പൊന്നളന്ന പൊക്കുവെയിലിൻ
തീരത്തിലൂടെ നമുക്കൊരിക്കൽ
കൂടിയാ ‘നെല്ലിക്കുന്ന് ‘ കയറണം…
കരിമ്പാറ ചൂര് മണക്കുന്ന
ചൂടടരുന്ന സായന്തനത്തിൽ
ഇന്നലകളുടെ അവശേഷിപ്പുകൾ
നുണയണം…!!
ഓർമ്മകളെ…. നിങ്ങളെന്തെയിങ്ങനെ …?
മിഴികളടച്ചിട്ടും കാഴ്ചയായി…!!
ഒരു മുറി ബീഡി കൊണ്ടന്തരീക്ഷത്തിൽ
ചിത്രം വരച്ചത്..!
ചുമച്ചു തുപ്പുമ്പോൾ പുറം തടവിയ
കൈവിരലുകളുടെ ഈർപ്പമറിഞ്ഞത്..!
പടിഞ്ഞാറോട്ട് പറക്കുന്ന
കൊക്കുകൾ നിന്റെതും
വവ്വാലുകൾ എന്റെതുമെന്നു പറഞ്ഞു
മത്സരിച്ചത്….!
താഴെ പുഴക്കരയിലെ
ദേവീ ക്ഷേത്രത്തിലെ ഭക്തിഗാനത്തിനൊപ്പം
ചുണ്ടുകൾ ചലിപ്പിച്ചത്….!
മഴ മായ്ക്കുമെന്നറിഞ്ഞിട്ടും
നിരന്ന പാറയിൽ പേരുകൾ
എഴുതി വെച്ചത്…
സൗഹൃദമേ….
നീയാണെന്റെയോർമ്മ….!!
നീ മാത്രമാകുന്നു
എന്റെയോർമ്മ.!!!
*നെല്ലിക്കുന്ന് : വീടിനടുത്തെ ഒരു കുന്ന്