തദ്ദേശ സ്വയംഭരണ തിര‍ഞ്ഞെടുപ്പ് സിപിഎമ്മിനെ പഠിപ്പിക്കുന്നത്

രണ്ടു പ്രധാന തിരഞ്ഞെടുപ്പുകൾക്കു നാം സാക്ഷിയായിരിക്കഴിഞ്ഞു. ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന്റെ ഫലവും അറിഞ്ഞു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിന്റെ ചൂണ്ടു പലകകളാണ് ഈ തിരഞ്ഞെടുപ്പുകൾ. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലമാണ് നാം ആദ്യം അറിഞ്ഞത്. മുൻ സ്പീക്ക‍ർ ജി.കാർത്തികേയൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ അരുവിക്കരയിൽ നടന്ന തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഭൂരിപക്ഷം നേടിയതിന്റെ ആത്മ വിശ്വാസവുമായിട്ടാണു ഭരണ കകഷിയായ യുഡിഎഫ് ഈ തിരഞ്ഞടുപ്പിനെ നേരിട്ടത്. തുടർച്ചയായ തിരഞ്ഞടുപ്പു തോൽവികളിൽ ആത്മ വിശ്വാസം നഷ്ടപ്പെട്ട എൽഡിഎഫിന് ഇത് സെമിഫൈനലൊന്നുമായിരുന്നില്ല. നിലനിൽപിന്റെ അവസാന യുദ്ധം തന്നെയായിരുന്നു. അതു മനസിലാക്കിയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇത് സംസ്ഥാന സർക്കാരിനുള്ള വെല്ലുവിളിയാണെന്നു പ്രഖ്യാപിക്കാൻ ധൈര്യം കാട്ടിയത്.

യുഡിഎഫിന്റെ ആവർത്തിച്ചുള്ള വിജയങ്ങൾക്കുമപ്പുറം എൽഡിഎഫിനു നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഒഴുക്കുവാൻ തയ്യാറെടുത്ത് എസ്എൻഡിപിയും അതിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശക്തമായി രംഗത്തു വന്നു. ഇത്തവണ അദ്ദേഹത്തിന്റെ തോളിലേറി ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിട്ടു. കേരളത്തിൽ ഒരു മൂന്നാം ബദലിനു വഴിതെളിക്കാനുള്ള നീക്കമാണിതെന്നും അവർ പ്രഖ്യാപിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പതിനാലു ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ തുല്യത നേടി. 941 പഞ്ചായത്തുകളിൽ 538 ഇടത്ത് എൽഡിഎഫ് അധികാരത്തിലേറി, യുഡിഎഫ് 313 ഇടത്തും ബിജെപി 12 ഇടത്തും, 91 ബ്ലോക്കു പഞ്ചായത്തുകളിൽ എൽഡിഎഫും 56 ഇടത്ത് യുഡിഎഫും കോർപറേഷനുകളിലും എൽഡിഎഫിനായി മേൽക്കൈ.

എസ്എൻഡിപിയുടെ പിന്തുണയുണ്ടായിട്ടും ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ഇടതു കോട്ടകളിൽ അവർക്കു കാര്യമായ ചലനമുണ്ടാക്കാനുമായില്ല. ബിജെപിക്കു നേട്ടമുണ്ടായിടത്ത് പരാജയം അനുഭവിച്ചത്. യുഡിഎഫ് ആണ്.അതായത് ബിജെപിക്ക് കേരളത്തിൽ സ്ഥിരമായ ഒരു വോട്ടു ബാങ്കുണ്ടാക്കാനായിട്ടില്ലെന്നാണിതു വ്യക്തമാക്കുന്നത്. കേന്ദ്രത്തിലെ അധികാരം കേരളത്തിലെ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ലെന്നതാണു സത്യം. ഇടതു വലതു മുന്നണികൾ അവരുടെ വിഭാഗീയതകളിൽ നിന്ന് ഉണ‍ർന്നാൽ അപ്രസക്തമാവുക ബിജെപിതന്നെയാണെന്ന വസ്തുതയും ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നുണ്ട്. അരുവിക്കര തിരഞ്ഞെടുപ്പ് നൽകിയ ആത്മ വിശ്വാസത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പിന്തുട‍‌ർന്ന ചില നയ വൈകല്യങ്ങൾക്കെതിരായ ചുവരെഴുത്തുകൂടിയാണ് ഈ തിരഞ്ഞെടുപ്പ്. അത് എൽഡിഎഫിനു നൽകിയ ആശ്വാസവും ആത്മ വിശ്വാസവും ചെറുതല്ല. എന്നാൽ അവസരത്തിനൊത്ത് ഉയരാൻ സിപിഎമ്മിനു കഴിയാത്തതു വെല്ലുവിളിതന്നെയാണ്.

