പനിക്കിടക്കയിലെ കൂട്ടിരുപ്പുകാരി

എന്നാണെന്ന് ഓര്‍മ്മയില്ല
അപരിചിതമായ ഒരു ഗ്രഹത്തില്‍
ഇടറിവീഴുന്ന
ഒരു മഴയെ ചുമന്നാണ്
അവനെന്റെ വീടിന്റെ
ഇറയത്ത്‌ എത്തിയത്…
വല്ലാതെ പനിച്ച്..
സ്വപ്നങ്ങളില്ലാതെ
തണുത്ത് വിറച്ച്..
തോറ്റ് തോറ്റുകിടുകിടുത്ത്…
കൂട് തകര്‍ത്ത്
വരിതെറ്റി
കഴുത്തിലും നെറ്റിയിലും
അലഞ്ഞുതിരിയുന്നു..
ചൂടിന്റെ ചോണനുറുമ്പുകൾ

പനിക്കിടക്കയില്‍
കൂട്ടിരുപ്പു കാരിയായി ഞാന്‍..

ഉമിനീര്‍ മണമുള്ള
ഉമ്മകള്‍ നനച്ച്നെറ്റിയില്‍ ഇട്ടു
ഇനിയും കവിതയാവാത്ത
ഒരു വാക്ക്നാവിലെ
കയ്പ്പില്‍അലിയിച്ചു.
പാതി വെന്തപ്രാണന്‍
ഊതിയാറ്റി
പാത്രത്തില്‍ വിളമ്പി.
ഭരണിയില്‍ അടച്ച
ഓര്‍മ്മകളുടെ ഉപ്പുലായനിയിലെ
അവസാന തുണ്ടും
അലിവോടെ നീട്ടി
പീളകെട്ടിയ മിഴിക്കടലില്‍
പകല്‍ അനാഥമാക്കിയ
ജലനക്ഷത്രത്തെ തേടി
ഉടൽചൂട് കുടിച്ചു
ഭൂമിയുടെ
മറുകരയിലേയ്ക്ക് തുഴഞ്ഞു

പിറ്റേന്ന് പനിവിട്ട്
അവൻ ജീവിതത്തിലേയ്ക്ക്
വിയർത്തു
പോകുന്നതിനു മുൻപ്
ഞാൻ ചെവിയിൽ പറഞ്ഞു
“വരും ജന്മങ്ങളിൽ
എനിക്ക് നിന്നേ
പ്രണയിക്കേണ്ട
പനിക്കിടക്കയിലെ
കൂട്ടിരുപ്പുകാരിയായാൽ മതി
നിന്നെ ജീവിതം നാറുന്നു
പനിയാണ്‌ സുഖം”

Check Also

അമ്പത്…. സാറ്റ്

കലാപഭൂമിയില്‍ ഒളിച്ചുകളിക്കാനിറങ്ങുന്ന കുരുന്നുകള്‍. വിവിധദേശങ്ങള്‍തന്‍ അതിരുകളിലെന്നാലും ഓരേവികാരത്തിന്‍ മുഖപടമണിഞ്ഞവര്‍. സിറിയ, അഫ്ഗാന്‍, ഇറാഖ്,കാശ്മീര്‍.. പിന്നെയും പകപുകയുന്ന പലമണ്ണില്‍ നിന്നവര്‍, പകച്ച …

Leave a Reply

Your email address will not be published. Required fields are marked *