കാലചക്രങ്ങളിൽ.. സഞ്ചരിക്കുന്ന വർഷ വാഴ്ചകളിൽ യൗവ്വന യുക്തരാകുന്ന.സ്ത്രീകൾക്കും, പുരുഷൻമാർക്കും ഒരിണയെ തേടി കൊടുക്കുന്ന പ്രക്രിയ….
പരസ്പരം മനസ്സുകൊണ്ടും, ശരീരം കൊണ്ടും പങ്കിടലും, സമരസപ്പെടലുമായി….. മുന്നോട്ട് കൊണ്ടു പോകേണ്ട യാത്ര..
തെറ്റുകൾ തിരുത്തിയും, മായ്ച്ചെഴുതിയും ശരിയിലേക്കൊഴുകുന്ന ശക്തമായ ഒഴുക്കിൽ കാൽ വഴുതാതെ… സന്തതിപരമ്പരകൾക്ക് ജന്മം നൽകി… പൂർണ്ണയാകേണ്ട സപര്യ..
വിവാഹത്തിന് വേണ്ടുന്ന ഒരുക്കങ്ങൾ തുടങ്ങി.
വീട്ടിൽ പുതുപെയ്ന്റിന്റെയും, കുമ്മായത്തിന്റെയും മണം നിറഞ്ഞു.
പുത്തൻ തുണിത്തരങ്ങളും, കിടക്കവിരികളും കോടീമണം പരത്തി അകമുറികളെ പ്രസന്നമാക്കി. അമ്മയുടെ മുഖത്ത് എപ്പോഴും ചിരി നിറഞ്ഞു നിന്നു. വീട്ടുപരിസര ജോലിക്കാരുടെ തിരക്കിലൂടെ അച്ഛൻ ഓടി നടന്നു…
പിൻമുറ്റത്ത് ഉണങ്ങുന്ന പച്ച വിറകിന്റെ ക്ലാവു മണം അടുക്കള പരിസരത്തെ പൊതിഞ്ഞു നിന്നു.
നാളെയാണാ മുഹൂർത്തം!
വിരുന്നുക്കാരുടെ തിരക്കും, മുല്ല പൂവ്വിന്റെയും, ചന്ദന തിരിയുടേയും ഗന്ധം നിറഞ്ഞ കല്യാണവീട്… എല്ലാരുടെ മുഖത്തും ചിരിയുടെ അലകൾ ഓള മിട്ടൊഴുകി….
വിവാഹത്തിന്റെ മുഹൂർത്തത്തിന്റെ നേരത്താണ് അരുണ ആദ്യമായി വരനേയും, വരൻ ആദ്യമായി വധുവിനേയും കാണുന്നത്…..
ഒരു ചെറിയ കല്യാണം….. യാതൊരു ആർഭാടവുമില്ലാതെ, അഞ്ചാറ് ഓലകൊണ്ടിട്ട ഒരു പന്തലിൽ….. വളരെ കുറച്ചു പേരുടെ സാന്നിധ്യത്തിൽ…. അവൾ സുമംഗലിയായി!
ഒട്ടും പരിചിതരല്ലാത്ത രണ്ടു പേർ….
ആ പന്തലിൽ… പരസ്പരം നോക്കാൻ പോലും മടിച്ച് വലിഞ്ഞു മുറുകിയിരുന്നു…
വരന്റെ വീട് തെക്കായിരുന്നു….
അരുണയെ കൊണ്ടിരുത്തിയ മുകൾ മുറിയിൽ അവൾ അന്ന് ഒറ്റപ്പെട്ടിരുന്നു.
അവരുടെ വീടിന്റെ മുകൾ മുറിയുടെ ജനൽ വഴി… നോക്കി അന്ന് അവൾ വെറുതെയിരുന്നു.
അപരിചിതത്വത്തിന്റെ മൂടൽ പിടിച്ച പരിസരം. അതൊരു കിടപ്പുമുറിയായിരുന്നു… അല്ലെങ്കിൽ അവൾക്കായി ഒരുങ്ങിയ മണിയറ.
ചുമരോരം ഒതുക്കിയിട്ട ഒരു മേശയിൽ ഒരു പഴയ ടേബിൾഫാൻ വല്ലാത്ത ശബ്ദത്തോടെ, അവളേക്കാൾ പാരവശ്യത്തോടെ കറങ്ങി കൊണ്ടിരുന്നു…..
ആ കട്ടിലും, പുത്തൻ വിരിപ്പിട്ട കിടക്കയും… മേശമേൽ എഴുന്നേറ്റിരിക്കുന്ന ഒരു റേഡിയോവും…. ഇനി ഇവരായിരിക്കാം അവളുടെസന്തത സഹചാരികൾ… അവരെ അരുണ പരിചിതരാക്കേണ്ടിയിരിക്കുന്നു…
താഴെ……. വിരുന്നുക്കാരുടെ ബഹളവും, സദ്യയുടെ മണവും, പരന്നു നിറയുമ്പോൾ.. ജാലക തിരശ്ശീല നീക്കി അവൾ ദൂരേക്ക് നോക്കി.. അവിടെ… ആകെ പൂത്തൊരു കണിക്കൊന്നമരം!
അന്ന് അവൾ ആ കണ്ട കാഴ്ച….. അത് മാത്രമാണ് അരുണയെ അന്നവിടെ ആകെ സന്തോഷിപ്പിച്ചത്…
ചുമരിൽ ഉറപ്പിച്ച കണ്ണാടിയിൽ അവൾ ഒന്ന് നോക്കി….. സീമന്തരേഖയിൽ നിന്നും നെറ്റിയിലേക്ക് ഊർന്നു വീണു ചുവന്ന സിന്ദൂരം – സുമംഗലീ അടയാളം..
അവൾ നെഞ്ചിൽ ചേർന്നു കിടക്കുന്ന ഇത്തിരി പോന്ന താലിയെന്ന സ്വർണ്ണ തകിടിൽ വിരൽ കൊണ്ടു മെല്ലെ തടവി… അവളുടെ നെഞ്ചിലെ പൊള്ളലിൽ കിടന്നത് കൊണ്ടാവാം…. അതിനു വല്ലാത്ത പൊള്ളലായിരുന്നു!
ഭാര്യയെന്ന കടമയുടെ അടയാളപ്പെടുത്തലോടെ അവളിൽ ചുവന്നു കിടന്ന സിന്ധൂരവും, പൊള്ളിയമർന്നു കിടന്നതാലിയും
അരുണയെ………. ജീവിതയാത്രയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി……..
അവിടെ മഴയാണോ മഞ്ഞാണോ വസന്തമാണോ….. വേനലാണോ എന്നൊന്നുമറിയാത്ത അവളുടെ യാത്ര അവിടെ തുടങ്ങുകയായിരുന്നു….