മുഖ്യമന്ത്രി ആരെന്ന ചോദ്യം അവർ വീണ്ടും മുന്നോട്ടു വയ്ക്കുകയാണ്. മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്ന ധാരണയിലും കരി നിഴൽ വീണു. വി.എസ് അച്യുതാനന്ദനേ പാ‍ർട്ടിയെ നയിക്കാനാകൂവെന്ന വാദവും വിവാദവും ഇതിനിടയക്ക് ഉയ‌ർന്നു കേട്ടു. അതിനിടയിലാണ് മറ്റൊരു രഹസ്യ നീക്കമുണ്ടായത്. സിപിഎമ്മിനു പുറത്തു നിൽക്കുന്ന താത്വികാചാര്യൻ എം.പി. പരമേശ്വരൻ ഒരു വെടി പൊട്ടിച്ചു. വിഎസിനും പിണറായിക്കും ബദലായി മുൻ ധനമന്ത്രി കൂടിയായ ഡോ. ടി.എം.തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിക്കു താൻ കത്തെഴുതിയിരിക്കുകയാണെന്നാണ് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു അഭിമുഖ സംഭാഷണത്തിൽ പറഞ്ഞത്. ഇപ്പോഴും ശാസ്ത്രസാഹിത്യ പരിഷത്തുകാരനായി നിൽക്കുന്ന എം.പി. പരമേശ്വരൻ തോമസ് ഐസക്കിന്റെ അറിവും സമ്മതവുമില്ലാതെ ഇത്തരം ഒരു വെളിപ്പെടുത്തൽ നടത്തുകയില്ലെന്നു വിശ്വസിക്കുന്നവരുണ്ട്.

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവർ ആരൊക്കെയാണ് ഇത്തരം ചർച്ചകൾ സധാരണ പാർട്ടിക്കാരന്റെ ആത്മ വശ്വാസം നശിപ്പിക്കുകയില്ലേ തുടങ്ങിയ ചോദ്യങ്ങളും പ്രസക്തമാവുന്നു. ഈ തിരഞ്ഞെടുപ്പ് ഫലം നൽകിയ പ്രതീക്ഷകളിൽനിന്നു സിപിഎം പാഠം പഠിക്കുന്നില്ലെങ്കിൽ അതു കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലം ദൂര വ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്നതിൽ തർക്കമില്ല. സിപിഎമ്മിന് ഇനി ഒരു പുതിയ മുഖം വേണമെങ്കിൽ അതു ദലിത് വിഭാഗത്തിൽനിന്ന് ആവുകയാണ് അഭികാമ്യം. മുൻ സ്പീക്കർ കെ. രാധാകൃഷ്ണനെപ്പോലെയുള്ളവരെ മുന്നിൽ നിർത്തുന്നതു തടയാൻ ഇപ്പോഴും പുറത്തുനിന്നു നിയന്ത്രിക്കുന്ന ലോബി ശ്രമിച്ചാൽ അത് ആത്മഹത്യാപരമെന്നേ വിലയിരുത്താനാകൂ.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *